ന്യൂദല്‍ഹി: അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ അറസ്റ്റോടെ കുഴപ്പത്തിലായ ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിലെ മന്ത്രി രാജിവച്ചു. സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദാണ് രാജിവച്ചത്. ആംആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്ന് ആരോപിച്ച് രാജ് കുമാര്‍ പാര്‍ട്ടി അംഗത്വവും രാജിവച്ചു
”സമൂഹത്തിനായി എന്തെങ്കിലും നന്മ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തത്. ദലിത് സംവരണത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ പിന്നിലേക്കു വലിയിരുന്ന ഒരു പാര്‍ട്ടിയുടെ ഭാഗമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ” രാജിക്കു ശേഷം രാജ്കുമാര് പറഞ്ഞു.
അഴിമതിക്കെതിരേ പോരാടാനാണ് താന്‍ എ.എ.പിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ഇന്ന് അതേ എ.എ.പി തന്നെ അഴിമതിയില്‍ മുങ്ങിയെന്നും രാജിവെച്ച ശേഷം രാജ്കുമാര് ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ദളിത് വിരുദ്ധമായി മാറിയെന്നും രാജ്കുമാര് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയില്‍ ഒരു ദളിത് എം.എല്‍.എയോ കൗണ്‍സിലറോ ഇല്ല. ഞാന്‍ അബേദ്കറുടെ തത്വങ്ങള്‍ പിന്തുടരുന്ന വ്യക്തിയാണ്. പക്ഷെ, ഈ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് തനിക്ക് ദളിത് വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും രാജ്കുമാര് പറഞ്ഞു. പാര്‍ട്ടി വിട്ടെങ്കിലും ബി.ജെ.പിയില്‍ പോവില്ലെന്നും രാജ്കുമാര് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: