യുകെയില്‍ ഫാമിലി വിസ കിട്ടാനുള്ള വരുമാന പരിധി കുത്തനെ ഉയര്‍ത്തി യുകെ സര്‍ക്കാര്‍. ഇത് പ്രകാരം യുകെയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് അയാളുടെ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുപോകണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷം 30 ലക്ഷം രൂപ (29,000 പൗണ്ട്) ശമ്പളം വേണം. നേരത്തെ 18.71 ലക്ഷം രൂപ (18,600 പൗണ്ട്) വരെ വാര്‍ഷിക ശമ്പളം ഉള്ളവര്‍ക്കും കുടുംബവിസ നല്‍കിയിരുന്നു.
കുടുംബാംഗത്തിന് വിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാന പരിധിയില്‍ 55 ശതമാനത്തിലധികമാണ് ഒറ്റയടിക്ക് വര്‍ധന ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നും പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ വരെ ഫാമിലിയെ കൊണ്ടുപോകുന്ന സ്ഥിതിവിശേഷമായതോടെയാണ് നിയമം കര്‍ശനമാക്കിയത്.
അടുത്ത വര്‍ഷമാകുമ്പോഴേക്കും യുകെയില്‍ ജോലി ചെയ്യുന്നയാള്‍ക്ക് 40 ലക്ഷം രൂപ (38,700 പൗണ്ട്) വാര്‍ഷിക ശമ്പളമുള്ളവര്‍ക്കേ ഫാമിലി വിസ നല്‍കൂ. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ കര്‍ശന നടപടികളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ പകുതിയോളം പേരുടേയും മാസവരുമാനം 39,000 പൗണ്ടില്‍ താഴെയാണ്. ബ്രിട്ടണിലേക്ക് കുടിയേറുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര യുവാക്കളില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്ന് വരുന്നവരാണ്. അവരില്‍ വലിയൊരു ശതമാനം പേരും ഉന്നത പഠനത്തിന് യു കെയിലേക്ക് എത്തിയവരാണ്. ഇവര്‍ കുടുംബാംഗങ്ങളെ അവിടെ എത്തിച്ചിട്ടുണ്ട്. പഠിക്കാനായി അവിടെ എത്തിയവരുടെ 38 ശതമാനം പേര്‍ അവരുടെ ആശ്രിതരാണെന്നാണ് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. വരുമാനപരിധിയില്‍ വളരെപ്പെട്ടെന്ന് ഇത്രയും വലിയ വ്യത്യാസം വരുന്നത് ഇന്ത്യയില്‍ നിന്ന് യു കെയിലേക്ക് കുടിയേറുന്നവര്‍ക്ക് വലിയ തിരിച്ചടിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: