കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കുന്നതിനായി യൂറോപ്യൻ പേടകം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. യൂറോപ്പിന്റെ പ്രോബ-3 ബഹിരാകാശ പേടകമാണ് ഇസ്രോ വിക്ഷേപിക്കുന്നത്. പേടകത്തിന്റെ സഹായത്തോടെയാകും ഈ അപൂർവ്വ പ്രതിഭാസം സൃഷ്ടിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ എത്തുന്ന വേളയിലാണ് സൂര്യഗ്രഹണം നടക്കുന്നത്. സൂര്യഗ്രഹണത്തിന്റെ തോത് കുറയുന്ന വേളയിൽ പുതിയ ഗ്രഹണം സൃഷ്ടിക്കാനാകുന്ന ദൗത്യത്തിനാണ് രാജ്യം സജ്ജമായിക്കൊണ്ടിരിക്കുന്നത്.
ഒരു കൂട്ടം ഉപഗ്രഹങ്ങൾ ഒന്നിച്ച് സഞ്ചരിക്കുന്നതിന് പുറമെ സൂര്യവലയങ്ങളോട് ചേർന്ന് സൂര്യന്റെ പ്രകാശം കുറഞ്ഞ കൊറോണയെക്കുറിച്ച് പഠിക്കും. തുടർന്ന് 144 മീറ്റർ നീളത്തിൽ സോളാർ കൊറോണഗ്രാഫ് രൂപീകരിക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന ആദ്യ പേടകമാകും പ്രോബ-3. സൂര്യഗ്രഹണ സമയം മനുഷ്യർക്ക് അവരുടെ നഗ്‌ന നേത്രങ്ങളിലൂടെ ദൃശ്യമാകുക കൊറോണയെയാണ്. സൂര്യന്റെ നിഗൂഢതകളെ പൊതിഞ്ഞു നിൽക്കുന്ന പുറം പാളിയാണ് കൊറോണ.
സൂര്യനെക്കുറിച്ചും ഉയർന്ന-താഴ്ന്ന കൊറോണയെക്കുറിച്ചും പഠിക്കുന്നതിനുള്ള ഉപഗ്രഹങ്ങൾ ഇതിനോടകം തന്നെ ഇന്ത്യ വിക്ഷേപിച്ചു കഴിഞ്ഞു. എന്നാൽ താഴ്ന്ന കൊറോണയ്‌ക്കും ഉയർന്ന കൊറോണയ്‌ക്കും ഇടയിലുള്ള ചെറിയ അകലത്തെക്കുറിച്ച് പഠനങ്ങളൊന്നും തന്നെയില്ല. ഇവിടെ നിരീക്ഷിക്കുക പ്രയാസമാണ്. ബഹിരാകാശ പേടകങ്ങളുടെ കൃത്യമായ ഏകോപനത്തിലാണ് ദൗത്യത്തിന്റെ വിജയമുള്ളത്. ഇതിനോടനുബന്ധിച്ച് യൂറോപ്യൻ സ്പേസ് ഏജൻസി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ച സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്.
സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലാകും പേടകം വിക്ഷേപിക്കുക. എന്നാൽ വിക്ഷേപണ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉയർന്ന ഭ്രമണപഥത്തിൽ പേടകങ്ങളെ എത്തിക്കുക എന്നതാണ് യൂറോപ്യൻ ഏജൻസി ലക്ഷ്യം വയ്‌ക്കുന്നത്. പേടകത്തിൽ രണ്ട് ഉപഗ്രഹങ്ങളാണ് ഉള്ളത്. ഒക്ൾട്ടർ, കൊറോണഗ്രാഫ് എന്നീ ഉപഗ്രഹങ്ങൾ ഓരോ ഭ്രമണപഥത്തിലും ആറ് മണിക്കൂർ പ്രവർത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: