ലണ്ടന്‍: മത്സരത്തിനിടെ പെനല്‍റ്റിക്ക് അവസരം കിട്ടിയപ്പോള്‍ കിക്കെടുക്കാന്‍ താരങ്ങള്‍ തമ്മില്‍ പിടിവലി. പേരുകേട്ട പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ താരങ്ങള്‍ തമ്മിലാണ് വളരെ കുറച്ചുനേരത്തെ തര്‍ക്കവും ഉന്തും തള്ളും നടന്നത്. ടീം നായകന് കൊണോര്‍ ഗല്ലഹറുടെ ഇപടെലിലൂടെ സ്ഥിതി ഗതികള്‍ ശാന്തമായപ്പോള്‍ കോള്‍ പാല്‍മര്‍ ഷോട്ട് ഉതിര്‍ത്തു ഗോളാക്കുകയും ചെയ്തു. പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ എവര്‍ട്ടണിനെതിരായ മത്സരത്തിനിടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ചെല്‍സി പരിശീലകന് മൗറീഷിയൊ പോച്ചെട്ടീനോ വാര്‍ത്താ സമ്മേളനത്തില്‍ ക്ഷുഭിതനായി.
ലോകത്തിന് മുന്നില്‍ വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്വതയില്ലാത്ത കുട്ടികളുടേതു പോലെ ഇത്തരം പെരുമാറ്റം പ്രോത്സാഹിപ്പിക്കാനാകില്ല. വാശികളൊന്നും നല്ലതല്ല. ടീമില്‍ സ്പോട്ട് കിക്കെടുക്കുന്നതിലെ സ്പെഷ്യലിസ്റ്റ് ആണ് പാല്‍മര്‍. തുടരെ ഒമ്പത് പെനല്‍റ്റികളാണ് താരം പിഴവില്ലാതെ വലയിലെത്തിച്ചിരിക്കുന്നത്. അതിനാല്‍ പെനല്‍റ്റിക്ക് അവസരം കിട്ടുമ്പോള്‍ സ്പോട്ട് കിക്കെടുക്കേണ്ട ഉത്തരവാദിത്തം പാല്മര്ക്കാണ്. എന്നിട്ടും താരങ്ങള്‍ എന്തിനിങ്ങനെ പെരുമാറിയെന്ന് മനസ്സിലാകുന്നില്ല. മുമ്പൊരു മത്സരത്തില്‍ മറ്റൊരു താരം റഹീം സ്റ്റെര്‍ലിങ്ങിന് സ്പോട്ട് കിക്ക് അവസരം നല്കിയപ്പോള് താരം അത് പാഴാക്കിയിരുന്നു. അതിനാലാണ് സ്ഥിരം പാല്‍മറെ തന്നെ പെനല്‍റ്റി ദൗത്യം ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നത്-പൊച്ചെട്ടീനോ പറഞ്ഞു.
മത്സരത്തില്‍ ചെല്‍സിയുടെ അഞ്ചാം ഗോളും പാല്‍മറുടെ നാലാം ഗോളുമാണ് പെനല്‍റ്റിയിലൂടെ ആഘോഷിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ താരം ഹാട്രിക് സ്വന്തമാക്കിയിരുന്നു. 13, 18, 29 മിനിറ്റുകളില്‍ പാല്‍മര്‍ ഗോളുകള്‍ നേടി. ആദ്യ പകുതിയുടെ അവസാനം നിക്കോളാസ് ജാക്സണും(44) ഗോള്‍ നേടി. ആദ്യപകുതിയില്‍ 4-0നാണ് ടീം മുന്നിട്ടു നിന്നത്. രണ്ടാം പകുതിയില്‍ കളിക്ക് 64 മിനിറ്റെത്തിയപ്പോളാണ് പെനല്‍റ്റി തര്‍ക്കം അരങ്ങേറിയത്. ഇതിന് ശേഷം 90-ാം മിനിറ്റില്‍ ടീം വീണ്ടും ഒരു ഗോള്‍ കൂടി നേടി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ചെല്‍സി ഇന്നലെ എവര്‍ട്ടണിനെ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: