ഏതൊരു വ്യക്തിയും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമാണ് വിമാനയാത്ര. യാത്ര എളുപ്പവും സമയലാഭവും നൽകുന്നതാണെങ്കിലും ചിലവ് കയ്യിൽ ഒതുങ്ങുന്നതല്ല. സീസണൽ കാലഘട്ടത്തിലാണെങ്കിൽ വൻ തുകയാണ് ചിലവാക്കേണ്ടതായി വരിക. എന്നാൽ ചെറിയ ചിലവിൽ വിമാനയാത്ര നടത്താനുള്ള സൗകര്യവും നമ്മുടെ രാജ്യത്തുണ്ട്. 500 രൂപയിൽ താഴെ ചിലവാക്കി വിമാനയാത്ര ആസ്വദിക്കാനാവും എന്നത് പലർക്കും അറിയാത്ത കാര്യമാണ്. യാത്രയിൽ മനോഹരമായ ഭൂപ്രകൃതിയും കാഴ്ചകളും ആസ്വദിക്കാം.
വടക്കുകിഴക്കൻ ഇന്ത്യ എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. അസമിലെ ഗുവാഹത്തിയിൽ നിന്നും മേഘാലയിലെ ഷില്ലോംഗിലേക്കാണ് ഏറ്റവും ചിലവ് കുറഞ്ഞ വിമാന യാത്രകൾ ആസ്വദിക്കാനാകുക. നോർത്ത് ഈസ്റ്റ് ഇന്ത്യ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഈ യാത്ര ചെയ്യാവുന്നതാണ്. അലയൻസ് എയർ സർവീസ് ആണ് സേവനം നൽകുന്നത്.
ശനിയും ഞായറും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും. 350 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിൽ ഗുവാഹത്തി-ഷില്ലോംഗ് വിമാന യാത്ര ബുക്ക് ചെയ്യാനാകും. ഗുവാഹത്തിയിൽ നിന്നും ഷില്ലോംഗിലേക്ക് 50 മിനിറ്റാണ് യാത്രയ്ക്ക് വേണ്ടിയെടുക്കുന്ന സമയം. രാവിലെ 9.20-ന് ഗുവാഹത്തിയിൽ നിന്ന്
വിമാനം സർവീസ് ആരംഭിക്കും. 10.10-ഓടെ വിമാനം ഷില്ലോംഗിൽ എത്തിച്ചേരും. അലയൻസ് എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
വൈകിട്ട് 4.40-ന് ഷില്ലോംഗിൽ നിന്നും ഗുവാഹത്തിയിലേക്കും സർവീസ് ഉണ്ട്. 35 മിനിറ്റാണ് യാത്രാ സമയം. 5.15-ഓടെ വിമാനം ഗുവാഹത്തിയിൽ എത്തും. 400 രൂപയാണ് ടിക്കറ്റ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: