തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് ചാലക ശക്തിയായി പ്രവര്‍ത്തിച്ചവരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്. ‘കടന്നലുകള്‍’ എന്ന ആക്ഷേപം കേട്ടപ്പോഴും അധിക്ഷേപിക്കപ്പെട്ടപ്പോഴും രാഷ്ട്രീയബോധത്തോടെ ഇടതുപക്ഷമാണ് ശരി എന്ന് വിളിച്ചുപറയാന്‍ കേരളീയര്‍ തയാറായി. ശക്തമായ പ്രതിരോധം തീര്‍ക്കുന്ന ബദല്‍ മാധ്യമങ്ങള്‍ക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവരുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള മുന്‍കൈയാണ് ഇടതുപക്ഷത്തിന്റെ ശബ്ദം ജനങ്ങളിലേക്കെത്തിക്കുന്നത്. നുണ പ്രചാരണങ്ങളെ തുറന്നു കാട്ടാനും മാധ്യമങ്ങള്‍ തമസ്കരിക്കുന്ന വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ശരിയായ രാഷ്ടീയ ചര്‍ച്ചകള്‍ നടത്താനും നിശിതമായ മാധ്യമ വിമര്‍ശനത്തിനും ഉള്ള വേദിയായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. മാധ്യമ മേഖലയില്‍ തന്നെ ഉള്ളവരും അല്ലാത്തവരുമായ വ്യക്തികള്‍, കൂട്ടായ്മകള്‍, പ്രത്യക്ഷത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്ക്കാത്തവര് എന്നിവരടക്കം വലിയൊരു സമൂഹമാണ് ഇങ്ങനെ ശരിയായ പ്രതികരണവുമായി സാമൂഹ്യ മാധ്യമങ്ങളില്‍ അണിനിരക്കുന്നത്.
ഏതു മാധ്യമ കുത്തകയെയും സംഘടിത പ്രചാരണങ്ങളെയും തടഞ്ഞു നിര്‍ത്തി ജനമനസ്സുകളിലേക്ക് നേരിന്റെ വെളിച്ചം എത്തിക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ അന്തഃസത്തയെ സംരക്ഷിക്കുക എന്ന ചരിത്ര ദൗത്യമാണ് നിറവേറ്റപ്പെടുന്നത്. ആ പടയണിയില്‍ അണിചേര്‍ന്ന് കൂടുതല്‍ ജാഗ്രതയോടെ ബദല്‍ മാധ്യമ സംസ്കാരം ശക്തിപ്പെടുത്തുന്ന പ്രക്രിയയില്‍ പങ്കാളികളാകണം. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ മുന്നോട്ടുവരുന്ന എല്ലാ വ്യക്തികളെയും കൂട്ടായ്മകളെയും അഭിവാദ്യം ചെയ്യുന്നു. പിണറായി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: