വയനാട്: ഇന്നത്തെ സുല്‍ത്താന്‍ ബത്തേരിക്ക് ‘ഗണപതിവട്ടം’ എന്നായിരുന്നു പേര്; അതിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ടിപ്പു സുല്‍ത്താന്‍ എന്ന, അക്രമി ഇവിടെ എത്തി, താവളവും ആയുധപ്പുരയും സ്ഥാപിച്ച്, പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ് ഗണപതിവട്ടം ‘സുല്‍ത്താന്‍സ് ബാറ്ററി’യും ‘ബത്തേരി’യുമായത്.
ടിപ്പുവിന്റെ വരവിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ കുറുമ്പനാട് രാജവംശത്തിന്റെ കാലം മുതലേ ഇന്നത്തെ ബത്തേരി അറിയപ്പെട്ടിരുന്നത് ഗണപതിവട്ടം എന്ന് തന്നെയാണ്. പേര് മാറ്റത്തിന് പിന്നില്‍ ടിപ്പുവിന്റെ പടയോട്ടമാണെന്ന് നിരവധി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മൈസൂര്‍ സുല്ത്താന്മാരായ ഹൈദരലിയും ടിപ്പുവും മലബാറിലേക്കുള്ള പടയോട്ടങ്ങള്‍ നടത്തുന്നതിന് ഏറെ പ്രയോജനപ്പെടുത്തിയ പ്രദേശമാണ് വയനാട്. 1760ല്‍ ഹൈദരാലി മുത്തങ്ങയ്ക്ക് അടുത്ത് എടത്തറ എന്ന പ്രദേശത്താണ് ആദ്യമായി സൈനിക താവളം സ്ഥാപിച്ചത്. പിന്നീട് 1766ന് ശേഷം മൈസൂര്‍ സുല്‍ത്താന്റെ സൈന്യം മലബാറില്‍ എത്തി ചിറക്കല്‍, കോട്ടയം, കടത്തനാട് എന്നീ നാട്ടുരാജ്യങ്ങള്‍ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ 1781ല്‍ ഹൈദരലിയുടെ മകന് ടിപ്പു വയനാട്ടിലേക്ക് എത്തുകയും തന്റെ സമ്പത്ത് വര്‍ധിപ്പിക്കുക എന്ന ഉദേശ്യത്തോടെ മലബാറിലെ തന്നെ വിവിധ രാജ്യങ്ങളും പേരുകേട്ട തറവാടുകളും ക്ഷേത്രങ്ങളും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണങ്ങളോട് അനുബന്ധിച്ച് അനവധി പേരെ മതപരിവര്‍ത്തനത്തിന് ഇരയാക്കുകയും ചെയ്തു.
ആക്രമണങ്ങള്ക്കല്ലാം ടിപ്പു ആസ്ഥാനമാക്കിയത് ഗണപതിവട്ടമായിരുന്നു. ഗണപതിവട്ടത്തിന് സമീപമുണ്ടായിരുന്ന കിടങ്ങനാട് ജൈനക്ഷേത്രം ആക്രമിച്ചു കീഴടക്കി ക്ഷേത്രവും ക്ഷേത്രത്തിന്റെ പരിസപരിസരവും ആയുധപ്പുരയാക്കി മാറ്റുകയായിരുന്നു. ഇവിടെ വെടിമരുന്നുകളും ആയുധങ്ങളും സൂക്ഷിച്ചു. അങ്ങനെ സുല്‍ത്താന്റെ ആയുധ കേന്ദ്രം എന്ന നിലയ്ക്ക് ബ്രിട്ടീഷുകാര്‍ ഗണപതിവട്ടത്തിനെ സുല്‍ത്താന്‍സ് ബാറ്ററി എന്ന് വിളിക്കുകയും കാലക്രമേണ സുല്‍ത്താന്‍ ബത്തേരി ആവുകയും ആയിരുന്നു.
ഗണപതി വട്ടമായിരുന്നു പഴയ പേരെന്ന് ബത്തേരി മുനിസിപ്പാലിറ്റിയുടെ വെബ് സൈറ്റിലുമുണ്ട്. ഹൈദരലിയുടേയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് ഇവിടം ഗണപതിവട്ടമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതി വട്ടമെന്നാക്കി മാറ്റിയത്, വെബ് സൈറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: