പത്തനംതിട്ട: ലൗജിഹാദ് കേരളത്തില്‍ നടക്കുന്നതായി ആദ്യം പറഞ്ഞത് ബിജെപി അല്ലെന്നും ഇക്കാര്യം ജനശ്രദ്ധയില്‍ എത്തിച്ചത് വിവിധ ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാരും മുന്‍ ഡിജിപിമാരുമാണെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. പത്തനംതിട്ട പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് ദേശീയ ജനാധിപത്യ സഖ്യം തയ്യാറാക്കിയ വികസനപത്രികയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ഭാരതത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഈ വികസനത്തിനു കേരളത്തിലും വിശ്വാസഭൂമിയായ പത്തനംതിട്ടയിലും ദിശാബോധം നല്‍കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണിയുടെ വിജയം അനിവാര്യമാണെന്നും ലേഖി പറഞ്ഞു.
കേരളം വലിയ സാമ്പത്തിക പരാധീനതയിലും കടക്കെണിയിലും ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നു കേരളത്തിലും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നിര്‍വഹണപ്പിഴവും പിടിപ്പുകേടും ധൂര്‍ത്തും അഴിമതിയുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും ആക്കിയത്.
മോദി സര്‍ക്കാര്‍ 10 വര്‍ഷത്തിനിടെ നികുതി വിഹിതമായി 1,55,649 കോടിയും സാമ്പത്തിക സഹായമായി 1,49,311 കോടിയും പ്രത്യേക ധനസഹായമായി 1,800 കോടിയും കേരളത്തിന് കൈമാറിയിട്ടുണ്ട്. ഇതു കൂടാതെ സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപ വേറെയും കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ചെലവഴിക്കുന്നുണ്ട്.
ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കല്‍, ജല്‍ ജീവന്‍ മിഷന്‍, കൊച്ചി മെട്രോ, ആയുഷ്മാന്‍ ഭാരത് യോജന, പ്രധാനമന്ത്രി ആവാസ് യോജന, കിസാന്‍ സമ്മാന്‍ നിധി, കൊച്ചി സ്മാര്‍ട് മിഷന്‍, അമൃത് പദ്ധതി തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനമല്ലാതെ മറ്റൊന്നും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് എതിരെ തട്ടിക്കൂട്ടു പ്രതിപക്ഷമാണ് മത്സരിക്കുന്നത്. ഇന്‍ഡി സഖ്യം ഒന്നടങ്കം അഴിമതിക്കാരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി കരമന ജയന്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: