ബെര്‍ഗാമോ: ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് അറ്റ്ലാന്റ യൂറോപ്പ ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ കരുതിവച്ച പ്രതിരോധക്കളിയില്‍ ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ എഫ്സി ഞെരിഞ്ഞമര്‍ന്നു.
മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചെങ്കിലും ലിവറിന് സെമി ഉറപ്പിക്കാന്‍ അത് പോരായിരുന്നു. മറ്റൊരു രണ്ടാംപാദ ക്വാര്‍ട്ടറില്‍ ഇറ്റലിയിലെ എസിമിലാനും വമ്പന്മാരായ സ്വന്തം നാട്ടുകാരായ എഎസ് റോമയ്ക്ക് മുന്നില്‍ വീണ്ടും പൊരുത വീണു. ഒരാഴ്ച്ചയ്ക്ക് മുമ്പ് സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ടീം വീണ്ടും തോല്‍വി രുചിച്ചത്. അറ്റ്ലാന്റയും റോമയും കൂടാതെ ഇത്തവണത്തെ ജര്‍മന്‍ ബുന്ദെസ് ലിഗ ജേതാക്കളായ ബയെര്‍ ലെവര്‍കുസനും ഫ്രഞ്ച് ക്ലബ്ബ് മെഴ്സെലെയും യൂറോപ്പ ലീഗ് സെമിയിലേക്ക് കുതിച്ചിട്ടുണ്ട്.
പൊരുതാവുന്നതിന്റെ പരമാവധി പുറത്തെടുത്താണ് യര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍ പട അറ്റ്ലാന്റയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. മികച്ച മുന്നേറ്റങ്ങളും അഴകാര്‍ന്ന കളിയുംകൊണ്ട് എതിരാളികളുടെ തട്ടകത്തില്‍ കാഴ്ച്ചക്കാരുടെ മനംകവരാന്‍ ലിവറിന് സാധിച്ചു. പക്ഷെ അതിനേക്കാള്‍ ഉജ്ജ്വലമായിരുന്നു ജിയാന്‍ പിയെറോ ഗാസ്പെറിനി ഒരുക്കിയ അറ്റ്ലാന്റ പ്രതിരോധ ഗെയിം. ഒരു തവണ മാത്രമേ അവര്‍ക്ക് പിഴച്ചുള്ളൂ അതില്‍ പെനല്‍റ്റിയും ഗോളും വഴങ്ങി മത്സരം അടിയറവച്ചു. കളി തുടങ്ങി അധികം വൈകാതെയായിരുന്നു അത്. ലിവര്‍ നടത്തിയ മികച്ചൊരു മുന്നേറ്റത്തെ ചെറുക്കുന്നതിനിടെ അറ്റ്ലാന്റ താരം മാറ്റിയോ റുഗ്ഗെറി ഹാന്‍ഡ് ബോള്‍ വഴങ്ങി. ബോക്സിനകത്ത് ആയതിനാല്‍ പെനല്‍റ്റിയിലേക്ക് നീങ്ങി. കിക്കെടുത്ത മുഹമ്മദ് സലാ പന്ത് അതിവേഗം താഴ്ത്തിയടിച്ച് വലയുടെ വലത് മൂലയിലെത്തിച്ച് ഗോളാഘോഷിച്ചു. ഇടത് വിങ്ങര്‍ ലൂയിസ് ഡയസ് നടത്തിയ മികച്ച മുന്നേറ്റ തടയപ്പെട്ടെങ്കിലും സോബോസ്ലായ് പന്ത് വീണ്ടെടുത്ത് വലത് ഭാഗത്ത് ഓടിയെത്തിയ അലക്സാണ്ടര്‍ അര്‍ണോള്‍ഡിന് നല്കി. അര്‍ണോള്‍ഡ് തൊടുത്ത മികച്ചൊരു ക്രോസിനെ തടഞ്ഞതാണ് ഹാന്‍ഡ് ബോളായത്.
കളിയുടെ ഏഴാം മിനിറ്റില്‍ മുഹമ്മദ് സലാ ഗോള്‍ നേടിയപ്പോള്‍ എല്ലാവരും കരുതിയത് ലിവര്‍ അതിഗംഭീര തിരിച്ചടിയുമായി മുന്നേറുമെന്നാണ്. എന്നാല്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അറ്റ്ലാന്റയുടെ തന്ത്രപൂര്‍വ്വമായ പ്രതിരോധത്തില്‍ ടീം വിയര്‍ത്തു. ഒടുവില്‍ നിരാശയോടെ പുറത്തേക്ക് നടന്നു. ലിവറിന്റെ മൈതാനമായ ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദ ക്വാര്‍ട്ടറില്‍ ടീം 3-0ന്റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. മൊത്തം ഗോള്‍ 3-1ലാണ് അവസാനിച്ചത്.
സീസണ് അവസാനിക്കുന്നതോടെ സ്ഥാനമൊഴിയാന്‍ നില്ക്കുന്ന ലിവര്‍ പരിശീലകന് യര്‍ഗന്‍ ക്ലോപ്പിന് ഇനി ഏക പ്രതീക്ഷ പ്രീമിയര്‍ലീഗ് ടൈറ്റില്‍ മാത്രമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയപ്പെട്ട് എഫ് എ കപ്പ് ക്വാര്‍ട്ടറിലും ടീം പുറത്തായി കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ആറ് കളികള്‍ കൂടി ബാക്കിനില്‍ക്കെ 71 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലിവര്‍. ഇത്രയും പോയിന്റുള്ള ആഴ്സണല്‍ ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. 73 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍.
രണ്ടാം പാദ ക്വാര്‍ട്ടറിലും എസി മിലാനെ തകര്‍ത്തുകൊണ്ടാണ് റോമ സെമിയിലേക്ക് മുന്നേറിയത്. ആദ്യപാദത്തില്‍ റോമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. ഇന്നലെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയവും നേടി. മൊത്തം ഗോള്‍ നേട്ടം 3-1ന് ജയിച്ചാണ് റോമയുടെ മുന്നേറ്റം. ഇന്നലെ നടന്ന രണ്ടാംപാദ മത്സരത്തിന് 12 മിനിറ്റെത്തിയപ്പോള്‍ ഗിയാന്‍ലുക്ക മാന്‍സിനി റോമയുടെ ലീഡ് ഇരട്ടപ്പിച്ചു. പത്ത് മിനിറ്റിനകം ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെ പോളോ ഡിബാലയും ഗോള്‍ നേടി. കളി അവസാനിക്കാറായപ്പോള്‍ മാറ്റിയോ ഗബ്ബിയ ആണ് മിലാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. കളിക്ക് 31 മിനിറ്റെത്തിയപ്പോള്‍ റോമ താരം മെഹ്മെറ്റ് സെലിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ബാക്കി സമയം പത്ത് പേരായി ചുരുങ്ങിയിട്ടും റോമ പതറാതെ പൊരുതിനിന്നു.
സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ 1-0ന് ജയിച്ച മഴ്സെലെ ബെന്‍ഫിക്കയുമായി മൊത്തം ഗോള്‍ നേട്ടം 2-2ല്‍ സമനില പാലിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ച് സെമിയില്‍ പ്രവേശിച്ചു. വെസ്റ്റ്ഹാം യുണൈറ്റഡിനെതിരായ രണ്ടാം പാദ മത്സരം ജര്‍മന്‍ ടീം ബയെര്‍ ലെവര്കുസന് 1-1 സമനിലയില്‍ തളച്ച് സെമിയിലേക്ക് മുന്നേറി. സ്വന്തം നാട്ടില്‍ നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ലെവര്കുസന് 2-0ന് വിജയിച്ചിരുന്നു. മൊത്തം ഗോള്‍ നേട്ടം 3-1നായിരുന്നു ലെവര്‍കുസെന്റെ മുന്നേറ്റം.
സെമി ലൈനപ്പ്: അറ്റ്ലാന്റ-മെഴ്സെലെ, റോമ-ലെവര്കുസന്
യൂറോപ്പ ലീഗ് സെമിയില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റ ഫ്രഞ്ച് ക്ലബ്ബ് മെഴ്സെലെയുമായി പോരടിക്കും. ആദ്യ പാദ മത്സരം മെയ് രണ്ടിന് രാത്രി 12.30നാണ്. മെഴ്സെയുടെ തട്ടകത്തിലാണഅ ആദ്യ പാദ സെമി. ഇവരുടെ രണ്ടാം പാദ സെമി മെയ് ഒമ്പതിന് രാത്രി 12.30ന് അറ്റ്ലാന്റയുടെ ഹോം ഗ്രൗണ്ടില്‍.
ജര്‍മന്‍ ടീം ബയെര്‍ ലെവര്കുസെന് ഇറ്റാലിയന്‍ ടീം എഎസ് റോമയെ ആണ് സെമിയില്‍ നേരിടുക. യഥാക്രമം മെയ് രണ്ട്, ഒമ്പത് തീയതികളിലായി ആദ്യപാദവും രണ്ടാം പാദവും നടക്കും. റോമയുടെ ഗ്രൗണ്ടായ ഒളിംപിസിയോയില് ആണ് ആദ്യപാദ സെമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: