കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നിര്വഹണപ്പിഴവും പിടിപ്പുകേടും ധൂര്‍ത്തും അഴിമതിയുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും ആക്കിയതെന്ന് കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി. മോദി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നികുതി വിഹിതമായി 1,55,649 കോടിയും സാമ്പത്തിക സഹായമായി 1,49,311 കോടിയും പ്രത്യേക ധനസഹായമായി 1,800 കോടിയും സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്.
എന്നാല്‍ സംസ്ഥാനം വലിയ സാമ്പത്തിക പരാധീനതയിലാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരിക്കുന്നുവെന്നു പുറത്തും പറഞ്ഞു കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന് ലഭിച്ച ഇത്രയും പണം എങ്ങോട്ട് പോയെന്ന് ജനങ്ങള്‍ ചോദിക്കണമെന്നു മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അതു കൂടാതെ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, ക്ഷേമപദ്ധതികള്‍ എന്നിവയില്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്.
ദേശീയപാത 6 വരിയായിട്ടുള്ള വികസനം, ജല്‍ ജീവന് മിഷന്, കൊച്ചി മെട്രോ, ആയുഷ്മാന്‍ ഭാരത് യോജന, പ്രധാനമന്ത്രി ആവാസ് യോജന, കിസാന്‍ സമ്മാന്‍ നിധി, കൊച്ചി സ്മാര്‍ട് മിഷന്, അമൃത് പദ്ധതി തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനമല്ലാതെ മറ്റൊന്നും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനര്‍ എ. അനൂപ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: