ന്യൂദല്‍ഹി: 2024-25ലും ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടനയായി ഇന്ത്യ തുടരുമെന്ന് യുഎസ് വ്യാപാര വികസനസമിതി (യുഎന്‍ ട്രേഡ് ആന്റ് ഡെവലപ് മെന്റ് -യുഎന്‍സിടിഎഡി). ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ ഉല്പാദനപ്രക്രിയ ഇന്ത്യയിലേക്ക് കൂടി നീട്ടുകയും അവരുടെ വിതരണശൃംഖലകള്‍ ഇന്ത്യയുടെ കയറ്റുമതിക്ക് മുതല്‍ക്കൂട്ടാകുമെന്നും യുഎന്‍സിടിഎഡി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിള്‍, ടെസ് ല, വിയറ്റ് നാമിലെ വിന്‍ഫാസ്റ്റ്, ഗൂഗിള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
2023-24ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായിരുന്നു. 2024-25ല്‍ അത് 6.5 ശതമാനമായി മാറും. ആഗോള തലത്തില്‍ പശ്ചിമേഷ്യയില്‍ ഉള്‍പ്പെടെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യ ഈ വളര്‍ച്ച നേടുമെന്നും പറയുന്നു. “2023-24ല്‍ അടിസ്ഥാനസൗകര്യമേഖലകളില്‍ ഉള്‍പ്പെടെ ശക്തമായ സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. സേവനകയറ്റുമതിയും കുതിപ്പിലായിരുന്നു. പ്രാദേശികമായ സേവനങ്ങള്‍ക്കുള്ള ഉപഭോക്താക്കളുടെ ഡിമാന്റ് കൂടുതലായിരുന്നു. അതുപോലെ വിദശത്തേക്കുള്ള സേവന കയറ്റുമതിയും കൂടുതലായിരുന്നു. ഈ പ്രവണതകളെല്ലാം 2024-25ലും തുടരും.” – റിപ്പോര്‍ട്ട് പറയുന്നു.
“സുസ്ഥിര വികസനത്തിന് 2024ലെ ധനനിക്ഷേപം:വികസനത്തിനുള്ള ധനനിക്ഷേപം വഴിത്തിരിവില്‍” – എന്ന റിപ്പോര്‍ട്ടില്‍ തെക്കന്‍ ഏഷ്യയില്‍ പ്രത്യേകിച്ച ഇന്ത്യയില്‍ ഈ വര്‍ഷവും വന്‍തോതില്‍ വിദേശ നിക്ഷേപമെത്തുമെന്ന് പ്രവചിക്കുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ ചൈനയ്ക്ക് പുറമെ ഇന്ത്യയെക്കൂടി അവരുടെ ഉല്പാദന പ്രക്രിയയുടെ ഭാഗമാക്കുകയും അവരുടെ വിതരണ ശൃംഖലകള്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തി വൈവിധ്യാവല്ക്കരിക്കുകയും ചെയ്യുക എന്നത് 2024-25ല്‍ അധികമാവുമെന്നും റിപ്പോര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെ വികസനത്തിനുള്ള നിക്ഷേപം ഇനിയും തുടരുമെന്നും റിപ്പോര്‍ട്ടില്‍ പ്രതീക്ഷയുണ്ട്.
പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഐഎംഎഫിന്റെ സാമ്പത്തിക സഹായങ്ങളില്‍ മുന്നോട്ട് പോവുകയാണ്. അവിടെ കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങളുണ്ടാകുന്നത് അവിടുത്തെ ദരിദ്രരെ കൂടുതലായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: