കൊല്ലം/കൊട്ടാരക്കര: കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഇരട്ടകളെപ്പോലെയാണെന്നും ഇരു മുന്നണികളുടെയും വിശ്വാസ്യത ഇല്ലാതായെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എന്‍ഡിഎ മാവേലിക്കര, കൊല്ലം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളായ ബൈജു കലാശാല, ജി. കൃഷ്ണകുമാര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊട്ടാരക്കരയിലും കുണ്ടറയിലും നടന്ന റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ തല്ലുകൂടുമ്പോഴും ദല്‍ഹിയില്‍ മോതിരം മാറ്റം നടത്തി ബന്ധം ഊട്ടിയുറപ്പിക്കുകയാണിവര്. തൊട്ടടുത്തുള്ള തമിഴ്നാട്ടിലുള്‍പ്പെടെ പരസ്പരം സഹായിക്കുന്നു.
കേരളത്തിലെ ക്രമസാമാധാനം തകര്‍ന്നു. ഗുണ്ടകളാണ് സംസ്ഥാനം ഭരിക്കുന്നത്. എല്‍ഡിഎഫ് സ്വര്‍ണക്കടത്തിന്റെ പേരിലും യുഡിഎഫ് സോളാര്‍ കേസിന്റെ പേരിലുമാണ് അറിയപ്പെടുന്നത്. കേരളത്തില്‍ സഹകരണ മേഖലയില്‍ വന്‍ അഴിമതിയാണ്. അഴിമതികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. അഴിമതിപ്പണം പിടിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കും. കേരളത്തില്‍ 90 കോടിരൂപ ഇതുവരെ പിടിച്ചെടുത്തു.
ഇരു പാര്‍ട്ടികളുടെയും ആശയങ്ങള്‍ കാലഹരണപ്പെട്ടതാണ്. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും പുറത്താക്കപ്പെട്ട സംസ്ഥാനങ്ങളില്‍ പിന്നീട് അവര്‍ക്ക് തിരിച്ചു വരാന്‍ സാധിച്ചിട്ടില്ല. ഇവര്‍ ഒന്നും ചെയ്യില്ലെന്ന സാധാരണക്കാരന്റെ തിരിച്ചറിവാണ് ഇതിന് കാരണം.
അതേസമയം, വികസനത്തിന്റെ രാഷ്ട്രീയമാണ് ബിജെപിയുടേത്. എല്ലാ വിഭാഗങ്ങളെയും ചേര്‍ത്ത് പിടിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷം 25 കോടിയിലേറെപ്പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാന്‍ മോദി സര്‍ക്കാരിനായി. ഭാരതത്തില്‍ നിന്ന് അഴിമതിയെ തുടച്ചുനീക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് കേവലം സര്‍ക്കാര്‍ രൂപീകരണത്തിന് മാത്രമല്ല, രാഷ്ട്ര നിര്‍മാണത്തിനാണ്. അയോധ്യയില്‍ ശ്രീരാമ ഭഗവാന് കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക് തിരിച്ചെത്തി. മുത്തലാഖ് നടപ്പാക്കിയതിലൂടെ മറ്റ് സ്ത്രീകള്‍ക്കൊപ്പം മുസ്ലിം സ്ത്രീകളുടെയും അവകാശങ്ങളെയും സംരക്ഷിച്ചു. സാമ്പത്തികരംഗത്തും പ്രതിരോധ രംഗത്തും വളരെ വലിയ മുന്നേറ്റമാണ് രാജ്യം നടത്തുന്നത്.
മോദി അന്തരാഷ്ട്ര വേദികളില്‍ ഭാരതത്തിന്റെ ശബ്ദമാവുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. കൊട്ടാരക്കരയില്‍ മാവേലിക്കര ലോക്സഭ മണ്ഡലം ഇന്‍ചര്‍ജ് ഷാജി രാഘവനും കുണ്ടറയില്‍ കൊല്ലം ലോക്സഭ മണ്ഡലം ഇന്‍ചാര്‍ജ് കെ. സോമനും അധ്യക്ഷത വഹിച്ചു.
മാവേലിക്കര, കൊല്ലം സ്ഥാനാര്‍ത്ഥികളായ ബൈജു കലാശാല, ജി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റുമാരായ എം.വി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍, യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാംരാജ്, ബിഡിജെഎസ് നേതാക്കളായ അഡ്വ. ജ്യോതിസ്, അഡ്വ. സിനില്‍ മുണ്ടപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: