തിരുവനന്തപുരം: 15 വര്‍ഷമായി തിരുവനന്തപുരത്ത് അടിസ്ഥാന സൗകര്യവികസനം കാര്യമായി ഒന്നും നടത്തിട്ടില്ലെന്നും ബാഴ്‌സിലോണയെ കുറിച്ച് പറഞ്ഞത് കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജമില്ലെന്ന് തെളിഞ്ഞെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പോലും നിറവേറ്റിക്കൊടുക്കാതെ ബാഴ്‌സിലോണ, നവകേരള സദസ്സ് എന്നൊക്കെ പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അംബേഡ്കര്‍ ജയന്തിയോടനുബന്ധിച്ച് ഹൗസിങ് ബോര്‍ഡ് ജങ്ഷനില്‍ അംബേഡ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി. അംബേഡ്കറുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനു മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ശരിക്കും ജനങ്ങളുടെ ജീവിത്തില്‍ ഒരു മാറ്റം കൊണ്ടു വരാനുള്ള തിരഞ്ഞെടുപ്പാണ്. ഇത് ഒരു പതിവു മത്സരമല്ല. അവസരമാണ്. എന്റെ പാര്‍ട്ടിക്കും എനിക്കും മോദിജിക്കും ഇതൊരു നിയോഗമാണ്. ഞങ്ങള്‍ക്ക് ജയിക്കാനല്ല, ജനങ്ങളുടെ ജീവിത്തില്‍ മാറ്റം കൊണ്ടു വരാനാണ് മത്സരം, രാജീവ് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം രാജ്യത്ത് എല്ലായിടത്തേയും പോലെ വികസനം, തുല്യത, അവസരങ്ങള്‍ തുടങ്ങിയ തന്നെയാണ്. കേരളത്തിന്റെയും തിരുവനന്തപുരത്തിന്റേയും കാര്യമെടുത്താല്‍ ജനങ്ങള്‍ക്ക് പെന്‍ഷനും സമയത്തിനു ശമ്പളവും വിതരണം ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് ധനസ്ഥിതി തകര്‍ന്നിരിക്കുന്നു. വീടും കുടിവെള്ളവുമില്ലാതെ നിരവധി ആളുകള്‍ വിഷമിക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ വളരെ മുന്നേറിയപ്പോള്‍ കേരളം ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്- അദ്ദേഹം പറഞ്ഞു.
ഒരു എംപി എന്ന നിലയില്‍ എത്ര മഹാനാണ് എന്നോ എത്ര കാലം വിദേശത്ത് കഴിഞ്ഞുവെന്നോ, എത്ര തവണ കാള്‍ മാക്‌സിന്റെ ദാസ് ക്യാപിറ്റല്‍ വായിച്ചു എന്നതോ അല്ല വിഷയം. അടിസ്ഥാനപരമായി ജനങ്ങളെ സേവിക്കലാണ്. കഴിഞ്ഞ 75 കൊല്ലക്കാലം അവര്‍ക്കു ലഭിക്കാതിരുന്ന കുടിവെള്ളം, വീട് പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കലാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരുവനന്തപുരം നഗര മധ്യത്തിലെ രാജാജി നഗറിലെ ജനങ്ങളുടെ അവസ്ഥ പോലും വേദനാജനമാണ്. എത്ര പരിതാപകരമാണ് കാര്യങ്ങളെന്ന് അവിടെ ചെന്നാല്‍ നേരിട്ടു കാണാം. യുഡിഎഫിന്റേയൊ എല്‍ഡിഎഫിന്റെയോ സ്ഥാനാര്‍ത്ഥികള്‍ ഈ തിരഞ്ഞെടപ്പു പ്രചാരണത്തില്‍ ഇന്നു വരെ വികസനത്തേയും പുരോഗതിയേയും കുറിച്ചോ ജനങ്ങളുടെ വിഷമം മാറ്റുന്നതിനെ കുറിച്ചോ പറഞ്ഞിട്ടുണ്ടോ. അവര്‍ ബീഫ്, സിഎഎ തുടങ്ങിയ വിഷയങ്ങളുടെ പിന്നാലെ കൂടി ജനങ്ങളെ പേടിപ്പിച്ച് ശ്രദ്ധതിരിക്കല്‍ രാഷ്‌ട്രീയമാണ് കളിക്കുന്നത്. താന്‍ ഉന്നയിക്കുന്നത് ജനങ്ങളുടെ ശരിക്കുമുള്ള പ്രശ്‌നങ്ങള്‍ക്ക് ആര് പരിഹാരമുണ്ടാക്കും എന്നതിനെ കുറിച്ചാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: