തമിഴ്നാട്ടില്‍ നിന്നുള്ള ഗ്രാന്റ് മാസ്റ്റര്‍ മാരായ ചേച്ചി വൈശാലിയും അനുജന് പ്രജ്ഞാനന്ദയും ലോക പ്രശസ്തമായ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ വലിയൊരു റെക്കോഡ് കുറിച്ചിരിക്കുകയാണ്. ചെസ്സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സഹോദരങ്ങള്‍ കാന്‍ഡിഡേറ്റ്സില്‍ ഒരേ സമയം കളിക്കാന്‍ യോഗ്യത നേടുന്നത്. ചേച്ചിയും അനുജനും ഗ്രാന്റ് മാസ്റ്റര്‍ പദവി നേടി എന്നതും ലോക ചെസ് ചരിത്രത്തില്‍ ആദ്യം.
കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റിലേക്ക് പ്രജ്ഞാനന്ദയ്ക്ക് വഴി തെളിച്ചത് ലോക് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നേടിയ രണ്ടാം സ്ഥാനമാണ്. ഫൈനലില്‍ മാഗ്നസ് കാള്‍സനോട് (2.5-1.5 ) പൊരുതിത്തോല്‍ക്കുകയായിരുന്നു പ്രജ്ഞാനന്ദ. ലോക ചെസിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ യോഗ്യത നേടുക.കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റിലെ നിയമാവലികളോട് യോജിപ്പില്ലെന്നതിനാല്‍ മാഗ്നസ് കാള്സണ് വിട്ടുനിന്നു. പ്രജ്ഞാനന്ദ, ഡി.ഗുകേഷ്, ഇയാന്‍ നെപോമ് നിഷി, ഫാബിയാനോ കരുവാന, ഹികാരു നകാമുറ, അലിറെസ് ഫിറൂസ് ജ , നിജാത് അബസൊവ് എന്നീ ഗ്രാന്റ് മാസ്റ്റര്‍മാര്‍ എത്തിയത്.
. അതുപോലെ വൈശാലി ഗ്രാന്റ് സ്വിസ് വനിതാ ചെസില്‍ ചാമ്പ്യനായാണ് കാന്‍ഡിഡേറ്റ്സിലേക്ക് പ്രവേശനം നേടിയത്. 2023ലെ ഗ്രാന്റ് സ്വിസില്‍ ലോക ചെസ് ചാമ്പ്യന്മാരായ ചൈനയുടെ ടാന്‍ സോംഗിയെയും റഷ്യയുടെ അന്ന മ്യുസിചുകിനെയും വൈശാലി തോല്പിച്ചിരുന്നു. അങ്ങിനെ പ്രജ്ഞാനന്ദയും വൈശാലിയും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ യോഗ്യത നേടിയ ലോകത്തിലെ ആദ്യ ചേച്ചിയും അനുജനും ആയി മാറി.
ഒരു സാധാരണ ബാങ്ക് ക്ലാര്‍ക്കിന്റെ മക്കള്‍
തമിഴ്നാട് സഹകരണബാങ്കില്‍ ഇപ്പോള്‍ ബ്രാഞ്ച് മാനേജരായ രമേഷ്ബാബു എന്ന സാധാരണ ബാങ്ക് ഉദ്യോഗസ്ഥന്റെ രണ്ട് മക്കള്‍- പ്രജ്ഞാനന്ദയും വൈശാലിയും. മക്കളില്‍ ചെസിനോട് ഇത്രയ്ക്കും അഭിനിവേശം അവരില്‍ ഉണര്‍ന്നതും വളര്‍ന്നതും അച്ഛന് വഴിയാണ്. നല്ലൊരു ചെസ് കളിക്കാരനായ രമേഷ് ബാബു ആദ്യം വൈശാലിയെ ചെസ് പഠിപ്പിച്ചു. മകളുടെ ചെസിലുള്ള പ്രാവീണ്യം ബോധ്യമായപ്പോള്‍ ഏഴാം വയസ്സില്‍ അവളെ ചെസ് കോച്ചിംഗിന് വിട്ടു. മകളുടെ ശ്രദ്ധ ടെലിവിഷനില്‍ നിന്നും മാറിക്കോട്ടെ എന്ന് കരുതിക്കൂടിയാണ് ഇത് ചെയ്തത്. കോച്ചിംഗിന് പോയ ശേഷം മകള്‍ കൂടുതല്‍ നേരം വീട്ടില്‍ തന്നെ ചെസ് ബോര്‍ഡില്‍ ചെലവഴിക്കുന്നതാണ് കണ്ടത്.
അനുജനെ കരുക്കന്‍ നീക്കാന്‍ പഠിപ്പിച്ച ചേച്ചി
കളിയുടെ ആഴങ്ങള്‍ തേടി വൈശാലി പോകുമ്പോള്‍ അത് സസൂക്ഷ്മം നിരീക്ഷിച്ച് അവളുടെ നാല് വയസ്സുകാരന് അനുജനും അതിനോട് താല്പര്യമായി. അങ്ങിനെ വൈശാലി പ്രജ്ഞാനന്ദയെയും ചെസ് പഠിപ്പിച്ചു. പിന്നീട് വൈശാലി സംസ്ഥാന-ദേശീയ ചെസ് മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. പക്ഷെ അനുജന് ചേച്ചിയെ വെട്ടിച്ച് ദ്രുതഗതിയില്‍ ഉയരങ്ങള്‍ കീഴടക്കി. തന്റെ 12ാം വയസ്സില്‍ പ്രജ്ഞാനന്ദ ചെസില്‍ ഗ്രാന്റ് മാസ്റ്ററായി. കൃത്യമായി പറഞ്ഞാല്‍ 12 വയസ്സും പത്ത് മാസവും 13ദിവസവും ഉള്ളപ്പോഴാണ് ഗ്രാന്റ് മാസ്റ്റര്‍ പട്ടം കിട്ടിയത്. മാസവും ദിനങ്ങളും പ്രധാനമാണ്. കാരണം ഗുകേഷ് പ്രജ്ഞാനന്ദയേക്കാള്‍ നേരത്തെ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ താരമാണ്. 12 വയസ്സും ഏഴ് മാസവും 17 ദിവസവും ഉള്ളപ്പോള്‍ ഗുകേഷിന് ഗ്രാന്റ് മാസ്റ്റര്‍ പദവി കിട്ടി. പ്രജ്ഞാനന്ദയ്ക്ക് ഇത്ര ചെറിയ പ്രായത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ പദവി കിട്ടിയത് വൈശാലിയെ വേദനിപ്പിച്ചിരുന്നു. താന്‍ കളി പഠിപ്പിച്ച സഹോദരന് തന്നേക്കാള്‍ മുന്നിലെത്തിയിരിക്കുന്നു. പ്രജ്ഞാനന്ദ ഓരോ വലിയ നേട്ടങ്ങളും സമ്മാനിച്ച് വീട്ടില്‍ എത്തുമ്പോള്‍ മാധ്യമക്കാര് വൈശാലിയോട് ചോദിക്കുന്ന സ്ഥിരം ചോദ്യമുണ്ട്:”അനുജന്റെ ഈ നേട്ടത്തില്‍ എന്ത് തോന്നുന്നു?”. അതിന് ഉത്തരം പറയുമ്പോഴും വൈശാലിയുടെ ഉള്ളില്‍ നീറ്റലാണ്. പിന്നീട് പത്ത് വര്‍ഷം കൂടി കാത്തിരുന്നതാണ് വൈശാലിക്ക് ഗ്രാന്റ് മാസ്റ്റര്‍ പദവി ഫിഡെ (അന്താരാഷ്ട്ര ചെസ് ഫെഡറേഷന് ) നല്‍കുന്നത്. തന്റെ 22ാം വയസ്സിലാണ് വൈശാലി ചെസില്‍ ഗ്രാന്റ് മാസ്റ്ററായത്. ഇന്ത്യയിലെ മൂന്നാമത്തെ വനിതാ ഗ്രാന്റ് മാസ്റ്ററായിരുന്നു.
കഴിവ്, കഠിനാധ്വാനം, കുടുംബത്തില്‍ നിന്നുള്ള പിന്തുണ- ഇത് മൂന്നും ഉണ്ടെങ്കില്‍ ആര്‍ക്കും ചെസില്‍ ഉയരങ്ങള്‍ കീഴടക്കാമെന്നതാണ് ഇവരുടെ ജീവിതം പറയുന്നത്. അച്ഛന് ജോലിയുമായി തിരക്കിലായതിനാല്‍ അമ്മ നാഗലക്ഷ്മിയാണ് മക്കള്‍ക്ക് കൂട്ട്. അമ്മയാണ് ആദ്യമായി പ്രജ്ഞാനന്ദയെ ഭസ്മക്കുറി തൊടുവിച്ചത്. ശിവന്റെ അനുഗ്രഹത്തിന് അത് നല്ലതാണെന്ന് അമ്മ കരുതുന്നു. അമ്മയുടെ ആ ഉപദേശം ഇന്നും ദൈവാജ്ഞ പോലെ പ്രജ്ഞാനന്ദ പിന്തുടരുന്നു. അങ്ങ് ടോറന്റോയിലായാലും ന്യൂയോര്‍ക്കിലായാലും പ്രജ്ഞാനന്ദയുടെ നെറ്റിയില്‍ ഭസ്മക്കുറിയുണ്ടാകും. മാത്രമല്ല, ലോകത്ത് എവിടെപ്പോകുമ്പോഴും അമ്മ മക്കള്‍ക്ക് കഴിയുന്നതും സ്വയം പാകം ചെയ്ത ഭക്ഷണം നല്കാന് ശ്രമിയ്ക്കുന്നു.
എന്തായാലും ഇരുവരും കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ ആദ്യ 12 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ മികച്ച പ്രകടനം നടത്തി. പ്രജ്ഞാനന്ദ അഞ്ചാം സ്ഥാനത്തും വൈശാലി ആറാം സ്ഥാനത്തും നില്ക്കുന്നു. ഇരുവരും കളിയില്‍ മികച്ച വിജയങ്ങളും നേടി. വൈശാലി ലോക മൂന്നാം റാങ്ക് കാരിയായ റഷ്യയുടെ അലക്സാന്‍ഡ്ര ഗോര്യാച് കിനയെ വരെ അട്ടിമറിച്ചിരുന്നു. പ്രജ്ഞാനന്ദയാകട്ടെ ഫാബിയാനോ കരുവാന, ഹികാരു നകാമുറ, ഇയാന്‍ നെപോംനിഷി എന്നിവരുമായി സമനില പിടിച്ചു. മികച്ച താരങ്ങളുമായി സമനിലകളും നേടി.
ചെന്നൈയിലെ ഗ്രാന്റ് മാസ്റ്ററായ ആര്‍ബി രമേഷ് ആണ് ഇരുവരെയും പരിശീലിപ്പിച്ചത്. ഇപ്പോള്‍ വിശ്വനാഥന് ആനന്ദിന്റെയും പരിചരണം ഉണ്ട്. വൈശാലിയുടെയും പ്രജ്ഞാനന്ദയുടെയും സ്വഭാവം രണ്ട് തരത്തിലാണ്. വൈശാലി അന്തര്‍മുഖയാണ്. ഒരു പാട് ചിന്തിക്കുന്ന കൂട്ടത്തിലാണ്. പ്രജ്ഞാനന്ദയാകട്ടെ ബഹിര്‍മുഖനും കൂട്ട്കെട്ട് ആസ്വദിക്കുന്ന, നല്ല നര്‍മ്മബോധമുള്ള ആളാണ്. ഭക്ഷണവും നന്നായി ആസ്വദിക്കും.
അഞ്ച് തവണ ലോകചാമ്പ്യനും റാപ്പിഡ് ചെസ് ചാമ്പ്യനുമായ മാഗ്നസ് കാള്‍സനെ വെല്ലുവിളിക്കാന്‍ യോഗ്യരായ ആരും ചെസില്‍ ഇന്നില്ല. 2022ലെ എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പില്‍ രണ്ട് ബ്ലിറ്റ്സ് ഗെയിമുകളിലും ഒരു റാപ്പിഡിലും തുടര്‍ച്ചയായാണ് മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ തോല്പിച്ചത്. അതോടെ പ്രജ്ഞാനന്ദ ലോകപ്രശസ്തനായി.
ചെസ് ലോകകപ്പില്‍ മാഗ്നസ് കാള്‍സനുമായി തുല്യപോരാട്ടം കാഴ്ചവെച്ച പ്രജ്ഞാനന്ദയ്ക്ക് 15 ലക്ഷം രൂപയുടെ എസ് യുവിയാണ് മഹീന്ദ്ര നല്‍കിയത്. പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇന്‍ഫോസിസിസന്റെ സുധാമൂര്‍ത്തിയും പ്രജ്ഞാനന്ദ ആരാധികയാണ്. ഇപ്പോള്‍ പ്രജ്ഞാനന്ദയെ സ്പോണ്സര് ചെയ്യുന്നത് അദാനി ഗ്രൂപ്പാണ്. വിമാനയാത്ര, ഹോട്ടല്‍ താമസം, ഭക്ഷണം, കോച്ചിംഗിനുള്ള ചെലവ് എന്നിവ എല്ലാം അദാനി നല്കുന്നു. പകരം അദാനിയുടെ ലോഗോ പ്രജ്ഞാനന്ദ നെഞ്ചില്‍ ധരിക്കുന്നു. വൈശാലിയ്ക്കാകട്ടെ രാം കോ കമ്പനിയുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. രണ്ടുപേര്‍ക്കും ഒരൊറ്റ ആഗ്രഹമാണ് മനസ്സില്‍ ഉള്ളത്. എന്നെങ്കിലും ചോക ചാമ്പ്യന്‍ ആകണം. അതിലേക്കുള്ള ദൂരം അധികമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: