അത്യന്തം പ്രാചീനകാലത്തുതന്നെ മൂന്നു വൈദിക പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു ശ്രൗതപ്രസ്ഥാനം, ദര്ശനപ്രസ്ഥാനം, സ്മാര്‍ത്ത പ്രസ്ഥാനം. ഇവയുടെ പ്രതിനിധി രചനകളായി യഥാക്രമം ദശോപനിഷത്തുകള്‍, ബ്രഹ്മസൂത്രങ്ങള്‍, ഭഗവദ്ഗീത ഈ ഗ്രന്ഥസഞ്ചയമാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഭാരതീയ ദാര്‍ശനികതയുടെ അടിസ്ഥാന ഗ്രന്ഥങ്ങളായി എണ്ണപ്പെട്ടു വരുന്ന ഈ മൂന്നു ഗ്രന്ഥവിഭാഗങ്ങളേയും ഒരുമിച്ച് സൂചിപ്പിക്കുന്നതാണ് പ്രസ്ഥാനത്രയി എന്ന പ്രസിദ്ധമായ നാമധേയം.
അതിപ്രാചീനങ്ങളും വൈദികസംസ്കൃതത്തില്‍ ഉള്ളവയും മൗലികമായ ഗുരുശിഷ്യപാരമ്പര്യത്തില് കൂടിമാത്രം നിലനിന്നുവരുന്നവയുമായ വേദഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുള്ളത് സര്‍വശാസ്ത്ര പാരംഗതനായ സായണാചാര്യരാണെന്ന് പറയാറുണ്ടല്ലോ. ഇതുപോലെ നിത്യസ്മരണീയവും പ്രൗഢഗംഭീരവുമായ വ്യാഖ്യാനങ്ങള്‍ ആദ്യമായി എഴുതി, അവയില്‍ ഏകവാക്യത സ്ഥാപിച്ചത് ശ്രീശങ്കരഭഗവത്പാദരാണ്. അവയില്‍ ഏകവാക്യത സവാര അദ്ദേഹത്തിന്റെ സര്‍വതലസ്പര്‍ശിയായ ഭാഷ്യങ്ങളില്‍ കൂടിയാണ് ഹൈന്ദവദര്‍ശനങ്ങളുടെ ശിരോ രത്നമായ അദൈ്വതവാദത്തിന് ശാശ്വതമായ അസ്തിത്വവും അധി ഷ്ഠാനവും അംഗീകാരവും ലഭ്യമായത്. ഈ അദൈ്വതവാദം തന്നെയാണ് ബ്രഹ്മവിദ്യയുടെ കാതല്‍. ഭഗവദ്ഗീതയുടെ മുഖ്യപ്രമേയവും (രണ്ടാം അദ്ധ്യായം) ഇതുതന്നെ. സ്മാര്‍ത്ത പ്രസ്ഥാ നത്തിന്റെ പ്രതിനിധിയായത് ഗീതയിലെ അവസാനത്തിലുള്ള ആറ് അദ്ധ്യായങ്ങളില്‍ ആചാരശാസ്ത്രം ചര്‍ച്ച ചെയ്യപ്പെടുന്നതു കൊണ്ടാണ്.
ഏറ്റവും അധികം പ്രമാണഭൂതമായ ഗ്രന്ഥം
പഞ്ചമവേദമെന്ന പ്രശസ്തിയുള്ള മഹാഭാരതത്തില്‍ സര്‍വ വേദങ്ങളുടെയും അര്‍ത്ഥം മുഴുവന്‍ സംഗ്രഹിച്ചിട്ടുള്ളതായും മഹാ ഭാരതത്തിലെ സാരം മുഴുവന്‍ ഗീതയില്‍ സംഗ്രഹിച്ചിട്ടുള്ളതായുമാണ് അഭിജ്ഞന്മാര് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ സര്‍വ വേദശാസ്ത്രമയിയാണ് ഗീത എന്നും പറയപ്പെട്ടിരിക്കുന്നു.
ഭാരതേ സര്വ്വവേദാര്ത്ഥോ
ഭാരതാര്ത്ഥശ്ചകൃത്സ്നശഃ
ഗീതായാമസ്തിതേനേയം
സര്വശാസ്ത്രമയീമതാ
വേദസംഹിതകള്‍ക്കു പുറമേ ഗീത ഉപനിഷത്സാരമാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇതു കേവലം കപോലകല്പിതമോ ഗീതയെ മഹത്ത്വവത്കരിക്കാന്‍ പറഞ്ഞിട്ടുള്ളതോ അല്ല. ഈശാവാസ്യോപനിഷത് തുടങ്ങി പല മുഖ്യ ഉപനിഷത്തുകളിലേയും ആശയാനുവാദങ്ങളും അനുരണനങ്ങളും മാത്രമല്ല ചില ഉപനിഷത്തുകളിലെ പല പ്രധാന മന്ത്രങ്ങളും അപൂര്‍വ്വം വാക്കുകള്‍ മാറ്റിയും മാറ്റാതെതന്നെയും ഗീതയില്‍ ഉപയോഗിച്ചിട്ടുള്ളതായികാണാം.
ഉദാഹരണമായി കൃഷ്ണയജുര്വേദവുമായി ബന്ധമുള്ള പ്രാചീനോപനിഷത്തായ കഠോപനിഷത്തിലേയും ഗീതയിലേയും ശ്ലോകങ്ങള്‍ പരിശോധിക്കാവുന്നതാണ്.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: