ഇടുക്കി: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി സ്ത്രീയുടെ മര്‍ദനമേറ്റ വയോധികന് മരിച്ചു.തൊടുപുഴ മുള്ളരിങ്ങാട് അമ്പലപ്പടി പേങ്ങന് കോളനിയില്‍ പുത്തന്‍പുരയ്ക്കല്‍ സുരേന്ദ്രനാണ് (73) മരിച്ചത്. സുരേന്ദ്രന് രാവിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം തിരികെ ഓട്ടോറിക്ഷയില്‍ മടങ്ങി വരവെ വീടിനടുത്ത് വച്ച് അയല്‍വാസിയായ കല്ലിങ്കല്‍ ദേവകി (62) ഓട്ടോറിക്ഷ തടഞ്ഞു.
ഇതുവഴി വാഹനങ്ങള്‍ പോകാനാകില്ലെന്നും സ്റ്റോപ്പ് മെമ്മോയുള്ളതാണെന്നും പറഞ്ഞായിരുന്നു ഓട്ടോറിക്ഷ തടഞ്ഞത്. ഇതേച്ചൊല്ലി സുരേന്ദ്രനും ദേവകിയും തമ്മില്‍ വഴക്കായി.ഇതിനിടെ ഓട്ടോറിക്ഷയുമായി ഡ്രൈവര്‍ തിരികെ പോയി. ദേവകിയും സുരേന്ദ്രനും തമ്മില്‍ കയ്യാങ്കളിയായതോടെ ഇരുവരും നിലത്ത് വീണു. തുടര്‍ന്ന് ദേവകി എഴുന്നേറ്റ് വീട്ടിലേക്ക് പോയെങ്കിലും സുരേന്ദ്രന് എഴുന്നേല്ക്കാനായില്ല. രണ്ട് മണിക്കൂറോളം സുരേന്ദ്രന് റോഡില്‍ കിടന്നു. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു സ്ഥലത്തെത്തി പൊലീസിനെ വിളിച്ച് ആംബുലന്‍സ് വരുത്തി സുരേന്ദ്രനെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കാളിയാര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി അസ്വഭാവിക മരണത്തിനു കേസ് എടുത്തു. വീണപ്പോഴുണ്ടായ പോറലുകളും വെയിലേറ്റ് കിടന്നുണ്ടായ പൊള്ളലുമാണ് സുരേന്ദ്രന്റെ ശരീരത്തിലുള്ളത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. വ്യാഴാഴ്ച ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ദേവകി പൊലീസ് നിരീക്ഷണത്തില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: