ഇടുക്കി: നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശിനി ഷീബ ദിലീപ് ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ബാങ്ക് വായ്പ തിരിച്ചടക്കാതായതോടെയാണ് ഇവരുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയായത്.
ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ഷീബയ്ക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഒപ്പം ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സിവില്‍ പൊലീസുദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു. മൂന്ന് പേരെയും ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഷീബയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
നെടുങ്കണ്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബിനോയ്ക്കും വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ അമ്പിളിക്കുമാണ് ഷീബയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ പൊള്ളലേറ്റിട്ടുള്ളത്. ഇവര്‍ ചികിത്സയിലാണ്.
ആശാരിക്കണ്ടത്ത് പതിനഞ്ച് സെന്റ് സ്ഥലവും വീടും ഷീബയും ഭര്‍ത്താവ് ദിലീപും 2019ലാണ് വാങ്ങിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ പതിനഞ്ച് ലക്ഷം രൂപ വായ്പ നിലനിര്‍ത്തിയാണ് ഇത് വാങ്ങിയത്. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ കുടിശിക 36 ലക്ഷമായി.
ഇതോടെ ബാങ്ക് ജപ്തി നടപടിക്കായി തൊടുപുഴ കോടതിയിലെത്തി. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ജപ്തി ചെയ്യാനെത്തിയെങ്കിലും പൊതു പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജപ്തി മാറ്റിയിരുന്നു. രണ്ടാമത് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ഷീബ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: