കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പോകും. യെമനില്‍ ബിസിനസുളള സാമുവല്‍ ജെറോമും ഒപ്പമുണ്ടാകും.
യെമനിലേക്ക് പോകാന്‍ അനുവാദം തേടി നേരത്തേ പ്രേമകുമാരി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ യെമനിലേക്ക് പോകാനുള്ള അനുവാദം വേണമെന്നായിരുന്നു ആവശ്യം.
യമനില്‍ പോകുന്നതിന് സഹായം ചെയ്യാന്‍ കഴിയില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. യമനില്‍ ആഭ്യന്തര സംഘര്‍ഷം മൂലം ഇന്ത്യാ സര്‍ക്കാരിന് നയതന്ത്രതലത്തില്‍ സഹായം ചെയ്യാനാകുന്ന സ്ഥിതിയല്ല ഉളളത് എന്നതിനാലാണിത്. തുടര്‍ന്നാണ് സ്വന്തം നിലയ്‌ക്ക് പോകാമെന്ന് പ്രേമകുമാരി അറിയിച്ചത്. കോടതി ഇക്കാര്യം അംഗീകരിച്ചു.
നടപടികള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് പ്രേമകുമാരി യെമനിലേക്ക് പോകുന്നത്.കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ച നടത്തുക ലക്ഷ്യമിട്ടാണ് പ്രേമകുമാരി പോകുന്നത്. നിമിഷ പ്രിയയുടെ അമ്മയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ് ഈക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: