ആലുവ : എറണാകുളം റൂറൽ ജില്ലയിൽ ഒരു മാസമായി നടന്നു വരുന്ന സ്പെഷൽ ഡ്രൈവിൽ അനധികൃത മദ്യവിൽപ്പനയും, പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതുമായി ബന്ധപ്പെട്ട് 1213 കേസുകൾ രജിസ്റ്റർ ചെയ്തു.
പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ മാത്രം 94 കേസുകളുണ്ട്. പറവൂരിൽ 69, കൂത്താട്ടുകളും 63 വീതവും കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 282കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുന്നത്തുനാട് 28, പെരുമ്പാവൂർ 24, മൂവാറ്റുപുഴ 22 വീതം കേസുകളെടുത്തു.
നിരന്തര കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ 401 പേരെ കണ്ടെത്തി അവർക്ക് നല്ല നടപ്പ് ജാമ്യം നൽകുന്നതിനുള്ള റിപ്പോർട്ട് ബന്ധപ്പെട്ട കോടതിക്ക് നൽകി. ജാമ്യം ലഭിക്കുന്നവർ വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ അവർക്കെതിരെ കാപ്പ പോലുള്ള നിയമ നടപടി സ്വീകരിക്കും.
മോഷണം പോലുള്ള കേസുകളിൽ പ്രതിയായിട്ടുള്ള 53 പേർക്കെതിരെ കുറ്റകൃത്യങ്ങളിൽ വീണ്ടും ഇടപെടാതിരിക്കാൻ ബോണ്ട് വയ്‌ക്കുന്നതിന് റിപ്പോർട്ട് നൽകി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വിചാരണക്കിടയിലോ, കോടതിയിൽ നിന്ന് ജാമ്യമെടുത്ത ശേഷമോ ഒളിവിൽപ്പോയ 2695 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പെരുമ്പാവൂർ 482പേരെയും, മൂവാറ്റുപുഴ 260 പേരെയും ആണ് പിടികൂടിയത്. ദീർഘനാളായി ഒളിവിലായിരുന്ന 127 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 34 സ്റ്റേഷൻ പരിധികളിലും പരിശോധന നടക്കുകയാണ്. വരും ദിവസങ്ങളിലും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: