പ്രാണപ്രതിഷ്ഠ കഴിഞ്ഞുള്ള ആദ്യ രാമനവമിയ്‌ക്കൊരുങ്ങി അയോധ്യ. രാമക്ഷേത്രത്തില്‍ ഇന്ന് ഉച്ചയ്‌ക്ക് 12.16ന് രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും.
രാംലല്ലയുടെ നെറ്റിയില്‍ അഞ്ച് മിനിട്ട് സൂര്യരശ്മികള്‍ പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു. സൂര്യാഭിഷേകത്തിനായി ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു.
രാത്രി 11 മണിവരെ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിവേദ്യസമയങ്ങളില്‍ അഞ്ച് മിനിറ്റ് ദര്‍ശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു.
ശ്രീരാമനവമി നാളില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ 19-ാം തീയതിവരെ സുഗം ദർശൻ പാസ്, വിഐപി ദർശൻ പാസ്, മംഗള ആരതി പാസ്, ശൃംഗാർ ആരതി പാസ്, ശയൻ ആരതി പാസ് എന്നിവ അനുവദിക്കില്ലെന്നും സംഘാടകർ അറിയിച്ചു.
ശ്രീരാമ ജന്മോത്സവത്തിന്റെ ആഘോഷം അയോധ്യ നഗരത്തിലുടനീളം നൂറോളം വലിയ എല്‍ഇഡി സ്‌ക്രീനുകളില്‍ സംപ്രേക്ഷണം ചെയ്യും. ട്രസ്റ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: