ഗയ: പ്രതിപക്ഷം ഭരണഘടന വച്ചു രാഷ്‌ട്രീയം കളിക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭരണഘടനാ വിരുദ്ധരെ ശിക്ഷിക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ ഗയയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ വികസനത്തിലേക്കു നയിക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണ് പ്രതിപക്ഷം. അവര്‍ ഭരണഘടനയെ വച്ചു രാഷ്‌ട്രീയം കളിക്കുന്നു. ഈ തെരഞ്ഞെടുപ്പ് അഹങ്കാരികളായ പ്രതിപക്ഷത്തെ ശിക്ഷിക്കാനാണ്. ഭരണഘടനാ വിരുദ്ധരെയും വികസിത ഭാരതത്തെ എതിര്‍ക്കുന്നവരെയും ശിക്ഷിക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്. എന്നെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും കള്ളം പ്രചരിപ്പിക്കുന്നു. അവര്‍ ഭരണഘടനയുടെ പേരില്‍ രാഷ്‌ട്രീയം കളിക്കുന്നു. എന്‍ഡിഎ ഭരണഘടനയെ മാനിക്കുന്നു. അംബേദ്കറും ഡോ. രാജേന്ദ്ര പ്രസാദും രൂപപ്പെടുത്തിയ ഭരണഘടനയാണ് എന്നെ പ്രധാനമന്ത്രിയാക്കിയത്. വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഭരണഘടനാ ദിനാചരണത്തിനു പോലും പ്രതിപക്ഷം എതിരാണ്. അംബേദ്കര്‍ വിചാരിച്ചാല്‍പ്പോലും ഭരണഘടന മാറ്റാനാകില്ല, മോദി തുടര്‍ന്നു.
അയോദ്ധ്യയില്‍ ബാലകരാമനെ പ്രതിഷ്ഠിച്ച ശേഷമുള്ള ആദ്യ രാമനവമിയാണ് ആഘോഷിക്കുന്നത്. ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ തടയാന്‍ മമത സര്‍ക്കാര്‍ ശ്രമിക്കുന്നു. അവര്‍ നിരവധി പ്രശ്‌നങ്ങളുണ്ടാക്കി. എന്നാല്‍ സത്യമേ വിജയിക്കൂ. കല്‍ക്കട്ട ഹൈക്കോടതി രാമനവമി ആഘോഷങ്ങള്‍ക്ക് അനുമതി നല്കി. പൂര്‍ണമായ ഭക്തിയോടെയും ആദരവോടെയും രാമനവമി ആഘോഷിക്കുമ്പോള്‍ ബംഗാളിലെ എല്ലാ സഹോദരീ സഹോദരന്മാരെയും അഭിനന്ദിക്കുന്നു. ജൂണ്‍ നാലിന് 400 സീറ്റോടെ എന്‍ഡിഎ അധികാരത്തിലെത്തും. ബംഗാളിന്റെ എല്ലാത്തരത്തിലുമുള്ള വികസനത്തിനാകും കേന്ദ്ര സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുക. ഗുണ്ടകള്‍ക്കു ബംഗാളിലേക്കു നുഴഞ്ഞുകയറാന്‍ എല്ലാ സൗകര്യവും തൃണമൂല്‍ കോണ്‍ഗ്രസ് ഒരുക്കിക്കൊടുത്തിരിക്കുന്നു, ബംഗാള്‍ ബലൂര്‍ഘട്ടിലെ തെരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു.
പത്തു വര്‍ഷമായി രാജ്യം വന്‍ കുതിപ്പിലാണ്. പത്തു കോടി സ്ത്രീകളാണ് സ്വയംസഹായ സംഘങ്ങളില്‍ ചേര്‍ന്നത്. അതില്‍ 1.25 കോടി ബിഹാറില്‍ നിന്നാണ്. ഭാരതത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിച്ചാണ് രാജ്യം മുന്നേറുന്നത്. ഗയയെ ലോകത്തിനു മുന്നില്‍ പൈതൃക നഗരമാക്കും.
സനാതന ധര്‍മത്തെ ഡെങ്കിയും മലേറിയയോടുമാണ് പ്രതിപക്ഷം ഉപമിക്കുന്നത്. ആര്‍ജെഡി ബിഹാറിനു രണ്ടു കാര്യങ്ങളേ നല്കിയുള്ളൂ, ജംഗിള്‍രാജും അഴിമതിയും. അവരുടെ ഭരണകാലത്ത് വ്യവസായം പോലെ അഴിമതി തഴച്ചുവളര്‍ന്നു. ആര്‍ജെഡിയും കോണ്‍ഗ്രസും സാമൂഹിക നീതിയുടെ പേരില്‍ രാഷ്‌ട്രീയം കളിക്കുകയായിരുന്നു, മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: