തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് 100 ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാര് നടപടി സ്വീകരിച്ചിരുന്നു.
74 സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. 49 ഡ്രൈവര്‍മാരും പരിശോധനയില്‍ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് വിവിധ യൂണിറ്റുകളില്‍ പരിശോധന നടന്നത്.
ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: