ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മതീന് താഹ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാരത മൊഡ്യൂളിന്റെ തലവനെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് താഹയേയും ബോംബ് സ്ഥാപിച്ച മുസാഫിര്‍ ഹുസൈന് ഷാസിബിനേയും കൊല്‍ക്കത്തയില്‍ നിന്ന് നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പ്രതികളെ സഹായിച്ച ഒരാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അഞ്ച് വര്‍ഷമായി ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന താഹയാണ് ബെംഗളൂരു കഫേ സ്ഫോടനം ആസൂത്രണം ചെയ്തത്. 2022 നവംബറില്‍ നടന്ന മംഗളൂരു പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനം, 2022ല്‍ ശിവമോഗ ട്രയല്‍ സ്ഫോടനം, 2020ല്‍ അല്‍ ഹിന്ദ് മൊഡ്യൂള്‍ കേസ് എന്നിവയുമായി താഹയ്ക്ക് ബന്ധമുണ്ട്.
ഐഎസിന്റെ ”കേണല്‍ എന്ന് വിശേഷിപ്പിക്കുന്നയാളുമായി താഹയ്ക്ക് നേരിട്ട് ബന്ധമുണ്ട്. രാജ്യത്ത് വിവിധയിടങ്ങളില്‍ കേസുകളുണ്ട്. ആരാണ് കേണല്‍, അയാളുടെ പ്രവര്‍ത്തന രീതി, കൂടിക്കാഴ്ചകള്‍, തീവ്രവാദ ഫണ്ടിങ് എന്നിവ കണ്ടെത്താന്‍ താഹയെയും മുസാവിര്‍ ഹുസൈന് ഷാസിബിനെയും എന്‍ഐഎ ചോദ്യം ചെയ്യും. കഫേ സ്ഫോടനത്തിന് ശേഷം താഹ തമിഴ്നാട് വഴിയും മുസാവിര്‍ ഹുസൈന് ബെംഗളൂരു വഴിയും രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടത്. അറസ്റ്റിലായ മറ്റൊരു പ്രതിയായ മുസമ്മില്‍ ഷെരീഫിന് ഐഇഡി കഫേയില്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് നിര്‍ദേശം നല്‍കിയത് താഹയായിരുന്നു.
ബോംബ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനായി താഹ ഒരാഴ്ചയിലേറെ കഫേയില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. ബോംബ് വെക്കുന്നയാള്‍ക്കുള്ള എന്‍ട്രി, എക്സിറ്റ് പ്ലാനുകള്‍ അടക്കം ഇവര്‍ തയാറാക്കിയിരുന്നു. സ്ഫോടനത്തിന് ലഭിച്ച വിദേശ ധനസഹായത്തെക്കുറിച്ച് വിശദമായ അന്വേഷണമാണ് എന്‍ഐഎ സംഘം പദ്ധതിയിടുന്നത്.
പ്രതികള്‍ ഒളിവില്‍ കഴിയാന്‍ ഉപയോഗിച്ചത് വ്യാജ ആധാര്‍ കാര്‍ഡുകളിലെ വിലാസമാണെന്നും മോഷ്ടിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ പ്രതികള്‍ ലോഡ്ജുകളില്‍ നല്‍കിയതായും എന്‍ഐഎ കണ്ടെത്തി. മുഖ്യ സൂത്രധാരനായ അബ്ദുള്‍ മവീന്‍ താഹ ക്രിപ്റ്റോ കറന്‍സി വഴിയാണ് സ്ഫോടനത്തിന് ഫണ്ട് സമാഹരിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
കഴിഞ്ഞ ദിവസമാണ് മുഖ്യസൂത്രധാരനായ അബ്ദുള്‍ മതീന് താഹയേയും ബോംബ് സ്ഥാപിച്ച മുസാഫിര്‍ ഹുസൈന് ഷാസിബിനേയും കൊല്‍ക്കത്തയിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് ശേഷം ബെംഗളൂരു വിട്ട ഇരുവരും നാല്പത് ദിവസത്തോളം ബംഗാളിലായിരുന്നു പ്രധാനമായും ഒഴിവില്‍ കഴിഞ്ഞത്.
സഞ്ജയ് അഗര്‍വാള്‍, ഉദയ് ദാസ്, ഉഷ പട്ടേല്‍, വിഘ്നേഷ് തുടങ്ങിയ പേരുകളാണ് ഇവര്‍ താമസിച്ച ലോഡ്ജുകളില്‍ നല്‍കിയത്. നാല് ദിവസം മുന്‍പാണ് താഹയും ഷാസിബും അറസ്റ്റിലായ ന്യൂ ദിഗ ലോഡ്ജില്‍ എത്തിയത്. ഡാര്‍ജിലിംഗില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയാണെന്നാണ് ഇവര്‍ ജീവനക്കാരോട് പറഞ്ഞത്.
കൊല്‍ക്കത്തയിലെ രണ്ട് ഹോട്ടലുകളില്‍ മഹാരാഷ്ട്രയിലെ പാല്‍ഗഡ്് സ്വദേശിയായ ഉഷ ഷാനവാസ് പട്ടേലിന്റെ പേരിലുള്ള ആധാര്‍ കാര്‍ഡാണ് ഇവര്‍ നല്‍കിയത്. മറ്റോരിടത്ത് കര്‍ണാടകയില്‍ നിന്നുള്ള വിഘ്നേശ ബി.ഡി., അന്മോല് കുല്‍ക്കര്‍ണി തുടങ്ങിയ പേരിലാണ് മുറിയെടുത്തത്.
കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി സ്വദേശികളാണ് താഹയും ഷാസിബും. ഐടി എന്‍ജിനീയറായ താഹ ശിവമോഗ ആസ്ഥാനമായുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ തെക്കന്‍ മൊഡ്യൂളിന്റെ മുഖ്യ കണ്ണിയാണ്. സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച ഷാസിബിന്റെ തൊപ്പിയാണ് അന്വേഷത്തില്‍ നിര്‍ണായകമായത്. ചെന്നൈയിലെ ഒരു കടയില്‍ നിന്നാണ് ഷാസിബ് തൊപ്പി വാങ്ങിയതെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: