ന്യൂയോര്‍ക്ക്: കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഭാരതം വലിയ വളര്‍ച്ചയാണ് നേടിയതെന്ന് സിഎന്‍എന്നിന്റെ പ്രത്യേക റിപ്പോര്‍ട്ട്. ഭാരതത്തിന് സൂപ്പര്‍ ശക്തിയാകാന്‍ കഴിയുമോയെന്ന തലക്കെട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ നേട്ടങ്ങള്‍ നിരത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ നിന്ന്,
രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ നയിക്കാന്‍ അഞ്ചു വര്‍ഷം കൂടി നരേന്ദ്ര മോദിക്ക് നല്‍കുമെന്ന പ്രതീക്ഷയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങള്‍ വോട്ടിട്ടു തുടങ്ങി. നിക്ഷേപര്‍ക്കും ഉപഭോക്തൃ ബ്രാന്‍ഡുകള്‍ക്കും വലിയ റിസ്കില്ലാത്ത വളര്‍ച്ചക്ക് ഉതകുന്ന, ചൈനയ്ക്കുള്ള യഥാര്‍ഥ ബദല്‍ തന്നെയാണ്, മോദിയുടെ നേതൃത്വത്തില്‍ 21 ാം നൂറ്റാണ്ടിലെ വന്‍ സാമ്പത്തിക ശക്തിയാകാന്‍ ഒരുങ്ങുന്ന ഭാരതം. ചൈനയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍, ലോകത്തെ വന്‍ സാമ്പത്തിക ശക്തികളുമായി ഭാരതത്തിന് ആരോഗ്യകരമായ ബന്ധമാണുള്ളത്. രാജ്യത്ത് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ഭാരതം വലിയ കമ്പനികളെ പാട്ടിലാക്കി വരികയുമാണ്.
2014ല്‍ മോദി അധികാരത്തില്‍ വന്ന ശേഷം 2023 ഓടെ ഭാരതം 3.7 ട്രില്യണിന്റെ സമ്പദ്വ്യവസ്ഥയായി. ഭാരതം ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. 2014നും 2023നും ഇടയ്ക്ക് ഭാരതത്തിന്റെ ആളോഹരി ജിഡിപി (മൊത്തം ആഭ്യന്തര ഉല്പാദനം) 55 ശതമാനമാണ് വളര്‍ന്നത്. മറ്റു പ്രധാന സമ്പദ്വ്യവസ്ഥകളുമായി താരതമ്യം ചെയ്താല്‍ ജിഡിപിയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായ രാജ്യമാണ് ഭാരതം. 2014നും 23നും ഇടയ്ക്ക് യുഎസ് ജിഡിപി 54 ശതമാനവും ചൈനയുടേത് 68 ശതമാനവും വളര്‍ന്നപ്പോള്‍ ഭാരതത്തിന്റേത് 83 ശതമാനമാണ് വളര്‍ന്നത്. ജര്‍മ്മനി 14, ജപ്പാന് മൈനസ് 14, ബ്രിട്ടന് 9 ശതമാനം, ഫ്രാന്‍സ് 7, ഇറ്റലി ഒരു ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച.
വരും വര്‍ഷങ്ങൡ വാഷിക ജിഡിപി കുറഞ്ഞത് ആറു ശതമാനമെങ്കിലും വളരുമെന്നാണ് കരുതപ്പെടുന്നത്. സൂപ്പര്‍ പവര്‍ ആകാന്‍ ഭാരതം എട്ടു ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 2027 ല്‍ ഭാരതം യുഎസിനും ചൈനയ്ക്കും പിന്നില്‍, മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പ്രവചിക്കുന്നത്. ആളോഹരി ജിഡിപി വര്‍ദ്ധിപ്പിച്ചാല്‍ ഇത് നേടാനാകും.
കോടികള്‍ ചെലവിട്ട് മുന്‍പ് ചൈന ചെയ്തതുപോലെ ഭാരതം റോഡ്, പാലം, റെയില്‍വേ, വിമാനത്താവളങ്ങള്‍, എന്നീ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ പരിവര്‍ത്തനം കൊണ്ടുവരികയാണ്. ഭാരതത്തിലെ സ്വകാര്യ നിക്ഷേപകര്‍ ലോകത്തെ ഏറ്റവും വലിയ ഹരിതോര്‍ജ്ജ പഌന്റ് നിര്‍മിക്കുന്നു. സാമ്പത്തിക വികസനം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ മാ്രതം ഈ ബജറ്റില്‍ ഭാരതം 134 ബില്യന്‍ ഡോളറാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിന്റെ ഫലം കാണാനുമുണ്ട്. അതിവേഗമാണ് അടിസ്ഥാനസൗകര്യ നിര്‍മാണങ്ങള്‍ അവിടെ നടക്കുന്നത്. 55,000 കി.മി. ദേശീയ പാതയാണ് പത്തു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത്. മൊത്തമുള്ള ദേശീയപാതകളുടെ നീളത്തില്‍ 60 ശതമാനം വര്‍ദ്ധന.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യത്തിലും വലിയ വികസനം ഉണ്ടായി. ഉദാഹരണം ആധാര്‍. ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റയാണ് ഇന്ന് ഭാരതത്തിനുള്ളത്. ഇതുവഴി അഴിമതി കുറയ്ക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളില്‍ എത്തിക്കാനും സര്‍ക്കാരിന് സാധിച്ചു. യുപിഎ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ വ്യാപകമായി. സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവര്‍, കാപ്പിക്കടക്കാര്‍ മുതല്‍ യാചകര്‍ വരെ ക്യൂ ആര് കോഡുപയോഗിച്ചും സ്കാന്‍ ചെയ്തും സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തുടങ്ങി. ഇതുവഴി ഒൗദ്യോഗിക സമ്പദ്വ്യവസ്ഥയിലേക്ക് കോടാനുകോടികള്‍ ഒഴുകാന്‍ തുടങ്ങി. പഴയ രീതിയില്‍ ആയിരുന്നുവെങ്കില്‍ 47 വര്‍ഷം എടുക്കുമായിരുന്നതാണ് എട്ടു വര്‍ഷം കൊണ്ട് സാധിച്ചതെന്ന് മോദി പറഞ്ഞതും ലേഖനത്തില്‍ എടുത്തുപറയുന്നു.
ഭാരതത്തിന്റെ വളര്‍ച്ച ഓഹരി വിപണിയിലും ദൃശ്യമാണ്. ഓഹരി വിപണിയില്‍ റിക്കാര്‍ഡുകളാണ് ഉണ്ടാകുന്നത്. എക്സ്ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ മൂല്യം കഴിഞ്ഞ വര്‍ഷം നാലു ട്രില്യന്‍ ഡോളറായി. ഇന്ന് ഭാരതം ലോകത്തെ ഏറ്റവും വലിയ ആറാമത്തെ ഓഹരി വിപണിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള ഓഹരി വിപണിയാണ് ഇപ്പോള്‍ ഭാരതത്തിലേത്.
വന്‍കിട കമ്പനികള്‍ ഭാരതത്തിലേക്ക് വരികയാണ്. ആപ്പിളും ഫോക്സ്കോണും അടക്കമുള്ള കമ്പനികള്‍ ഭാരതത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. എലോണ്‍ മസ്കിന്റെ ടെസ്ലയും ഭാരതത്തിലേക്ക് വരുന്നു. 2023 ല്‍ ലോകത്തുണ്ടാക്കിയ ഐഫോണുകളുടെ 11 ശതമാനവും നിര്‍മിച്ചത് ഭാരതത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: