തമിഴ്നാട്ടിലെ ഗ്രാന്റ് മാസ്റ്ററായ 17കാരന് ഗുകേഷ് ചെസിലെ വിഖ്യാതടൂര്ണ്ണമെന്റായ കാന്‍ഡിഡേറ്റ്സില്‍ കിരീടത്തിനരികെ. 13ാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അപകടകാരിയായ കളിക്കാരന് അലിറെസ് ഫിറൂസ് ജ തോല്പിച്ചതോടെ ഇപ്പോള്‍ എട്ടര പോയിന്റോടെ ഗുകേഷ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഇനി ഒരു കളികൂടി ബാക്കിയുണ്ട്.
തൊട്ടുപിന്നില്‍ അര പോയിന്റ് വ്യത്യാസത്തില്‍ മൂന്ന് പേരുണ്ട്- റഷ്യയുടെ ഇയാന്‍ നെപോമ് നിഷി, യുഎസ് താരങ്ങളായ ഹികാരു നകാമുറ ഫാബിയോനോ കരുവാന എന്നിവര്‍. അവസാന റൗണ്ടില്‍ യുഎസിന്റെ ഹികാരു നകാമുറയുമായുള്ള ഗുകേഷിന്റെ പോരാട്ടം നിര്‍ണ്ണായകമാണ്. ഇതില്‍ നകാമുറയ്ക്ക് വെള്ളക്കരുവും ഗുകേഷിന് കറുത്ത കരുക്കളുമാണ്. ഈ ഒരു മുന്‍തൂക്കം നകാമുറയ്ക്കുണ്ട്. ഇതില്‍ ജയിച്ചാല്‍ ഒമ്പതര പോയിന്റോടെ ഗുകേഷിന് കിരീടമണിയാം. സമനിലയായാല്‍, 9 പോയിന്റാവും. 14ാം റൗണ്ടിലെ മറ്റൊരു മത്സരം ഫാബിയാനോ കരുവാനയും ഇയാന്‍ നെപോമ് നിഷിയും തമ്മിലാണ്. ഇതില്‍ ഒരാള്‍ ജയിച്ചാല്‍ അവര്‍ക്കും 9 പോയിന്റാകും. അതോടെ ടൈബ്രേക്ക് മത്സരം വേണ്ടിവരും. അതിലെ വിജയിക്ക് മാത്രമേ കിരീടമണിയാന്‍ കഴിയൂ. പ്രജ്ഞാനന്ദയെ തോല്പിച്ച ഫാബിയാനോ കരുവാന അപാരഫോമിലാണ്.
അലിറെസ ഫിറൂഷയുമായുള്ള മത്സരം കടുത്തതായിരുന്നു. ഇറ്റാലിയന്‍ ഓപ്പണിംഗിലാണ് ഇരുവരും കളിച്ചത്. തുടക്കത്തില്‍ അലിറെസയ്ക്ക് മുന്‍തൂക്കം ഉണ്ടായിരുന്നു. കളിയുടെ മധ്യഘട്ടത്തില്‍ അലിറെസ സമനില ചോദിച്ചെങ്കിലും ഗുകേഷ് വഴങ്ങിയില്ല. ഒടുവില്‍ അവാസനഘട്ടത്തില്‍ മികച്ച നീക്കങ്ങളിലൂടെ ഗുകേഷ് ജയിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ അലിറെസ ചില പിഴവുകളും വരുത്തിയതായി ഗുകേഷ് കളിക്ക് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കളിയുടെ ഇടയില്‍ ഒരു ഘട്ടത്തില്‍ ഗുകേഷ് ടൈം ട്രബിള്‍ വരുത്തിയെങ്കിലും അതില്‍ നിന്ന് ചില നീക്കങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് പുറത്തുകടന്നു. ഈ കളിക്ക് മുന്‍പും നടത്തിയ യോഗയും ശാരീരിക വ്യായാമങ്ങളും തന്നെ തുണച്ചുവെന്നും ഗുകേഷ് പറയുന്നു. യോഗ മാനസികമായ ശാന്തതയ്ക്ക് ഏറെ ഉപകരിക്കുന്നുവെന്നും മറ്റ് ശാരീരികാധ്വാനം വേണ്ടിവരുന്ന ചില ഗെയിമുകളും വ്യായാമവും ശാരീരികമായി ഫിറ്റാകാന്‍ ഉപകരിച്ചെന്നും ഗുകേഷ് പറഞ്ഞു.
എന്തായാലും ഗുകേഷ് ജയിച്ചാല്‍ അത് കാന്‍ഡിഡേറ്റ്സില്‍ പുതിയ ചരിത്രമാകും. കാന്‍ഡിഡേറ്റ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന നേട്ടം ഗുകേഷിന് സ്വന്തമാകും. ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താന്‍ ഫിഡെ (അന്താരാഷ്ട്ര ചെസ് ഫെഡറേഷന്) നടത്തുന്ന ടൂര്‍ണ്ണമെന്റാണ് ഇത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ചെസ് ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന എട്ട് ഗ്രാന്റ് മാസ്റ്റര്‍മാര്‍ വീതമാണ് പുരുഷ, വനിതാ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിലെ വിജയിയാണ് ഇപ്പോഴത്തെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനുമായി ലോക ചെസ് കിരീടത്തിന് ഏറ്റുമുട്ടുക എന്ന പ്രത്യേകത കൂടിയുണ്ട്. കാന്‍ഡിഡേറ്റ്സില്‍ കളിക്കാന്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയാണ് 17 വയസ്സായ ഗുകേഷ്. അമേരിക്കയുടെ ബോബി ഫിഷര്‍, നോര്‍വ്വെയുടെ മാഗ്നസ് കാള്സന് എന്നിവരായിരുന്നു കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ഗുകേഷിനേക്കാള്‍ പ്രായം കുറഞ്ഞ കളിക്കാര്‍.
ഫാബിയാനോ കരുവാനയോട് ഇന്ത്യയുടെ പ്രജ്ഞാനന്ദ 13ാം റൗണ്ടില്‍ തോല്‍വി ഏറ്റുവാങ്ങി. ഇതോടെയാണ് ഫാബിയാനോ കരുവാന 8 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തായി. ഹികാരു നകാമുറയും ഇയാന്‍ നെപോമ് നിഷിയും തമ്മിലുള്ള 13ാം റൗണ്ടിലെ പോരാട്ടം സമനിലയില്‍ കലാശിച്ചതോടെ ഇരുവരും എട്ടു പോയിന്റ് വീതം രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയുടെ വിദിത് ഗുജറാത്തിയും അസര്‍ബൈജാന്റെ നിജാത് അബസൊവും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: