തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാട്ടാക്കടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി വിഷയമുള്‍പ്പെടെ ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചു. മാസപ്പടി കേസ് പുറംലോകത്തെത്തിയത് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ മൂലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സി പി എം നേതാക്കളുടെ പങ്കും പ്രധാനമന്ത്രി ഉന്നയിച്ചു.കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും. സ്വര്‍ണക്കടത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. അഴിമതി നടത്തിയവരെ തുറങ്കില്‍ അടയ്‌ക്കും. കേരളത്തെ കൊള്ളയടിക്കുകയാണ് ഇടത് സര്‍ക്കാര്‍. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, പത്മനാഭ സ്വാമിയുടെ മണ്ണില്‍ വരാനായതില്‍ സന്തോഷമെന്ന് വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം തുടങ്ങിയത്.
ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. വര്‍ക്കല, നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളില്‍ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആര്‍ക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തില്‍ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും പ്രധാനമനന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും ഒരു വ്യത്യാസവും ഇല്ലെന്ന് പറഞ്ഞ മോദി രണ്ട് പേരും അഴിമതിക്കാരാണെന്നും അഴിമതി നടത്താന്‍ മത്സരിക്കുന്നവരാണെന്നും കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളാണെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു.
ഈ നാട്ടിലാണ് നാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പാദസ്പര്‍ശമുണ്ടായതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാട്ടാക്കടയിലെത്താന്‍ താമസിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: