വാഷിംഗ്ടണ്‍: ഇസ്രയേലിനെതിരായ പ്രത്യാക്രമണം അവസാനിപ്പിച്ചെന്നു ഇറാന് പ്രഖ്യാപിച്ചതിനിടെ, ഇറാന് നടത്തിയ വ്യോമാക്രമണത്തെ പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നടങ്കം അപലപിച്ചു. ഇറാന്റെ നഗ്നമായ ആക്രമണത്തിനു പ്രതികരിക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ ജി 7 രാജ്യങ്ങളുടെ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്.
ഇസ്രയേല്‍ നേതാക്കളുമായി യുഎസ് അടുത്തു ബന്ധപ്പെട്ടു കൊണ്ടിരിക്കും. ഡെലവെയറിലെ റഹോബോത് ബീച്ചില്‍ വാരാന്ത്യ ഒഴിവുകാലം റദ്ദാക്കി വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ബൈഡന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചു. പിന്നീട് യുഎസ് നാഷനല്‍ സെക്യൂരിറ്റി ടീമുമായി അദ്ദേഹം ചര്‍ച്ച നടത്തി. യുഎസിനു നേരെ ആക്രമണം ഉണ്ടായില്ലെങ്കിലും എല്ലാ ഭീഷണികളെയും നേരിടാന്‍ ഒരുക്കമാണെന്നു ബൈഡന് വ്യക്തമാക്കി.
അതിനിടെ യുഎസ് സേന ഇറാന്റെ 70 ഡ്രോണുകളും മൂന്നു ബാലിസ്റ്റിക് മിസൈലുകളും വീഴ്ത്തിയതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനു മൂല്യമുള്ള ഒന്നും നഷ്ടമായില്ല.
ആകാശത്തു ഡ്രോണുകള്‍ കണ്ടെത്തി അടിച്ചിടാന്‍ കഴിയുന്ന രണ്ടു ഡിസ്ട്രോയറുകള്‍ യുഎസ് ഇസ്രയേലിനു സമീപത്തു വിന്യസിച്ചിട്ടുണ്ടെന്നു വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിനെതിരായ ഏതു വ്യോമാക്രമണവും ബ്രിട്ടീഷ് വ്യോമസേന തടയുമെന്നു ലണ്ടനില്‍ പ്രതിരോധ വകുപ്പ് പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കാന്‍ ബ്രിട്ടന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. ഇറാന്റെ അര്‍ത്ഥമില്ലാത്ത ആക്രമണത്തെ അപലപിക്കുന്നു. ബ്രിട്ടീഷ് സേന മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നു പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു.
ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ചാണ് ആക്രമണം അവസാനിപ്പിച്ചെന്ന് ഇബ്രാഹിം റെയ്സി വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ ഇറാന് സൈന്യത്തെ പ്രശംസിക്കുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: