തിരുവനന്തപുരം: നാടും നഗരവും ഇളക്കിമറിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ മണ്ഡല പര്യടനം തുടരുന്നു. ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്രവും മമ്മിയൂർ ശിവക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ സ്ഥാനാർത്ഥി നേരെ പര്യടന സ്ഥലമായ കരിക്കകത്ത് എത്തി. അവിടെ എല്ലാ ഒരുക്കങ്ങളുമായി പ്രവർത്തകരും സഞ്ജരായിരുന്നു. വൈകിട്ട് 3.30 ന് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ തൊഴുത് വണങ്ങി കൊണ്ടാണ് പര്യടനം തുടങ്ങിയത്. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റും വനിതാ കമ്മീഷൻ മുൻ അംഗവുമായ പ്രമീളാദേവി പര്യടന ജാഥ ഉദ്ഘാടനം ചെയ്തു.
ഒരു സ്ഥാനാർത്ഥിയെ കുറിച്ച് വോട്ടർ പരിശോധിക്കുമ്പോൾ മൂന്ന് കാര്യങ്ങൾ പ്രധാനമായും വിലയിരുത്തപ്പെടും. സ്ഥാനാർത്ഥിയുടെ വ്യക്തിത്വം, പ്രവർത്ത പദ്ധതികൾ,
കഴിവുകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കും. ഇതിനെല്ലാം യോഗ്യനായ ഒരു സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖറെന്ന് പ്രമീളാ ദേവി പറഞ്ഞു.
താൻ വോട്ട് ചോദിക്കുന്നത് തിരുവനന്തപുരത്തെ വികസനത്തിനു വേണ്ടിയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഞാൻ വിജയിച്ചാൽ അതു ജനങ്ങളുടെ വിജയമാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് വിവി.രാജേഷ്, ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, മണ്ഡലം പ്രസിഡൻ്റ് കരിക്കകം മണികണ്ഠൻ, ആർസി ബീന,ബി ജെ പി നേതാവ് തമ്പാനൂർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന കേന്ദ്രത്തിൽ വൻജനാവലി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു. കരിക്കകത്തെ സ്വീകരണത്തിന് ശേഷം വേളി റെയിൽവ സ്റ്റേഷൻ, വെൺപാലവട്ടം, കുമാരപുരം, കൊച്ചുള്ളൂർ, പോങ്ങുംമൂട് , ആക്കുളം, കുന്നുംപുറം തുടങ്ങിയ കേന്ദ്രങ്ങളിൽ നൂറ് കണക്കിന് പേർ സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തിയിരുന്നു. പുഷ്പവൃഷ്ടിയും വെടിക്കെട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ വരവേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: