മുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ടെങ്കിലും മറ്റ് ഏഷ്യന്‍ കറന്‍സികളെ അപേക്ഷിച്ച് രൂപ മെച്ചപ്പെട്ട നിലയിലായിരുന്നു. ഇതിനാലാണ് ഇന്ത്യയുടെ ഓഹരി വിപണി മറ്റ് ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്, തായ് വാന്‍, തെക്കന്‍ കൊറിയ, ഹോങ്കോങ് എന്നിവിടങ്ങളിലെ ഓഹരിവിപണികളേക്കാള് നേട്ടമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട്. ഏകദേശം 2000 കോടി ഡോളറിന്റെ വിദേശനിക്ഷേപം ആണ് 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത്. ജിഡിപി വളര്‍ച്ച ഉള്‍പ്പെടെയുള്ള അനുകൂല സ്ഥൂലസാമ്പത്തിക സ്ഥിതിവിശേഷങ്ങള്‍ , മികച്ച കോര്‍പറേറ്റ് സാമ്പത്തികഫലങ്ങള്‍, സുസ്ഥിരമായ പലിശനിരക്ക്, നിയന്ത്രിതമായ നാണ്യപ്പെരുപ്പം, സുസ്ഥിരമായ നയങ്ങള്‍ വിദേശ-ആഭ്യന്തരനിക്ഷേപകരെ ആകര്‍ഷിക്കല്‍ എന്നിവയാണ് രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും ഇന്ത്യയുടെ ഓഹരി വിപണിയെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്.
യുഎസ് ബോണ്ടുകളുടെ വരുമാനം വര്‍ധിക്കുകയും ഡോളര്‍ ദീര്‍ഘകാലം സുശക്തമായി നിലകൊള്ളുമെന്നും ഉള്ള വിലയിരുത്തല്‍ വന്നതോടെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം പുറത്തേക്ക് ഒഴുകി. എന്നാല്‍ ഇന്ത്യയെ അത് അത്രയ്ക്കധികം ബാധിച്ചില്ല. റിസര്‍വ്വ് ബാങ്കിന്റെ സമയോചിത ഇടപെടലും ഇവിടുത്തെ അടിസ്ഥാനസൗകര്യമേഖലയിലെ സ്വകാര്യ-സര്‍ക്കാര്‍ നിക്ഷേപവും ഉപഭോഗം വര്‍ധിച്ചതും ഇന്ത്യന്‍ രൂപയെ ഒരു പരിധിവരെ സുസ്ഥിരമായി നിലനിര്‍ത്തി. 2023 ഏപ്രിലില്‍ ഒരു ഡോളറിന് 82.14 രൂപയായിരുന്നു. 2024 മാര്‍ച്ച് ഒന്നിനാകട്ടെ രൂപയുടെ വില 83.84 രൂപയായിരുന്നു. രൂപ ഇടിഞ്ഞിട്ടുണ്ട്. പക്ഷെ മറ്റ് ഏഷ്യന്‍ കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം കുറവായിരുന്നു. ഇന്ത്യന്‍ രൂപ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1.45 ശതമാനം ഇടിഞ്ഞു. പക്ഷെ ഇന്തോനേഷ്യന്‍ കറന്‍സിയായ രൂപയയുടെ മൂല്യം 6 ശതമാനം ഇടിഞ്ഞു. തായ് വാന്‍ ഡോളറും ആറ് ശതമാനത്തോളം ഇടിഞ്ഞു. ചൈനയുടെ യുവാന്റെ മൂല്യം നാല് ശതമാനവും തായ് ലാന്റിന്റെ തായ് ബാതിന്റെ മൂല്യം അഞ്ച് ശതമാനവും മലേഷ്യയുടെ റിംഗിറ്റിന്റെ മൂല്യം എട്ട് ശതമാനവും ഇടിഞ്ഞു.
ഇത് ഇന്ത്യയുടെ ഓഹരി വിപണിയെ ഏഷ്യയിലെ ഏറ്റവും ആകര്‍ഷകമായ വിപണിയാക്കി മാറ്റി. ഡോളര്‍ വരുമാനത്തില്‍ ഇന്ത്യയുടെ ഓഹരി വിപണി മെച്ചപ്പെട്ട നേട്ടം തിരിച്ചുനല്‍കി. തായ് വാനിലെ ഓഹരി വിപണിയില്‍ ഡോളര്‍ വരുമാനം 25 ശതമാനം കുറഞ്ഞു. ജപ്പാന് ഓഹരി വിപണിയില്‍ ഡോളര്‍ വരുമാനം 17 ശതമാനം കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: