പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേരളത്തിലെ സവിശേഷതകളില്‍ ഒന്ന് അതിശക്തമായ ത്രികോണ മത്സരമാണ്. ജയപരാജയങ്ങള്‍ ആര്ക്കൊപ്പമായിരുന്നാലും എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ കളം നിറഞ്ഞിരിക്കുന്നു. ബിജെപിയുടെയും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ത്രികോണ മത്സരംതന്നെയാണ് മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ളതെങ്കിലും ഇപ്പോഴത്തേതുപോലുള്ള ഒരു രാഷ്ട്രീയ ധ്രുവീകരണം സംഭവിച്ചിരുന്നില്ല. ഉത്തര ഭാരതത്തില്‍ വലിയൊരളവോളം മത്സരം ഏകപക്ഷീയമാണ്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിനോ പ്രാദേശിക കക്ഷികള്‍ക്കോ കഴിയുന്നില്ല. ത്രികോണ മത്സരം നടക്കുന്ന ദക്ഷിണ ഭാരത സംസ്ഥാനങ്ങള്‍ എടുക്കുമ്പോഴും കേരളം ഒപ്പത്തിനൊപ്പമുണ്ട്. ബിജെപിയുടെ മത്സരക്ഷമതയാണ് ഇതിന് കാരണം.
ശക്തമായ ത്രികോണ മത്സരം നടക്കുന്നവയില്‍ കേരളത്തിനകത്തും പുറത്തുമുള്ളവര്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. കേന്ദ്ര ഐടി- നൈപുണ്യ വികസന മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും കോണ്‍ഗ്രസ് നേതാവ് ശശി തരൂരൂം ഏറ്റുമുട്ടുന്നതാണ് ഇതിനു കാരണം. ദേശീയതലത്തില്‍ സിപിഐ, കോണ്‍ഗ്രസ്സിന്റെ മുന്നണിയിലായതിനാല്‍ പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് രാഷ്ട്രീയമായ പ്രസക്തിയില്ല. വയനാട് മണ്ഡലത്തില്‍ രാഹുലിനെതിരെ ആനി രാജ മത്സരിക്കുന്നതുപോലെ അസംബന്ധമാണത്. തിരുവനന്തപുരം മണ്ഡലത്തില്‍ മുന്‍കാലത്ത് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ മാറിമാറി ജയിച്ചിട്ടുള്ളതാണെങ്കിലും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ശശി തരൂര്‍ തുടര്‍ച്ചയായി ജയിച്ചുപോരുകയായിരുന്നു. ഇതിന് മാറ്റംവരുമോ എന്നതാണ് എല്ലാവര്ക്കും അറിയേണ്ടത്.
ശശി തരൂരിന്റെ പോലും മാനസികാവസ്ഥ ഇതാണ്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോ മത്സരിച്ചേക്കാമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും പലതവണ തിരുവനന്തപുരം സന്ദര്‍ശിച്ചത് ഈ ധാരണ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതോടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണെന്ന് തരൂരിന് തോന്നി. തിരുവനന്തപുരത്ത് മോദിതന്നെ മത്സരിച്ചാലും തനിക്ക് കുഴപ്പമില്ലെന്ന തരൂരിന്റെ പ്രതികരണം യഥാര്‍ത്ഥത്തില്‍ ആത്മവിശ്വാസത്തിന്റേതായിരുന്നില്ല, ആശങ്കയുടേതായിരുന്നു.
രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. സുരക്ഷിതമണ്ഡലമായ തിരുവനന്തപുരത്ത് അനായാസം ജയിച്ചുകയറാമെന്ന തരൂരിന്റെ മോഹത്തിന് മങ്ങലേറ്റു. രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വം തരൂരിന് ഒരു ചെക്ക് ആയിരുന്നു. രാജീവിന്റെ വൈയക്തികവും രാഷ്ട്രീയവുമായുള്ള ട്രാക്റെക്കോര്ഡ് മറുനീക്കങ്ങള്‍ക്ക് തരൂരിനെ അശക്തനാക്കി. വിദ്യാസമ്പനായ മലയാളി എന്നതായിരുന്നു തരൂരിലെ ആകര്‍ഷക ഘടകം.
അഭ്യസ്തവിദ്യരുടെ തട്ടകമായ തിരുവനന്തപുരം മണ്ഡലത്തില്‍ ഈ പ്രതിച്ഛായ വിറ്റഴിക്കാന്‍ തരൂരിന് കഴിഞ്ഞു. എന്നാല്‍ രാജീവ് എതിരാളിയായി വന്നതോടെ ഇതിനുള്ള സാധ്യത ഇല്ലാതായി. വിദ്യാഭ്യാസ യോഗ്യതയില്‍ തരൂരിനൊപ്പമാണ് രാജീവിന്റെ സ്ഥാനം. അമേരിക്കയില്‍നിന്ന് ഉന്നത വിജയം നേടുകയും, ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്റെലില്‍ ജോലി നേടുകയും ചെയ്ത പ്രതിഭാശാലിയാണ് രാജീവ്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുണ്ട്. അതിലുപരി നവീനമായ ഒരുപാട് ആശയങ്ങളും രാജീവിനെ വ്യത്യസ്തനാക്കുന്നു. തരൂരിനെ അപേക്ഷിച്ചു രാജീവിന് വേറെയും അധിക യോഗ്യതകളുണ്ട്. ഒരു സംരംഭകന് എന്നതാണ് അതിലൊന്ന്. ഭാരതത്തിലെ ഏറ്റവും ആദ്യത്തെ യൂണികോണ്‍ (100 കോടി ഡോളറിലേറെ മൂല്യമുള്ള സ്റ്റാര്‍ട്ടപ് കമ്പനി) ആയ ബിപിഎല്‍ മൊബൈലിന്റെ സ്ഥാപകന്‍, കമ്പ്യൂട്ടര്‍ ലോകത്ത് വര്‍ഷങ്ങളോളം ആധിപത്യം നിലനിര്‍ത്തിയിരുന്ന പെന്റിയം ചിപ്പിന്റെ രൂപകല്‍പ്പനയില്‍ പങ്കാളിയായ ഏക മലയാളി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സുരക്ഷയ്ക്കായി രൂപംകൊണ്ട ഐടി വിദഗ്ധരുടെ കൂട്ടായ്മയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ടെക്നോക്രാറ്റ്, ലോകത്തെ വന്‍ കമ്പനികളില്‍ ഒന്നായ ടെസ്സയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്കിനെപ്പോലുള്ളവരുടെ അടുത്ത സുഹൃത്ത്. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെയ്ക്കും മൈക്രോസോഫ്റ്റിന്റെ സത്യാ നദെല്ലെയ്ക്കുമൊപ്പം സ്ഥാനമുള്ള ഐടി വിദഗ്ധന്‍. ഇവയൊക്കെ രാജീവിനു മാത്രം അവകാശപ്പെട്ടതും, തരൂരിനെ നിഷ്പ്രഭനാക്കുന്നതുമായ ബഹുമതികളും നേട്ടങ്ങളുമാണ്.
യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ തരൂരിന് ഉണ്ടായിരുന്ന വിശ്വപൗരന്റെ പരിവേഷം ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ ഒരു ഘടകമേയല്ല. യുഎന്‍ പദവിയിലിരുന്നുകൊണ്ട് ചെയ്തുകൊടുത്ത ചില ‘സേവനങ്ങളുടെ’ പേരിലാണല്ലോ തരൂര്‍ കോണ്‍ഗ്രസ് നേതാവായത്. ഇതിന്റെ അണിയറക്കഥകള്‍ ഒട്ടും അഭിമാനകരമല്ലെന്നാണ് അറിയുന്നത്.
തരൂര്‍ അടിസ്ഥാനപരമായി ഒരു ഷോമാനാണ്. പാര്‍ലമെന്റിനകത്തും പുറത്തും ഇതാണ് ജനങ്ങള്‍ കണ്ടിട്ടുള്ളത്. ജനസേവകന് എന്ന നിലയ്ക്കുള്ള തരൂരിന്റെ പ്രകടനം ശരാശരിയിലും താഴെയാണ്. മൂന്നുവട്ടം എംപിയായിരുന്നിട്ടും സ്വന്തം മണ്ഡലത്തില്‍ ചെയ്യാമായിരുന്നതൊന്നും തരൂര്‍ ചെയ്തില്ല. വാഗ്ദാനം ചെയ്തതൊക്കെ പ്രാവര്‍ത്തികമാക്കാനുള്ള സാവകാശം തരൂരിന് വേണ്ടുവോളം ലഭിച്ചതാണ്. പക്ഷേ മുന്‍ഗണനകള്‍ മറ്റുചിലതായ തരൂര്‍ ഇക്കാര്യത്തില്‍ ഒരു പരാജയമായിരുന്നു. ഒരുതവണകൂടി തന്നെ വിജയിപ്പിക്കണമെന്ന് പറയാനുള്ള അര്‍ഹത തരൂരിനില്ല. കാരണം തരൂര്‍ എത്രതവണ തെരഞ്ഞെടുക്കപ്പെട്ടാലും അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
ജനങ്ങള്‍ തെരഞ്ഞെടുത്ത എംപി അല്ല രാജീവ് ചന്ദ്രശേഖര്‍, രാജ്യസഭാ എംപിയാണ്. എന്നിട്ടും ജനപ്രതിനിധി എന്നനിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും രാജ്യത്തിന് ചെയ്ത സേവനങ്ങള്‍ നിരവധിയാണ്. രാജീവിന്റെ കീഴിലുള്ള നൈപുണ്യ വികസന മന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികള്‍ നീക്കം ചെയ്യാനുള്ള നിയമ നിര്‍മാണത്തിനു പിന്നില്‍ മുഖ്യമായും പ്രവര്‍ത്തിച്ചത് ചന്ദ്രശേഖരന്റെ കരങ്ങളാണ്. കാര്‍ഗില്‍ വിജയ് ദിവസ് ദേശീയ ആഘോഷമാക്കാനും, സൈനികരുടെ വോട്ടവകാശത്തിനുവേണ്ടിയും, വണ്‍ മാന്‍ വണ്‍ പെന്‍ഷനു വേണ്ടിയും പോരാടിയ രാജ്യസ്നേഹിയുമാണ്.
രാജ്യത്തിനുവേണ്ടി ജീവന് ബലികഴിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കുള്ള ഫഌഗ്സ് ഓഫ് ഓണറും, ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ആര്‍സി ഫൗണ്ടേഷനും രാജീവിന്റെ എടുത്തുപറയാവുന്ന നേട്ടങ്ങളാണ്. ഇങ്ങനെയൊരു പശ്ചാത്തലം തരൂരിന് അവകാശപ്പെടാനില്ല. കേന്ദ്രമന്ത്രിയായിരിക്കെ ഐപിഎല്‍ അഴിമതിയെ തുടര്‍ന്ന് തരൂരിന് രാജിവയ്ക്കേണ്ടിവന്നതാണല്ലോ. ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പിന്നീട് നേരിടേണ്ടി വന്നു. പുതിയൊരു ലൈംഗിക പീഡന ആരോപണംകൂടി തരൂരിനെതിരെ വന്നിരിക്കുന്നു.
ജനപ്രതിനിധിയായിരുന്ന പത്ത് വര്‍ഷവും പരാജയമായിരുന്നിട്ടും 2019 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും തരൂര്‍ ജയിക്കാന്‍ കാരണം സവിശേഷമായ രാഷ്ട്രീയ സാഹചര്യമാണ്. കേന്ദ്രത്തില്‍ അധികാരമാറ്റം ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ച ചില വിഭാഗങ്ങള്‍ സംഘടിതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ആ സാഹചര്യം ഇപ്പോള്‍ ഇല്ല. തരൂരിനെപ്പോലൊരാള്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് തിരിച്ചറിയാനുള്ള വിവേകം ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്.
ഇതിന് നേര്‍വിപരീതമാണ് രാജീവ് ചന്ദ്രശേഖറിന്റെ അവസ്ഥ. തെരഞ്ഞെടുക്കപ്പെട്ടാല്‍ തിരുവനന്തപുരത്തിന് ഒരും എംപിയെ മാത്രമല്ല ലഭിക്കുക, ഒരു കേന്ദ്ര മന്ത്രിയെക്കൂടിയാണ്. തിരുവനന്തപുരത്തെ വികസനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ ഇതിലൂടെ രാജീവിന് കഴിയും. തരൂരിന്റെ വികസനം പ്രസംഗങ്ങളില്‍ മാത്രമായിരുന്നു. അത് പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള അവസരം ലഭിച്ചിരിക്കുന്നത് രാജീവിനാണ്. മൂന്നുതവണ എംപി ആയിരുന്നിട്ടും ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ക്കായി തരൂര്‍ വീണ്ടും വോട്ട് ചോദിക്കുന്നത് ഒരര്‍ത്ഥത്തില്‍ അപമര്യാദയാണല്ലോ.
തരൂര്‍ ഒരു ഷോമാനാണെങ്കില് രാജീവ് ചന്ദ്രശേഖര്‍ പ്രാഗ്മാറ്റീഷ്യനാണ്. തന്നെ ഒറ്റത്തവണ ജയിപ്പിച്ചാല്‍ മതിയെന്നും, കാര്യങ്ങള്‍ നടപ്പാക്കിക്കാണിക്കാമെന്നും പറയുന്ന രാജീവില്‍ തിരുവനന്തപുരത്തുകാര്‍ക്ക് പൂര്‍ണ വിശ്വാസം അര്‍പ്പിക്കാം. മോദി സര്‍ക്കാരിന്റെ മൂന്നാമൂഴം ഉറപ്പാണെന്നിരിക്കെ തരൂരിന് വോട്ട് നല്‍കുന്നത് നിഷ്ഫലവും, രാജീവിനെ ജയിപ്പിക്കുന്നത് പ്രയോജനകരവുമാണെന്നും ആരെയും ബോദ്ധ്യപ്പെടുത്തേണ്ടതില്ല. തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന് മോദി സര്‍ക്കാര്‍ നല്കിയതും തുടങ്ങിവച്ചതുമായ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിന് ജനങ്ങള്‍ രാജീവിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്.
നരേന്ദ്ര മോദിയുടെ പ്രതിനിധിയായി ആരെത്തിയാലും അത് തന്റെ നില അസ്ഥിരപ്പെടുത്തുമെന്ന് തരൂരിന് മനസ്സിലായിരുന്നു. ഇതുകൊണ്ടാണ് തിരുവനന്തപുരത്ത് നടി ശോഭന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ ചാടിക്കേറി തരൂര്‍ നിഷേധിച്ചത്. എതിരാളിയായി രാജീവ് ചന്ദ്രശേഖര്‍ വന്നത് തരൂരിനെ പരിഭ്രാന്തനാക്കി. രാജീവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ തരൂര്‍ നടത്തിയത് ഇതുകൊണ്ടാണ്. ഇത് ജനങ്ങളില്‍ വലിയ അതൃപ്തിയുണ്ടാക്കി. രാജീവിന്റെ പരാതിയെ തുടര്‍ന്ന് പരാമര്‍ശങ്ങള്‍ പിന്‍വലിക്കേണ്ടി വന്നത് തരൂരിന് തിരിച്ചടിയായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിനും കോണ്‍ഗ്രസിനും വിജയപ്രതീക്ഷയായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ ഇതിനു മാറ്റം വന്നു. തരൂരോ രാജീവോ എന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ മാറി. പ്രചാരണം മുന്നേറിയപ്പോള്‍ രാജീവ് വ്യക്തമായ മേല്‍കൈ നേടുന്നതാണ് കണ്ടത്. തരൂരോ രാജീവോ എന്ന അനിശ്ചിതാവസ്ഥ നീങ്ങുകയും, രാജീവാണ് ലോക്സഭയില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കേണ്ടത് എന്നൊരു തീരുമാനത്തിലേക്ക് വോട്ടര്‍മാര്‍ എത്തിച്ചേരാനുമാണ് എല്ലാ സാധ്യതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: