വ്യോമസേനയില്‍ ഉദ്യോഗസ്ഥാനായിരുന്ന അച്ഛന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കേന്ദ്രവിദ്യാലയങ്ങളിലായി സ്‌ക്കൂള്‍ പഠനം. അച്ഛനെപ്പോലെ പൈലറ്റാകണമെന്ന കുട്ടിക്കാലമോഹം കണ്ണടവെയ്‌ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ ഇല്ലാതായപ്പോള്‍ വിഷമിച്ച കൗമാരം. മെഡിസിനും എഞ്ചിനീയറിംഗിനും ഒരേ സമയം പ്രവേശം കിട്ടിയപ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാനെടുത്ത തീരുമാനം. സോഫ്റ്റ്‌വയര്‍ എഞ്ചിനീയറിംഗില്‍ ഉന്നത വിജയം കൈവരിച്ച ശേഷം ഹാര്‍ഡ് വെയര്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച സാഹചര്യം. മൈക്രോസോഫ്റ്റില്‍ ചേരാനൂള്ള നിയമന ഉത്തരവ് അവഗണിക്കാനെടുത്ത തീരുമാനം. കമ്പ്യൂട്ടറില്‍ നിന്ന് മൊബൈയിലേക്ക് ചുവടുമാറ്റി വലിയ വിജയം നേടിയ സംരംഭകത്വം. രാഷ്‌ട്രീയക്കാരോട് മല്ലിട്ടതില്‍ ഉണ്ടായ മനം മടുപ്പ് രാഷ്‌ട്രീയ പ്രവേശനത്തിലൂടെ മറികടന്ന വ്യവസായി. എന്തിനും മേലെ രാജ്യസ്‌നേഹത്തെ പ്രതിഷ്ഠിച്ച സൈനികപുത്രന്‍ ….. അസാധാരണത്വം തുളുമ്പുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ ജീവിതപടവുകള്‍. വിധിയുടെ വിളയാട്ടംപോലെ അവിചാരിത സംഭവങ്ങള്‍. എല്ലായിടത്തും വിജയം വരിച്ച് മുന്നേറ്റം.
കുറിപ്പൊന്നും വേണ്ട, വിളിച്ചത് മന്ത്രി ആക്കാന്‍
ബാംഗ്‌ളുരില്‍ കോവിഡ്കാല വാക്‌സിന്‍ ക്യാമ്പിന് നേതൃത്വം നല്‍കുകയാണ് രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ ഫോണ്‍. ‘ദല്‍ഹിയില്‍ എന്നുവരും?’. എത്തുന്ന ദിവസം പറഞ്ഞു. ദല്‍ഹിയിലെത്തിയ ദിവസം രാവിലെ ബിജെപി സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ ഫോണ്‍. ‘പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നോ’ എന്നു തിരക്കി. ‘വിളിച്ചിരുന്നു, പ്രധാനമന്ത്രിയെ കാണുമ്പോള്‍ പറയാനുളള കാര്യത്തിന്റെ കുറിപ്പ് തയ്യാറാക്കുകയാണ് ‘ എന്ന് മറുപടി നല്‍കി. ‘കുറിപ്പൊന്നും വേണ്ട, നിങ്ങളെ മന്ത്രി ആക്കാനാണ് വിളിച്ചിരിക്കുന്നത്’ എന്ന് ചിരിയോടെ ബി എല്‍ സന്തോഷ് പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. മണിക്കൂറുകള്‍ക്കകം നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിയായി രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രിയായി തുടക്കം. പിന്നാലെ നൈപുണ്യവികസന സംരംഭക വകുപ്പും ജല ശക്തി വകുപ്പിന്റെ അധിക ചുമതലയും കൂടി ലഭിച്ചു. രാജ്യസഭയിലെ പ്രകടനമായിരുന്നു മന്ത്രി പദവിയിലേയ്‌ക്ക് വഴി്. ഹാജര്‍ നില മുതല്‍ ചോദ്യോത്തര വേളകളിലടക്കം വിവിധ പാര്‍ലമെന്ററി നടപടികളില്‍ നടത്തിയ ധീരവും സുതാര്യവും ഫലപ്രദവുമായ ഇടപെടലുകള്‍ പ്രതിപക്ഷത്തിന്റേയും ഭരണപക്ഷത്തിന്റേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ടെലികോം നയം മുതല്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ധിക്കുന്നത് വരെയുള്ള വിഷയങ്ങളില്‍ 500 ലധികം ചോദ്യങ്ങളാണ് രാജ്യസഭയില്‍ രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ചത്. ആത്മാര്‍ത്ഥതയുടെ ശബ്ദവും ആത്മാഭിമാനത്തിന്റെ നിഴലുമുള്ളതായിരുന്നു ഓരോ ചോദ്യവും. പൊതുജീവിതത്തിലെ അഴിമതിക്കെതിരേ സന്ധിയില്ലാ സമരമെന്നത് ജീവിതവൃതം പോലെ കൊണ്ടു നടന്ന രാജീവ് ചന്ദ്രശേഖര്‍ 2 ജി കുംഭകോണമടക്കം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികള്‍ പുറത്തു കൊണ്ടുവന്നു.
ദേവഗൗഡ പറഞ്ഞു; അദ്വാനിയെ കണ്ടു
2006 ജൂണ്‍മാസത്തിലെ ഒരു ഞായര്‍. ബാംഗ്‌ളൂരിലെ വീട്ടില്‍ അവധിദിവസം കുട്ടികള്‍ക്കൊപ്പം ചെലവിടുകയാണ് രാജീവ് ചന്ദ്രശേഖര്‍. ആത്മീയ കാര്യങ്ങളില്‍ ഉപദേശകനായ സൃഹ്യത്ത് കാണാന്‍ വന്നു. ആശുപത്രിയില്‍ കിടക്കുന്ന മുന്‍ പ്രധാനമന്ത്രി ദേവഗൗഡയെ കാണാന്‍ കൂടിയാണ് അദ്ദേഹം എത്തിയത്. ഗൗഡയെ കാണാന്‍ കൂടെവരാന്‍ സുഹൃത്ത് നിര്‍ബന്ധിച്ചതിനാല്‍ ഒപ്പം പോയി. ദേവഗൗഡയെ കണ്ടു . സംസാരിച്ചു. സംസാരത്തിനിടയില്‍ രാഷ്‌ട്രീയത്തില്‍ വരാന്‍ താല്‍പര്യം ഉണ്ടോ എന്ന് ഗൗഡ നേരിട്ടു ചോദിച്ചപ്പോള്‍ ആദ്യം രാജീവ് അമ്പരന്നു. നിങ്ങളെപോലുള്ളവര്‍ രാഷ്‌ട്രീയത്തില്‍ എത്തണം, ബിജെപിയുടെ കൂടി പിന്തുണ കിട്ടായാല്‍ രാജ്യസഭയിലേക്ക് ഞാന്‍ പിന്തുണയ്‌ക്കാം എന്നുകൂടി ദേവഗൗഡ പറഞ്ഞപ്പോള്‍ കാര്യം ഗൗരവമുള്ളത് എന്നു തോന്നി.
രാജീവ് ചന്ദ്രശേഖര്‍ നേരെ പോയത് സുഹൃത്തും ബിജെപി നേതാവുമായ അനന്തകുമാറിന്റെ വീട്ടിലേയ്‌ക്ക്്. ദേവഗൗഡ നല്‍കിയ വാഗ്ദാനത്തെക്കുറിച്ച സൂചിപ്പിച്ചപ്പോള്‍, നല്ലകാര്യമാണ് ഉടന്‍ തന്നെ ദല്‍ഹിയില്‍ പോയി എല്‍ കെ അദ്വാനിയെ കാണുക എന്ന ഉപദേശം അനന്തകുമാര്‍ നല്‍കി. പിറ്റേന്നു തന്നെ ദല്‍ഹിക്ക് പറന്നു. അദ്വാനിയും പച്ചക്കൊടി കാട്ടി. മൂന്നാഴ്ചയ്‌ക്കകം ബിജെപി ജനതാദള്‍ പിന്തുണയോടെ സ്വന്തന്ത്ര അംഗമായി രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്ന് രാജ്യ സഭയില്‍. ആറു വര്‍ഷത്തിനുശേഷം സ്വതന്ത്രനായി തന്നെ വീണ്ടും രാജ്യസഭയില്‍. 2018 ല്‍ മൂന്നാം തവണയും രാജ്യസഭയില്‍ എത്തിയപ്പോള്‍ സ്വതന്ത്രന്റെ മേലങ്കി രാജീവ് ഉപേക്ഷിച്ചിരുന്നു. ബിജെപിയുടെ പ്രതിനിധി എന്ന അഭിമാനത്തോടെ രാജ്യസഭയില്‍. കേന്ദ്രമന്ത്രി സഭയില്‍ അംഗവുമായി. നല്‍കിയ വകുപ്പികള്‍ നല്ലനിലയില്‍ കൈകാര്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനുമാക്കി.
മോദി ഫയല്‍ എടുത്തു: മനസ്സാ കീഴടങ്ങി രാജീവ്
2011ല്‍ മുന്‍ കൂട്ടി അനുമതി ചോദിച്ച് അഹമ്മദാബാദില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തി. മുഖ്യമന്ത്രിയുടെ മേശമുകളില്‍ ആകെ ഒരു ഫയല്‍മാത്രം. നമസ്‌ക്കാരം പറഞ്ഞ് ഇരുവരും ഇരുന്നു. നരേന്ദ്രമോദി ഫയല്‍ തുറന്നു. ഒരു ഭാഗം അടിവര ഇട്ട് രേഖപ്പെടുത്തിയിരിക്കുന്നു. അത് വായിച്ചു. രണ്ടു വര്‍ഷം മുന്‍പ് രാജ്യസഭയില്‍ രാജീവ് ചന്ദ്രശേഖര്‍ ‘നല്ല ഭരണ നിര്‍വഹണം’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തിന്റെ കോപ്പിയായിരുന്നു അത്. അതില്‍ പറഞ്ഞ ചില കാര്യങ്ങളുടെ വിശദീകരണമായിരുന്നു മോദിക്ക് അറിയേണ്ടിയിരുന്നത്. കൃത്യമായ വിശദീകരണം നല്‍കി. രാജീവ് ചന്ദ്രശേഖര്‍ ആ നിമിഷം നരേന്ദ്രമോദി എന്ന നേതാവിന് കീഴ്‌പ്പെട്ടു പോയി. രാജ്യസഭയില്‍ രാജീവ് ചന്ദ്രശേഖറിന്റെ ആവര്‍ത്തന വിഷയമാണ് ‘നല്ല ഭരണ നിര്‍വഹണം’. എന്നത്. രാജ്യത്തിന്റെ സംരംഭകത്വത്തെ അഴിച്ചുവിട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഭരണപരിഷ്‌കാരങ്ങളും നടന്നിട്ടില്ലെന്ന് അദ്ദേഹം ബജറ്റ് ചര്‍ച്ചകളിലും അല്ലാതെയും ആവര്‍ത്തിച്ചിരുന്നു. വിഷയം പഠിച്ച് അവതരിപ്പിച്ചിരുന്നെങ്കിലും സ്വതന്ത്ര അംഗത്തിന് കാര്യമായ പ്രാധാന്യം കിട്ടിയിരുന്നില്ല. അപ്പോഴാണ് ഒരു മുഖ്യമന്ത്രി തന്റെ പ്രസംഗം ഗൗരവത്തിലെടുത്തതും സംശയം ചോദിക്കുന്നതും. നരേന്ദ്ര മോദിയുടെ മുന്നില്‍ മനസ്സാ കീഴടങ്ങുകയല്ലാതെ എന്തുചെയ്യാന്‍. പത്തു വര്‍ഷത്തിനുശേഷം 2021 ല്‍ മോദിയുടെ കേന്ദ്രമന്ത്രിസഭയില്‍ എത്തി രാജീവ് ചന്ദ്രശേഖര്‍. ‘എല്ലാവരും ജനസേവനത്തിനാണ് വരുന്നത്, പക്ഷേ അത് വിജയത്തിലെത്തിക്കണം. അതിന് ഹൃദയം മാത്രം പോര. കഠിനാധ്വാനവും വേണം’ മന്ത്രി ആയ ശേഷം ആദ്യം കണ്ടപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ കൊണ്ടു നടക്കുന്നു രാജീവ് ചന്ദ്രശേഖര്‍.
രാജേഷ് പൈലറ്റും സുഖ്‌റാമും
രാഷ്‌ട്രീയത്തിലേയ്‌ക്ക് വഴിതെളിച്ചത് ദേവഗൗഡയും അദ്വാനിയും ആണെങ്കിലും ദേശീയ രാഷ്‌ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖര്‍ അടുത്തിടപെട്ട രാഷ്‌ട്രീയ നേതാക്കള്‍ ഇവരായിരുന്നില്ല. കോണ്‍ഗ്രസ് കാലത്ത് കേന്ദ്രമന്ത്രിമാരായിരുന്ന രാജേഷ് പൈലറ്റും സുഖ്‌റാമും ആയിരുന്നു അവര്‍. അമേരിക്കയിലേയക്ക് ജോലിക്കായി തിരുച്ചുപോകാന്‍ ഒരുങ്ങിയ രാജീവിനോട് ഇന്ത്യയില്‍ തന്നെ എന്തെങ്കിലും ചെയ്തുകൂടേ എന്നു ചോദിച്ചത് രാജേഷ് പൈലറ്റാണ്. സൈനികനായിരുന്നു രാജേഷ് പെലറ്റ് കുടുംബ സുഹൃത്തും രാജീവിന്റെ അച്ഛന്റെ ശിഷ്യനുമായിരുന്നു. രാജീവ് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പൈലറ്റ് അവസരം ഒരുക്കി. പിന്നീട് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ആയപ്പോള്‍ രാജേഷ് പൈലറ്റ് ആ മേഖലയിലെ രാജ്യത്തിന്റെ സാധ്യതയെകുറിച്ച് സംസാരിച്ചു. ബിപിഎല്‍ മൊബൈല്‍ എന്ന രാജ്യത്തെ ആദ്യത്തെ മൊബൈല്‍ കമ്പനിയുടെ വിത്ത് പാകല്‍ അങ്ങനെയായിരുന്നു.
എന്നാല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാായിരുന്ന സാം പിത്രോഡ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇന്ത്യയില്‍ മൊബൈല്‍ ബിസിനസ്സ് വളരില്ല എന്ന് ഉപദേശിച്ചു. പകരം പിസിഒകളും എസ്ടിഡി ബൂത്തുകളും സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചു. രാജേഷ് പൈലറ്റിനു പകരം സുഖ്‌റാം ടെലികോംമന്ത്രിയായതോടെ കൂടുതല്‍ പ്രശ്‌നമായി. സുഖറാമിനെ മൊബൈലിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയില്ല. പലതവണ അദ്ദേഹത്തിനു മുന്നില്‍ പദ്ധതിയുടെ അവതരണം നടത്തി. എല്ലാ തവണയും ഭംഗീരം എന്നു പറഞ്ഞു വിടുന്നതല്ലാതെ ലൈസന്‍സ് നല്‍കിയില്ല. അവസാനം സുഖ്‌റാം നേരിട്ടു പറഞ്ഞു. ‘ ഞാന്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയുന്ന മുതര്‍ന്നവര്‍ ആരെങ്കിലും വീട്ടിലുണ്ടെങ്കില്‍ അവരുമായി വരൂ’ എന്ന്. മന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥം രാജീവിന് മനസ്സിലായില്ല. പുറത്തിറങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മനസ്സിലാക്കിക്കൊടുത്തു. കൈക്കൂലി നല്‍കിയാലേ കാര്യം നടക്കൂ എന്നാണ് സുഖ്‌റാം വളച്ചുകെട്ടി പറഞ്ഞത് എന്ന്. കാലതാമസം വരുത്താന്‍ സുഖറാമി്‌ന് കഴിഞ്ഞെങ്കിലും രാജീവിന്റെ ബിപിഎല്‍ മൊബൈല്‍ കമ്പനിയുടെ വരവ് തടയാനായില്ല.1994 ല്‍ മുംബയില്‍ അമിതാഭാ ബച്ചന്‍ ബിപിഎല്‍ മൊബൈല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ആണ് കേരളത്തിലെ ഉദ്ഘാടനം നിര്‍വഹിച്ചത്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ മൊബൈല്‍ ലൈസന്‍സുകളുള്ള ബിപിഎല്‍ പത്തുലക്ഷത്തോളം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലുലാര്‍ ഓപ്പറേറ്ററായി. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയുടെ ഉടമ എന്ന പേര് മലയാളിയായ രാജീവ് ചന്ദ്രശേഖരിന് സ്വന്തമായി.
ഗുരുവായൂരില്‍നിന്നുള്ള ട്രങ്ക് കോള്‍
രാജേഷ് പൈലറ്റിന്റെ പ്രേരണയാണ് രാജീവ് ചന്ദ്രശേഖറിനെ ടെലികോം മേഖലയിലേക്ക് തിരിച്ചതെങ്കിലും അതിന് മറ്റൊരു നിമിത്തവും കൂടി ഉണ്ടായി. അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെ ഇന്റല്‍ കമ്പനിയുടെ സീനിയര്‍ ഡിസൈന്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ ജോലി നോക്കുമ്പോഴാണ് കല്യാണം കഴിക്കാനായി കേരളത്തിലെത്തിയത്. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് വിപ്ലവം കുറിച്ച തലശ്ശേരി സ്വദേശി കെ പി ജി നമ്പ്യാരുടെ മകള്‍ മകള്‍ അഞ്ജുവായിരുന്നു വധു. ഭാര്യയോടൊപ്പം ഗുരുവായൂര്‍ ക്ഷേതത്തിലെത്തി.. രാജീവ് ചന്ദ്രശേഖറിന് ഗ്രീന്‍ കാര്‍ഡ് പുതുക്കുന്നതിന് അമേരിക്കന്‍ എംബസിയിലേക്ക് ആ ദിവസം വിളിക്കേണ്ടതുണ്ടായിരുന്നു. നല്ല മഴ ദിവസം. ഗ്രീന്‍ കാര്‍ഡ് അപേക്ഷ പുതുക്കാനായില്ലെങ്കില്‍ മടക്കയാത്രയും മറ്റു കാര്യങ്ങളും വൈകും. താമസിച്ചിരുന്ന ‘വനമാല’ ഹോട്ടലില്‍ നിന്ന് ട്രങ്ക് കോള്‍ ബുക്ക് ചെയ്തു. സാധാരണ കോളിന്റെ എട്ടിരട്ടി തുക നല്‍കി. എന്നിട്ടും വ്യക്തമായി സംസാരിക്കാന്‍ ബുദ്ധിമുട്ടി. ഇന്ത്യയിലെ ടെലികോം രംഗത്തിന്റെ ശോച്യാവസ്ഥ നേരില്‍ ബോധ്യമായി. എന്തെങ്കിലും ചെയ്യണമെന്ന ആശയുണ്ടായി. കാത്തിരുന്ന് കിട്ടാതെ പോയ ട്രങ്ക് കോളിന് ശേഷം മഴപെയ്തു തോര്‍ന്ന ആ നിമിഷം രാജീവ് തീരുമാനമെടുത്തു. ഇനി അമേരിക്കയിലേയ്‌ക്ക് മടക്കയാത്ര ഇല്ല. ഗുരുവായൂരില്‍ നിന്ന് വിളിക്കാന്‍ ശ്രമിച്ച ആ ട്രങ്ക് കോള്‍ ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗത്തിന്റെ മാറ്റത്തിന് നാന്ദി കുറിയ്‌ക്കുന്നതായി. രാജീവ് ചന്ദ്രശേഖര്‍ എന്ന സംരംഭകന്‍ പിറവികൊണ്ടതും അന്ന്
ആദ്യത്തെ യൂണികോണ്‍ ഉടമ
100 കോടി ഡോളറിലധികം മൂല്യമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്പ് കമ്പനിയെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് യൂണികോണ്‍. ആദ്യ ഇന്ത്യന്‍ മൊബൈല്‍ കമ്പനി എന്നതുപോലെ രാജ്യത്തെ ആദ്യത്തെ യൂണികോണ്‍ കമ്പനി ഉടമയും രാജീവ് ചന്ദ്രശേഖര്‍ ആയിരുന്നു. 2005ല്‍ ബിപിഎല്‍ മൊബൈല്‍ ഹച്ചിസണിന് 110 കോടി ഡോളറിന് വിറ്റതാണ് രാജ്യത്തെ ആദ്യ യൂണികോണ്‍ കച്ചവടം. ടെലികോം മേഖലയിലേയ്‌ക്ക് വന്‍കിടക്കാര്‍ കടന്നു വന്നു. സൗജന്യ സ്‌പെക്ട്രത്തിന് വേണ്ടിയുള്ള ലോബിയിംഗിനോട് പൊരുത്തപ്പെടാന്‍ പ്രയാസമായതിനാലായിരുന്നു രാജീവിന്റെ പിന്മാറ്റം. ബിപിഎല്‍ വിറ്റുകിട്ടിയ 100 കോടി ഡോളറിന്റെ പ്രാരംഭ നിക്ഷേപത്തോടെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന പേരില്‍ നിക്ഷേപ സ്ഥാപനം സ്ഥാപിച്ചു. സാങ്കേതികവിദ്യ, മീഡിയ, ഹോസ്പിറ്റാലിറ്റി, വിനോദം എന്നിവയില്‍ നിക്ഷേപവും ആസ്തികളും ഉണ്ട്. സംരംഭകന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന് ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു
മൈക്രോസോഫ്റ്റിലെ നിയമനം
ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1988ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ഉടന്‍ രാജീവ് ചന്ദ്രശേഖറിന് നിയമന ഉത്തരവ് ലഭിച്ചു. അതും മൈക്രോസോഫ്റ്റ് കമ്പനിയില്‍ നിന്ന്. സോഫ്റ്റ് വയര്‍ പഠിച്ച ആള്‍ക്ക് കിട്ടാവുന്ന ഏറ്റവു നല്ല ജോലി. ജോലിക്ക് ചേരാന്‍ തയ്യാറാകുമ്പോഴാണ് ഹാര്‍ഡ് വയര്‍ കമ്പിനിയായ ഇന്റലില്‍ ചേരാന്‍ അവിടെ ഉയര്‍ന്ന പദവി വഹിച്ചിരുന്ന ഇന്ത്യക്കാരനായ വിനോദ് ധാം ഫോണ്‍വിളിക്കുന്നത്. വിനോദിന്റെ സഹോദരന്‍ രാജീവിന്റെ അച്ഛന്റെ സുഹൃത്തും സൈന്യത്തില്‍ ഒപ്പമുണ്ടായിരുന്ന ആളുമാണ്. ആ വഴിക്കാണ് വിളി വന്നത്.
ഹാര്‍ഡ്‌വയര്‍ രംഗത്തെ ആചാര്യനുമായിരുന്ന വിനോദ് ധാമിന്റെ നിര്‍ബന്ധത്തിന് വഴങ്ങി. ഇന്റലില്‍ പ്രോസസര്‍ രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്ചറല്‍ ടീമിന്റെ ഭാഗമായി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. . എംബിബിഎസ് പഠനത്തിന് പ്രവേശനം കിട്ടിയത് ഉപേക്ഷിച്ചാണ് മെക്കാനിക്കല്‍ എഞ്ചിനീയറാകാന്‍ രാജീവ് ചന്ദ്രശേഖര്‍ മണിപ്പാല്‍ എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയത്. അവിടെവെച്ചാണ് ആദ്യമായി കമ്പ്യൂട്ടര്‍ കാണുന്നത്. അതിശയത്തോടെ കണ്ട കമ്പ്യൂട്ടര്‍ അഭിനിവേശമായി. കമ്പ്യൂട്ടര്‍ പഠനമാണ് തനിക്കു പറ്റിയത് എന്ന തീരുമാനം എടുത്തു. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ദല്‍ഹിയില്‍ സോഫ്‌ടെക് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയില്‍ ജോലിക്ക് കയറി. എങ്കിലൂം കമ്പ്യൂട്ടറിനെക്കുറിച്ച് കൂടുതല്‍ പഠിക്കണം എന്ന ത്വര എത്തിച്ചത് അമേരിക്കയില്‍ .
വ്യോമസേനക്ക് ‘പരശുരാമന്‍’
കഴിഞ്ഞ റിപ്പബഌക് ദിനത്തില്‍ ദല്‍ഹിയിലെ കര്‍ത്തവ്യ പഥത്തിലെ ആകാശവീഥിയിലൂടെ ആധുനിക യുദ്ധവിമാനങ്ങള്‍ക്കൊപ്പം ‘പരശുരാമ’യും പറന്നു നീങ്ങിയപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ അത്യാഹഌദത്തോടെ കണ്ടുനിന്നു. ഒരു കാലത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായിരുന്ന 1930 മോഡല്‍ ഡക്കോട്ട വിമാനം വീണ്ടും സൈന്യത്തിന്റെ ഭാഗമാക്കിയത് അദ്ദേഹമായിരുന്നു. ബംഗ്ലാദേശ് അടക്കം നിരവധി യുദ്ധമുഖങ്ങളില്‍ ഇന്ത്യക്ക് വീരേതിഹാസ വിജയം സമ്മാനിച്ച ഡക്കോട്ട വിമാനങ്ങള്‍ കാലപ്പഴക്കം മൂലം സൈന്യത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു.രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് വ്യോമസേനയില്‍ നിന്ന് എയര്‍ കമ്മ ഡോര്‍ ആയിരുന്ന എം.കെ. ചന്ദ്രശേഖര്‍ ഡക്കോട്ട വിമാനങ്ങള്‍ നിരവധി യുദ്ധമുഖങ്ങളിലേക്ക് പറത്തിയിരുന്നു. അതിന്റെ സ്മരണ നിലനിര്‍ത്തിയും സേനയോടുള്ള ആദരസൂചകമായുമാണ് ഉപയോഗക്ഷമമല്ലാതെ വിറ്റുകഴിഞ്ഞിരുന്ന ഡക്കോട്ട വിമാനം വീണ്ടെടുത്ത് സേനക്ക് സമ്മാനിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചത്. ഇംഗ്ലണ്ടില്‍ ആരംഭിച്ച പുനരുദ്ധാരണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പറക്കല്‍ സജ്ജമാക്കുന്നതിന് ആറ് വര്‍ഷത്തിലേറെ എടുത്തു. ‘ പരശുരാമ’ എന്ന് പുനര്‍ നാമകകരണം നടത്തിയാണ് ഡക്കോട്ടയെ സൈന്യത്തിന്റെ ഭാഗമാക്കിയത്.
സൈനികന്റെ മകന്‍ എന്ന സ്വത്വമാണ് രാജീവ് ചന്ദ്രശേഖര്‍ എപ്പോഴും ഒന്നാമതായി കണ്ടത്. കാര്‍ഗില്‍ വിജയദിവസം ആഘോഷിക്കാനും സൈനികരുടെ വോട്ടവകകാശം, വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍, സൈനികരക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ഫഌഗ്് ഓഫ് ഓര്‍ണര്‍ എന്നിവയ്‌ക്കും വേണ്ടി അനവരതം പോരാടാനും പ്രേരിപ്പിച്ചതും സൈനികപുത്രനെന്ന അഭിമാനബോധമാണ്.. പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും രാജീവ് ചന്ദ്രശേഖര്‍ ആയിരുന്നു
ഗുജറാത്തില്‍ ജനിച്ച മലയാളി
പതിനെട്ടു വര്‍ഷം കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറിനോട് ലോകസഭയിലേയ്‌ക്ക് ‘മത്സരിക്കേണ്ടി വരും, ഏതുമണ്ഡലമാണ് ഇഷ്ടം’ എന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോള്‍ പെട്ടന്നു പറഞ്ഞ ഉത്തരം ‘തിരുവനന്തപുരം’. 30 വര്‍ഷമായി താമസിക്കുന്ന ബാംഗിളൂരോ ജനിച്ച അഹമ്മദാബാദോ പറഞ്ഞില്ല.. ഏതു സീറ്റു ചോദിച്ചാലും ലഭിച്ചേക്കുമായിരുന്നു. എന്നിട്ടും ആവശ്യപ്പെട്ടത് തിരുവനന്തപുരം. ജീവിതത്തില്‍ ഓരോ പടവിലും സംഭവിച്ചതുപോലെ ‘അദൃശ്യ ഇടപെടല്‍’ അവിടെയും ഉണ്ടായി.
പാലക്കാട് കോട്ടായി മങ്ങാട് കാരക്കാട് സ്വദേശി എം കെ ചന്ദ്രശേഖറി്‌ന്റേയും
തൃശൂര്‍ ദേശമംഗലം കൊണ്ടയൂര്‍ ഉണ്ണിയാട്ടില്‍ തറവാട്ടില്‍ ആനന്ദവല്ലി അമ്മയുടേയും മകനായ രാജീവിന്റെ ജനനം ഗുജറാത്തിലെ അഹമ്മദാബാദില്‍. പിതാവ് നാവിക സേനയില്‍ എയര്‍ കമ്മഡോര്‍ ആയിരുന്നതിനാല്‍ സ്ഥലമാറ്റത്തിനനുസരിച്ചായിരുന്നു ജീവിതം. സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനു തുടക്കം തൃശ്ശൂര്‍ കുര്യാച്ചിര സെന്റ് പോള്‍സ് സ്‌ക്കൂളില്‍. തുടര്‍ന്ന് രാജ്യത്തെ 12 കേന്ദ്രവിദ്യാലയങ്ങളിലായി സ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ഭാര്യ: അഞ്ജു . രണ്ടു മക്കള്‍: വേദ്, ദേവിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: