മനില (ഫിലിപ്പീന്‍സ്): ഫിലിപ്പീന്‍സിലേക്ക് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ എത്തിച്ചു നല്‍കി ഭാരതം. 2022ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യണ്‍ യുഎസ് ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് ഇത് നല്‍കിയത്. ഫിലിപ്പീന്‍സ് മറൈന്‍ കോര്‍പ്‌സിന് ആയുധ സംവിധാനം നല്‍ക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേന സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റിലാണ് മിസൈലുക കയറ്റി അയച്ചത്.
മിസൈലുകള്‍ക്കൊപ്പം ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനത്തിനുള്ള ഗ്രൗണ്ട് സിസ്റ്റങ്ങളുടെ കയറ്റുമതി കഴിഞ്ഞ മാസം തന്നെ ആരംഭിച്ചതായി അവര്‍ പറഞ്ഞു. ദക്ഷിണ ചൈനാ കടലില്‍ അടിക്കടിയുള്ള ഏറ്റുമുട്ടലുകള്‍ കാരണം ഫിലിപ്പീന്‍സും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സമയത്താണ് ഫിലിപ്പീന്‍സ് മിസൈല്‍ സംവിധാനങ്ങള്‍ കൈമാറുന്നത്.
ബ്രഹ്‌മോസ് മിസൈല്‍ സംവിധാനത്തിന്റെ മൂന്ന് ബാറ്ററികള്‍ ഫിലിപ്പീന്‍സ് അവരുടെ തീരപ്രദേശങ്ങളില്‍ വിന്യസിക്കും. പ്രോഗ്രാമിലെ പങ്കാളി രാഷ്‌ട്രങ്ങളില്‍ നിന്നുള്ള ഒന്നിലധികം അംഗീകാരങ്ങളോടെയാണ് ഇടപാടിന് അനുമതി ലഭിച്ചത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്ട്രോയേനിയയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ലോകത്തിലെ ഏറ്റവും വിജയകരമായ മിസൈല്‍ പ്രോഗ്രാമുകളില്‍ ഒന്നാണ്.
ആഗോള തലത്തില്‍ ഏറ്റവും മുന്തിയതും വേഗതയേറിയതുമായ കൃത്യതയുള്ള ആയുധമായി അംഗീകരിക്കപ്പെട്ട ബ്രഹ്‌മോസ് ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2007 മുതല്‍ ഇന്ത്യന്‍ സൈന്യം ഒന്നിലധികം ബ്രഹ്‌മോസ് റെജിമെന്റുകളെ അതിന്റെ ആയുധപ്പുരയില്‍ സംയോജിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: