കണ്ണൂര്‍: സി പി എം നേതാവ് ടി പി വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് വീണ്ടും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യവിഷബാധയേല്‍ക്കും മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു വി വി ഐ പി സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് ഷാജി പറഞ്ഞത്.
കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തേ താന്‍ പറഞ്ഞപ്പോള്‍, തനിക്കെതിരെ കേസ് കൊടുക്കുമെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞത്. കേസ് കൊടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിയെ താന്‍ വെല്ലുവിളിക്കുകയാണെന്ന് ഷാജി പറഞ്ഞു. പേരാമ്പ്രയില്‍ യോഗത്തിലാണ് ഷാജി ആരോപണം ആവര്‍ത്തിച്ചത്.
ടി പി വധക്കേസിലെ രണ്ട് പ്രതികളാണ് മരിച്ചതെന്ന് കെ എം ഷാജി ചൂണ്ടിക്കാട്ടി. എന്നാല്‍ എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ടി പിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വിഷം നല്കി കൊലപ്പെടുത്തിയതാണോയെന്ന സംശയം നേരത്തേയും കെഎം ഷാജി പ്രകടിപ്പിച്ചിട്ടുണ്ട്. ഷാജിയുടെ ആരോപണം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് കുഞ്ഞനന്തന്റെ മകളും പ്രതികരിച്ചിരുന്നു.
ആര് എം പി നേതാവ് ടി പി ചന്ദ്രശേഖരന് വധക്കേസില്‍ 13ാം പ്രതിയായിരുന്നു പികെ കുഞ്ഞനന്തന്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് പരോളിലായിരിക്കെ ആമാശയത്തിലെ അണുബാധ മൂലമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: