സംസ്ഥാനത്തെ വിനോദസഞ്ചാരികളിൽ അധികം ആളുകളും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ജില്ലയാണ് ഇടുക്കി. ഇടുക്കിയിലെ കാടും മലകളും ഡാമുകളും എന്നും വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും വനത്തിന് നടുവിലൂടെയുള്ള യാത്രകളും എന്നും സഞ്ചാരികളെ ജില്ലയിലേക്ക് അടുപ്പിക്കുന്നു. എന്നാൽ ആസ്വാദനത്തിന് കൂടുതൽ സൗകര്യം ഉറപ്പുവരുത്തിയിരിക്കുകയാണ് വനം വകുപ്പ്. വർഷം മുഴുവൻ ബോട്ടുസവാരി നടത്തുന്നതിനുള്ള അവസരമാണ് വനം വകുപ്പ് കൊണ്ടുവന്നിരിക്കുന്നത്.
ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയുടെ കീഴിലാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. ഇടുക്കി വൈൽഡ് ലൈഫ് സാങ്ച്വറിയിൽ നിന്നും സഞ്ചാരികൾക്ക് ബോട്ടുസവാരി ആസ്വദിക്കാവുന്നതാണ്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 145 രൂപയും 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ് ഈടാക്കുക.
30 മിനിറ്റാണ് യാത്രാസമയം അനുവദിച്ചിരിക്കുന്നത്. വെള്ളാപ്പാറ ബോട്ടുജെട്ടിയിൽ നിന്നുമാണ് സവാരി ആരംഭിക്കുന്നത്. തുടർന്ന് ഇടുക്കി-ചെറുതോണി അണക്കെട്ടുകളിലൂടെ വൈശാലി ഗുഹയ്‌ക്ക് സമീപമെത്തും. ഈ വേളയിൽ സഞ്ചാരികൾക്ക് ചരിത്രം വിശദീകരിച്ച് നൽകുന്നതിനായി ഗൈഡും ഒപ്പമുണ്ടാകും. 18 പേർക്കാണ് ബോട്ടിൽ യാത്ര ചെയ്യാനാകുക. ബോട്ടുസവാരിക്കായി മുൻകൂർ ബുക്കുചെയ്യുന്നതിന് 8547603187, 9188796957 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: