സി.കെ.ആനന്ദപിള്ള
സി. രാധാകൃഷ്ണന് സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ഉപേക്ഷിച്ചതായി ഏപ്രില്‍ രണ്ടിന് ഒരു പത്രത്തില്‍ വാര്‍ത്തയും അഭിമുഖവും ചേര്‍ത്തു കണ്ടു. രാധാകൃഷ്ണന് പറഞ്ഞത് പച്ചക്കള്ളവും അവസരവാദവുമാണ്. അദ്ദേഹം രാജിവച്ചത് ജനറല്‍ കൗണ്‍സില്‍ അംഗത്വമാണ്. അതിന് ഒരു കാരണം കാത്തിരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ഒരു വോട്ടിന് രാധാകൃഷ്ണന് പരാജയപ്പെട്ടിരുന്നുവല്ലോ. മലയാളിയായ മറ്റൊരെഴുത്തുകാരന് കാലുവാരിയതാണ് പരാജയ കാരണമായി പരക്കെ പറയപ്പെടുന്നത്.
അക്കാദമി നടത്തിയ സാഹിത്യ സമ്മേളനം ഒരു കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തതാണത്രേ രാധാകൃഷ്ണനെ പ്രകോപിപ്പിച്ചത്. മന്ത്രി പ്രശസ്തനായ ഒരെഴുത്തുകാരന് കൂടിയാണെന്നത് പക്ഷേ രാജിക്കാരന് ഓര്‍ത്തില്ല. മാത്രമല്ല, ഇങ്ങു കേരള സാഹിത്യ അക്കാദമയില്‍ ഈയിടെ നടന്ന സാര്‍വദേശീയ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് കേരളാ മുഖ്യമന്ത്രിയാണെന്നത് മറന്നുപോയി. ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ മറ്റു പല മന്ത്രിമാരും പങ്കെടുക്കുകയും ചെയ്തു. എന്നിട്ട് എന്തേ രാഷ്ട്രീയ അതിപ്രസരത്തില്‍ മനംനൊന്ത് അദ്ദേഹം അക്കാദമിയുടെ വിശിഷ്ടാംഗത്വം വലിച്ചെറിഞ്ഞില്ല.
1985 ല്‍ രാഷ്ട്രീയ ഇടപെടല്‍ സാധ്യമാകുംവിധം അക്കാദമിയുടെ ഭരണഘടന തന്നെ മാറ്റിയെഴുതിയപ്പോള്‍ അതിനെതിരെ എന്തേ ഒരക്ഷരം ഉരിയാടിയില്ല? കേരള സാഹിത്യ അക്കാദമിയിലാണ് യഥാര്‍ത്ഥത്തില്‍ ശരിയായ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നത്.
രാധാകൃഷ്ണനെപ്പോലുള്ള എഴുത്തുകാര്‍ കാര്യങ്ങള്‍ കണ്ണുതുറന്നു കാണണം. സ്വതന്ത്രമായ നിലപാടു സ്വീകരിക്കണം. ഇരട്ടത്താപ്പ് ഉപേക്ഷിക്കണം. വെറും സച്ചിദാനന്ദനാകരുത്.
വാര്‍ത്തയും അഭിമുഖവും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തിരുത്തണം.
(സാഹിത്യ വിമര്‍ശം മാസികയുടെ മുഖ്യപത്രാധിപരാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: