വിദ്യാം ചവിദ്യാം ച യ
സ്തദ് വേദോഭയം സഹ
അവിദ്യയാ മൃത്യും തീര്‍ത്വാ
വിദ്യയാമൃതമശ്‌നുതേ
(ശ്ലോകം 11)
(യാവനൊരുത്തന്‍ വിദ്യയേയും അവിദ്യയേയും അത് രണ്ടിനേയും ഒന്നിച്ച് അറിയുന്നുവോ അവന്‍ അവിദ്യകൊണ്ട് മൃത്യുവിനെ കടന്നിട്ട് വിദ്യകൊണ്ട് അമൃതത്തെ പ്രാപിക്കുന്നു.)
ഉപനിഷത്ത്, അതിന്റെ ദര്‍ശനത്തെ സംശയങ്ങള്‍ക്ക് ഇടയില്ലാതെ ഇവിടെ വെളിപ്പെടുത്തുകയാണ്. ലോകാതീതമായതിലേക്ക് ലോക ത്തിലൂടെ ചെന്നെത്തുക. എങ്ങനെയെന്നാല്‍ വിദ്യയേയും അവിദ്യയേയും ഒന്നിപ്പിക്കുക. ഇന്ന് ആ ജ്ഞാനമാര്‍ഗ്ഗങ്ങളെ ബോധപൂര്‍വ്വം ഏകീകരിച്ചാണ്, ലോകത്ത് ജീവിക്കേണ്ടത്.
യഥാകാലം സംഭവിക്കുന്ന മരണം ജീവന് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. എന്നാല്‍ അത്, കുറെ ദ്രവ്യമായ നിന്റെ ഈ ശരീരത്തെ മാത്രമേ ബാധിക്കുന്നുള്ളു. അവിടെ അവിദ്യകൊണ്ട്, അല്ലെങ്കില്‍ ദ്രവ്യത്തിന്റെ ജ്ഞാനം കൊണ്ട് നേടിയ, പേര്, പ്രശസ്തി, പദവി, ധനം, ബന്ധങ്ങള്‍ ഇതൊക്കെയേ അന്ന് നഷ്ടമാകൂ. പക്ഷെ ഒരിക്കലും നശിക്കാത്ത നിന്നിലെ ഊര്‍ജ്ജത്തിന്റെ കഥ അവിടെ അവസാനിക്കില്ല. അത് തുടരുക തന്നെ ചെയ്യും. അപ്പോള്‍ നീ വിദ്യയിലൂടെ നേടിയ ചില ഗുണങ്ങള്‍ അതില്‍ പ്രബലങ്ങളായിരിക്കും.
ഈ കാര്യത്തില്‍ നമുക്ക് നല്ല വ്യക്തത വേണം. മരണത്തോടെ ഒരുവനില്‍ നാശം സംഭവിക്കുന്നത് അവന്റെ വ്യാവഹാരികമായ സത്താവലയത്തില്‍ വരുന്നവയ്‌ക്ക് മാത്രമാണ്. നാശമില്ലാത്ത ബോധം അവനില്‍ പ്രകാശിച്ചിരുന്നപ്പോള്‍ ശരീരം കൂട്ടിവച്ചത്, ഒരു പുതിയ ജീവിയായും, ജീവിതമായും മാറി, വീണ്ടും കൂട്ടിചേര്‍ക്കലുകള്‍ക്ക് ശേഷം മരണവും വീണ്ടും ജനനവുമായി തുടരുന്ന, ഇതുവരെ പറഞ്ഞകാര്യങ്ങളില്‍ നിന്നെല്ലാം നാം അറിയേണ്ടത്, ലോകജീവിതമെന്നാല്‍.., ദ്രവ്യവും ഊര്‍ജ്ജവും സഹകരിച്ച് നടത്തുന്ന ഒരു കൊടുക്കല്‍ വാങ്ങല്‍ കച്ചവടമാണ്. ഈ കച്ചവടത്തില്‍ കൊടുക്കുന്നതും വാങ്ങുന്നതും ആരെയാണ്. അത് നീ എന്ന പണത്തെയാണ്. ഇവിടെ മൂല്യമുള്ളതും നിനക്കു മാത്രമാണ്. അത് വച്ചാണ് എല്ലാ വ്യാപാരങ്ങളും നടക്കുന്നത്. പണത്തിന്റെ മൂല്യം പണം അറിയാത്തതുപോലെ നിന്റെ വില നീ അറിയുന്നില്ല. ഒരിക്കലും നശിക്കാത്ത സത്യം, പാരമാര്‍ത്ഥികസത്തയായി നിന്നിലുള്ളതാണ് നിന്റെ മൂല്യം. അതറിഞ്ഞ് ഇവിടുത്തെ കച്ചവടത്തില്‍ കൂടുക. വ്യവഹാരങ്ങള്‍ നടക്കട്ടെ. പക്ഷെ അതിലെല്ലാം നിന്നിലെ ആ മൂല്യത്തിനോട് ചേര്‍ത്തുവയ്‌ക്കുവാന്‍ കഴിയുന്ന എന്തെങ്കിലും ഉണ്ടാവണം. അതാണ് ജീവിതത്തിലെ ഗുണങ്ങളിലൂടെ കിട്ടുന്നത്. ആയതിനാല്‍ സത്യവും ധര്‍മ്മവും സ്വരൂപസ്മരണയും രൂപങ്ങളില്‍ ഒതുങ്ങാതെ, വിശ്വം മുഴുവന്‍ വ്യാപിച്ച് നില്‍ക്കുന്ന നിന്നിലെ ഈശ്വരഭാവത്തിന്റെ സ്മരണയും), കരുണയും കാരുണ്യവും, സര്‍വ്വഭൂതദയയും (ചരാചരങ്ങളിലെല്ലാം ഈശ്വരനെ കണ്ടുള്ള കരുതല്‍ സ്വഭാവവും) സേവനവുമെല്ലാം നിന്റെ നിത്യജീവിതത്തിന്റെ ഭാഗമാകണം. അവസാനം, നിന്നില്‍ കൂട്ടിവയ്‌ക്കപ്പെടുന്ന ഈ വിദ്യയുടെ ഗുണങ്ങള്‍ക്ക് പ്രകൃതിയെന്ന വ്യവസ്ഥിതി പ്രത്യേകമായ വിലകല്‍പ്പിക്കുന്നുണ്ട്. അത് തുടര്‍ന്നുള്ള ജീവിതയാത്രയില്‍, നിന്നെ ഈ കച്ചവടത്തില്‍ നിര്‍ത്താതെ ഉന്നതമായ ലോകത്തിലേക്ക് ഉയര്‍ത്തും. അതാണ് അവിദ്യകൊണ്ട് മൃത്യുവിനെ കടന്നിട്ട് വിദ്യകൊണ്ട് അമൃത ത്തെ പ്രാപിക്കുന്നു എന്ന് പറഞ്ഞതിന്റെ സാരം.
ചിന്തിച്ചാല്‍ അത് യുക്തിസഹവുമാണ്. എങ്ങനെയെന്നാല്‍ ദ്രവ്യഗുണം അധികരിച്ചിരിക്കുന്ന ജീവാംശം മരണാനന്തരം തമോഗര്‍ ത്തങ്ങളെ പ്രാപിക്കുമെങ്കില്‍, അധികരിച്ച ചൈതന്യഗുണം കൊണ്ട് ആര്‍ക്കും ചൈതന്യലോകത്തേയും പ്രാപിക്കാം.
നമ്മള്‍ നേടിയ ജ്ഞാനം അപൂര്‍ണ്ണമാ യതുകൊണ്ടാണ് അത് ബാഹ്യവും ആന്തരികവുമൊക്കെയായി തീരുന്നത്. ആധുനിക ശാസ്ത്ര ബുദ്ധിയോടെ മാത്രം ജീവിക്കുന്ന മനുഷ്യന്‍ ഇന്ന് സ്വയം അറിയാതെ അകത്തും പുറത്തുമായി കൂട്ടിവച്ചവയില്‍ കിടന്ന് കൈ കാലിട്ടടിക്കുകയാണ്. ആയതിനാല്‍ ഏകീകരിച്ച വിദ്യകൊണ്ട്, നമ്മളും പരമാര്‍ത്ഥസത്തയുമായുള്ള ബന്ധത്തെ അറിഞ്ഞും അനുഭ വിച്ചും, ഒരുനാള്‍ എത്തുമെന്ന് തീര്‍ച്ചയുള്ള മരണത്തെ കടന്ന് അമൃതത്തെ (മരണമില്ലാത്ത, വീണ്ടും വീണ്ടും ജനിക്കാത്ത അവസ്ഥയെ) പ്രാപിക്കുക. അതായത് നീ നിന്നെ അറിയുവാന്‍ ശ്രമിച്ചുകൊണ്ട് തന്നെ, ജീവിക്കുകയും മരിക്കുകയും ചെയ്യുക.
ഇന്ന് നമുക്ക് വേണ്ടത്, യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള ബോധമാണെന്നാണ്, സങ്കല്പത്തിന്റെ തലത്തിലൂടെ ഈ ശ്ലോകം പറയുന്നത്. മരണം പ്രകൃതിയുടെ ഭാഗമാണ്. അതിനെ അംഗീകരിച്ചുകൊണ്ട് തന്നെ ജീവിതത്തെ ചിട്ടപ്പെടുത്തുക. നിന്റെ അസ്ഥിത്വം ഒരു സ്വപ്‌നവുമല്ല. ഈ ലോകം ഒരു മിഥ്യയുമല്ല. ആയതിനാല്‍ രണ്ടും ഈശ്വരനെന്ന ഏക സത്യമാണെന്ന് ദൃഢമായി അറിഞ്ഞ് ഇടപഴ കി ജീവിക്കുക. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കഠിനമായ തപസ്സിലൂടെ കിട്ടിയിരുന്ന പരമപദത്തിലേക്ക്, ‘ഈശാവാസ്യമിദംസര്‍വ്വം’ എന്ന ഉപനിഷത് ദര്‍ശനത്തിന്റെ ആചാരണത്തിലൂടെ നിങ്ങളും ചെന്നെത്തുക.
ഇതൊന്നും അസാധ്യമായ കാര്യങ്ങളല്ല. ഈ കാലത്തും പ്രായോഗികങ്ങളാണ്. ലോകത്തെ മിഥ്യയായി കാണാതെ പൂര്‍ണ്ണ ശ്രദ്ധയോടെ സ്വീകരിച്ച്, പരമപദത്തില്‍ എത്തി, മനുഷ്യ ജീവിതങ്ങള്‍ക്ക് പാഠപുസ്തകമായി മാറിയ ഒരു അത്ഭുത ജീവിതം നമ്മുടെ മുന്നില്‍ തന്നെയുണ്ട്. അതിലൂടെ പുനരുജ്ജീവിച്ച പാതയില്‍ ഇന്നൊരു സമൂഹം തന്നെ നീങ്ങുന്നുണ്ട്. അവിദ്യകൊണ്ട് മൃത്യുവിനെ കടന്നിട്ട് വിദ്യകൊണ്ട് അമൃതത്തിലേക്ക് പ്രയാണം ചെയ്യുന്നവരുടെ സമൂഹം. അതെല്ലാം വ്യക്തിപരമായ അറിവും അനുഭവവുമായതിനാല്‍ കൂടുതലായി മറ്റൊരിടത്ത് പറയുന്നതാവും ഉചിതം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: