സിഡ്‌നി: സിഡ്‌നി പള്ളിയിലെ ശുശ്രൂഷയ്‌ക്കിടെ രണ്ട് ക്രിസ്ത്യൻ പുരോഹിതരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 16 വയസ്സുള്ള ആൺകുട്ടിക്കെതിരെ പോലീസ് തീവ്രവാദ കുറ്റം ചുമത്തി. കൗമാരക്കാരന്റെ മതപരമായ പ്രചോദനം മൂലമാണ് ഇവർക്ക് കുത്തേറ്റത്.
ഈ കാരണം കൊണ്ടാണ് കുട്ടിയുടേത് തീവ്രവാദ പ്രവർത്തനമായി പ്രഖ്യാപിച്ചതെന്നും കുട്ടി തന്റെ വീട്ടിൽ നിന്ന് സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ചർച്ചിലേക്ക് 90 മിനിറ്റ് വരെ യാത്ര ചെയ്തതായും അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച രാത്രി അസീറിയൻ ഓർത്തഡോക്‌സ് ശുശ്രൂഷയ്‌ക്കിടെ ബിഷപ്പ് മാർ മാരി ഇമ്മാനുവലിനെയും റവ. ഐസക് റോയലിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചതിനെക്കുറിച്ച് കൗമാരക്കാരൻ അറബിയിൽ സംസാരിച്ചു. പിന്നീട് ഇടവകക്കാർ അയാളെ കീഴടക്കുകയായിരുന്നു. മൽപ്പിടുത്തതിൽ കൗമാരക്കാരന്റെ കൈക്ക് പരിക്കേറ്റു.
തുടർന്ന് പോലീസ് കുറ്റാരോപിതനായ കുട്ടിയെ ചോദ്യം ചെയ്യുകയും അവിടെ ഭീകരപ്രവർത്തനം നടത്തിയതിന് കുറ്റം ചുമത്തുകയും ചെയ്തുവെന്ന് ഫെഡറൽ പോലീസ് കമ്മീഷണർ റീസ് കെർഷോ വെള്ളിയാഴ്ച സിഡ്നിയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് കമ്മീഷണർ അറിയിച്ചു.
വെള്ളിയാഴ്ച സിഡ്‌നി കുട്ടികളുടെ കോടതിയിലാണ് കേസ് പരിഗണിച്ചത്. കൗമാരക്കാരന് കത്തിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ട്. കൂടാതെ മൂന്ന് സൈക്കോളജിസ്റ്റുകളെയും ഒരു സ്കൂൾ കൗൺസിലറെയും കണ്ടിട്ടുണ്ടെന്നും ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ അപ്പോയിൻ്റ്മെൻ്റ് ഉണ്ടായിരുന്നതായും വെള്ളിയാഴ്ച കോടതിയിൽ വാദം കേൾക്കുന്നതിനിടെ കുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു.
കസ്റ്റഡിയിൽ ഇരിക്കുമ്പോൾ കുട്ടിയുടെ മാനസികാരോഗ്യം വിലയിരുത്താൻ മജിസ്‌ട്രേറ്റ് ശുപാർശ ചെയ്തു. ജൂൺ 14 ന് അടുത്ത കോടതി വാദം കേൾക്കുന്നതുവരെ, ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയാൽ കുട്ടികളുടെ തടങ്കൽ കേന്ദ്രത്തിൽ റിമാൻഡ് കസ്റ്റഡിയിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: