ആലപ്പുഴ: പാര്‍ട്ടി വിടുമെന്നറിയിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിക്കു കത്തു നല്കിയ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി.ബാബുവിനെയും, കായംകുളം ഏരിയ കമ്മിറ്റിയംഗമായ അമ്മ കെ.എല്‍. പ്രസന്നകുമാരിയെയും അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി. ഇരുവരും ബിഡിജെഎസില്‍ ചേരുമെന്ന് പ്രചാരണം ശക്തമായതോടെയാണ് അടവുനയവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയത്. പ്രസന്നകുമാരിയെ കഴിഞ്ഞ ദിവസം ബിഡിജെഎസ് നേതാക്കള്‍ വീട്ടിലെത്തി കണ്ടിരുന്നു. പ്രസന്നകുമാരിയുടെയും മകന്റെയും പിന്നാലെ കുടൂതല്‍ പേര് സിപിഎം വിടാനുള്ള നീക്കത്തിലാണ്. ഇതോടെയാണ് കൂടുതല്‍ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സിപിഎം ശ്രമം തുടങ്ങിയത്.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഇരുവരെയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കും. പ്രസന്നകുമാരിയുമായി ചര്‍ച്ച നടത്താന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രനെയും ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷനെയും ചുമതലപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
കോണ്‍ഗ്രസ് പ്രവര്ത്തകന് സത്യനെ കൊലപ്പെടുത്തിയത് പാര്‍ട്ടിയാണെന്ന ബിപിന്റെ കത്ത് പുറത്തുവന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. ബിപിനും, പ്രസന്ന കുമാരിയും സംസ്ഥാന സെക്രട്ടറിക്കു നല്കിയ കത്തു ചോര്‍ന്നത് ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിക്കെതിരെ കൊലപാതക ആരോപണം വരെയുള്ള ബിപിന്റെ കത്ത് തെരഞ്ഞെടുപ്പു കാലത്തു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു കാലമായതിനാല്‍, തല്ക്കാലം കത്തു ചോര്‍ന്നതിന്റെ പേരില്‍ നടപടി വേണ്ടെന്നാണു നേതൃത്വത്തിലെ ധാരണ. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നേരത്തെ ആറു മാസത്തേക്കു സസ്പെന്‍ഷനിലായ ബിപിനെ തിരിച്ചെടുത്തപ്പോള്‍ ബ്രാഞ്ച് കമ്മറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി ആലോചിച്ചു നടത്തിയ കൊലപാതകമാണു കോണ്‍ഗ്രസ് പ്രവര്ത്തകന് കളീക്കല്‍ സത്യന്റേതെന്നു ബിപിന്റെ കത്തില്‍ പറയുന്നുണ്ട്. സത്യന് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നാണ് കത്തിലുള്ളത്. എന്നാല്‍ ആര്‍എസ്എസ് വിട്ട സത്യന് വര്‍ഷങ്ങളായി കോണ്ഗ്രസിലായിരുന്നെന്നുവെന്ന് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നിട്ടും ആര്‍എസ്എസ് പ്രവര്ത്തകന് എന്നു കത്തില്‍ പരാമര്‍ശിച്ചതു ബോധപൂര്‍വമാണെന്ന് അവര്‍ ആരോപിച്ചു. സത്യന് കൊലക്കേസില്‍ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നാണു ബിപിന്‍ പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം ഇരുവര്‍ക്കും എതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പാര്‍ട്ടിയിലെ മറുപക്ഷം പറയുന്നത്. ഇപ്പോഴത്തേത് താല്‍ക്കാലിക ഒത്തുതീര്‍പ്പ് മാത്രമാണെന്നും പാര്‍ട്ടിയെ വെല്ലുവിളിച്ചവര്‍ അധികനാള്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: