ടൊറന്റോ: ഒന്നാം റാങ്കില്‍ നിന്നിരുന്ന റഷ്യയുടെ ഇയാന്‍ നെപോമ് നിഷിയെ 12ാം റൗണ്ടില്‍ പ്രജ്ഞാനന്ദ സമനിലയില്‍ തളച്ചത് വാസ്തവത്തില്‍ അനുഗ്രഹമായത് ഇന്ത്യയുടെ ഡി.ഗുകേഷിനാണ്. അരപോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ഗുകേഷ് 12ാം റൗണ്ടില്‍ അസര്‍ബൈജാന്റെ നിജാത് അബസൊവിനെതിരെ വിജയം നേടിയതോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇപ്പോള്‍ ഏഴര പോയിന്റ് വീതം നേടി നെപോമ് നിഷിയും ഗുകേഷും അമേരിക്കയുടെ ഹികാരു നകാമുറയും ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ തോല്പിച്ചതോടെ യുഎസിന്റെ ഫാബിയാനോ കരുവാനയ്ക്ക് ഏഴ് പോയിന്റായി. ഇപ്പോള്‍ കരുവാന ഏകനായ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
തുടര്‍ച്ചയായ മൂന്ന് ജയങ്ങളിലൂടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച അമേരിക്കയുടെ ഹികാരു നകാമുറ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് നടത്തിയത്. 12ാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂസ്ജയെയാണ് നകാമുറ തോല്പിച്ചത്. കഴിഞ്ഞ രണ്ടു കളികളില്‍ പ്രജ്ഞാനന്ദയെയും നിജാത് അബസൊവിനെയും തോല്പിച്ചിരുന്നു. ആദ്യ റൗണ്ടുകളില്‍ ഇന്ത്യയുടെ വിദിത് ഗുജറാത്തി അനായാസം രണ്ടു തവണ തോല്പിച്ച കളിക്കാരനാണ് ഹികാരു നകാമുറ എന്നോര്‍ക്കണം. അപ്പോള്‍ ചെസ്സും ക്രിക്കറ്റ് പോലെ തന്നെ, നല്ല ഫോമിലായാല്‍ ആരേയും തോല്പിക്കും. ഫോമില്ലെങ്കില്‍ ആരുമായും തോല്‍ക്കുകയും ചെയ്യും. എന്നിട്ടും മനസ്സാന്നിധ്യം വീണ്ടെടുത്തുള്ള തിരിച്ചുവരവ് അത്യത്ഭുതം എന്നു തന്നെ പറയണം. അവസാന മൂന്ന് കളികളില്‍ തികഞ്ഞ ശാന്തതയോടെയാണ് നകാമുറ കളിച്ചത്. തന്റെ ഭാഗത്ത് നിന്നും ഒട്ടും പിഴവു വരുത്താതിരിക്കുക, ശത്രുവിന്റെ പിഴവുകളെ മുതലെടുത്ത് മുന്നേറുക. ഒരിക്കല്‍ ഒരല്പം മുന്‍തൂക്കം ലഭിച്ചാല്‍ പിന്നീട് അവസാനം വരെ അത് നിലനിര്‍ത്തുക. ഒരിയ്ക്കല്‍ പിഴവ് വരുത്തുന്ന ശത്രുവിനെ രണ്ടാമത് തിരിച്ചുകയറാന്‍ സമ്മതിക്കാതിരിക്കുക. ഈ സംയമനം പാലിച്ചുള്ള തന്ത്രമാണ് കഴിഞ്ഞ മൂന്ന് റൗണ്ടുകളില്‍ വിജയം കണ്ടത്. അതോടെ ഏറ്റവും കൂടുതല്‍ വിജയസാധ്യത ഇപ്പോള്‍ കണക്കാക്കുന്നത് ആദ്യ റൗണ്ടുകളില്‍ ഏറെ പിന്നില്‍ നില്‍ക്കുകയും അവസാന റൗണ്ടുകളില്‍ മുന്നിലേക്ക് കയറിവരികയും ചെയ്ത ഹികാരു നകാമുറയ്ക്കാണ്. 12 റൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയത് ഹികാരു നകാമുറയാണ്. അഞ്ച് ജയങ്ങള്‍. രണ്ടു റൗണ്ട് കൂടി കളി ബാക്കിയുണ്ടെങ്കിലും ഇദ്ദേഹത്തിന് കല്പിക്കപ്പെടുന്ന വിജയസാധ്യത 40.6 ശതമാനമാണ്.
ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ള രണ്ടാമന് ഇന്ത്യയുടെ ഡി.ഗുകേഷാണ്. ഏറെ പക്വതയോടെ കളിച്ച ഗുകേഷിന് 28 ശതമാനം വിജയസാധ്യതയാണ് പ്രവചിക്കുന്നത്. ഗുകേഷ് 12 റൗണ്ടുകളില്‍ നാല് ജയമാണ് നേടിയത്. അഞ്ചുതവണ ലോകചാമ്പ്യനായ, ലോകത്തിലെ ഒന്നാം നമ്പര്‍ റേറ്റിംഗും ഉള്ള മാഗ്നസ് കാള്സന് പ്രവചിച്ചത് ഇന്ത്യക്കാരായ ഗുകേഷോ പ്രജ്ഞാനന്ദയോ വിജയിക്കില്ലെന്നാണ്. കാരണം ഗുകേഷ് നല്ല കളികളിലൂടെ ജയിക്കുന്ന ആളാണെങ്കിലും അതുപോലെ തന്നെ പരമാബദ്ധങ്ങള്‍ വരുത്തുന്ന ആളുമാണെന്നാണ് മാഗ്നസ് കാള്‍സന്റെ വിലയിരുത്തല്‍. ലോകത്തില്‍ ഏറെ മതിക്കപ്പെടുന്ന കാന്‍ഡിഡേറ്റ്സില്‍ ഇതാദ്യമായി മാറ്റുരയ്ക്കുന്ന ഗുകേഷ് ഇതുവരെയും വലിയ അബദ്ധങ്ങളൊന്നും വരുത്താതെ സാധ്യമായ വിജയങ്ങളും റിസ്കെടുക്കാതെയുള്ള സമനിലകളും വാങ്ങി മുന്നേറുകയാണ്. ആകെ ഒരു തോല്‍വിമാത്രമാണ് ഗുകേഷിനുണ്ടായത്. അത് ഫ്രാന്‍സിന്റെ അലിറെസ ഫിറൂസ് ജയില്‍ നിന്നാണ്. അലിറെസ ഫിറൂസ് ജ മോശക്കാരനല്ല. അടുത്ത രണ്ട് കളികളും ഗുകേഷിന് അഗ്നി പരീക്ഷകളാണ്. അടുത്ത റൗണ്ടില്‍ (13ാം റൗണ്ടില്‍) ഗുകേഷ് ഏറ്റുമുട്ടുന്നത് അലിറെസ ഫിറൂസ് ജയുമായാണ്. ആറാം റൗണ്ടില്‍ തോല്‍പ്പിച്ചതിനാല്‍ ഫിറൂസ് ജ ആ മുന്‍തൂക്കത്തോടെ ജയത്തിന് വേണ്ടി കളിക്കുമെന്നുറപ്പ്. 14ാം റൗണ്ടിലാകട്ടെ ഗുകേഷ് ഏറ്റുമുട്ടേണ്ടിവരുന്നത് ഹികാരു നകാമുറയുമായാണ്. ആദ്യ കളിയില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു. ഫാബിയാനോ കരുവാനയും (2803) ഹികാരു നകാമുറയും (2789) കഴിഞ്ഞാല്‍ കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കുന്ന കളിക്കാരില്‍ റേറ്റിംഗില്‍ മൂന്നാമനാണ് അലിറെസ ഫിറൂസ് ജ. റേറ്റിംഗ് 2760 ആണ്. ഫിറൂസ് ജ കഴിഞ്ഞേ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഇയാന്‍ നെപോമ് നിച്ചിയുടെ റേറ്റിംഗ് വരുന്നുള്ളൂ.- 2758. പ്രജ്ഞാനന്ദയുടെയും ഗുകേഷിന്റെയും റേറ്റിംഗ് അത് കഴിഞ്ഞേ വരൂ. യഥാക്രമം 2747ഉം 2743ഉം. ഈ ടൂര്‍ണ്ണമെന്റില്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് കൂടിയാണ് ഗുകേഷ്-17 വയസ്സ്. പക്ഷെ കാന്‍ഡിഡേറ്റ്സിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് ഗുകേഷല്ല. അമേരിക്കയുടെ ഇതിഹാസ ചെസ് താരം ബോബി ഫിഷറാണ്. 1958ല്‍ കാന്‍ഡിഡേറ്റ്സില്‍ കളിക്കാന്‍ യോഗ്യത നേടുമ്പോള്‍ ബോബി ഫിഷറുടെ പ്രായം 16 മാത്രം.
കഴിഞ്ഞ റൗണ്ടുകളിലെല്ലാം ഏറെ പക്വതയോടെ കളിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയും 12ാം റൗണ്ട് കഴിഞ്ഞിട്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുന്ന റഷ്യയുടെ ഇയാന്‍ നെപോംനിഷിക്ക് പക്ഷെ 23.2 ശതമാനം വിജയസാധ്യത മാത്രമേ കല്പിക്കുന്നുള്ളൂ. ഇദ്ദേഹം 12 റൗണ്ടുകളില്‍ എപ്പോഴും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. പക്ഷെ ജയിച്ചത് ആകെ മൂന്ന് കളികളാണ്. ബാക്കി 9 കളികളില്‍ സമനില പിടിച്ചു. ഇതാണ് കാന്‍ഡിഡേറ്റ്സില്‍ ജയിക്കാന്‍ വിജയത്തേക്കാളേറെ സമനിലയാണ് വേണ്ടതെന്ന്. തോല്‍ക്കാതിരിക്കുക എന്നതാണ് പ്രധാനം.
വിജയസാധ്യതയുള്ള നാലാമന് യുഎസിന്റെ തന്നെ ഫാബിയാനോ കരുവാനയാണ്. 12 റൗണ്ടില്‍ ഇദ്ദേഹം ഇന്ത്യയുടെ വിദിത് ഗുജറാത്തിയെയാണ് തോല്പിച്ചത്. ഫിഡേ റേറ്റിംഗില്‍ 2803 ഉള്ള ഫാബിയാനോ കരുവാന ലോകറാങ്കിങ്ങില്‍ രണ്ടാമതാണ്.
ഇനി പ്രജ്ഞാനന്ദയ്ക്ക് കിരീട സാധ്യതയില്ല
ഇനി അവശേഷിക്കുന്ന രണ്ട് കളികളില്‍ ജയിച്ചാലും പ്രജ്ഞാനന്ദയ്ക്ക് വിജയസാധ്യത ഒട്ടുമില്ല. ഇപ്പോള്‍ ആറ് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പ്രജ്ഞാനന്ദയുടെ സ്ഥാനം. 11ാം റൗണ്ടില്‍ ഹികാരു നകാമുറയോടേറ്റ തോല്‍വിയാണ് പ്രജ്ഞാനന്ദയ്ക്ക് അടിയായത്. ഇനി പ്രജ്ഞാനന്ദയ്ക്ക് ആകെ പ്രതീക്ഷിക്കാവുന്നത് അടുത്ത രണ്ട് റൗണ്ടുകളില്‍ വിജയം നേടി ഈ കാന്‍ഡിഡേറ്റ്സില്‍ പരമാവധി മികച്ച സ്ഥാനം നേടുക എന്നത് മാത്രമാണ്. പക്ഷെ അടുത്ത രണ്ട് കളികള്‍ എളുപ്പമല്ല. അപകടകാരിയായ ഫാബിയാനോ കരുവാനയുമായാണ് 13ാം റൗണ്ടില്‍ മത്സരം. 14ാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്ക്ക് ജയിക്കാം- അസര്‍ബൈജാന്റെ നിജാത് അബസൊവുമായാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: