ഡെറാഡൂൺ: ഉത്തരാഖണ്ഡിലൈ ശ്രീ ഗംഗോത്രി ഘാം വെള്ളിയാഴ്ച തുറക്കും. അക്ഷയതൃതിയ വേളയിൽ 12.25-ഓടെയാകും നട തുറക്കുക. ശ്രീ പഞ്ച് ഗംഗോത്രി ക്ഷേത്ര കമ്മറ്റിയാണ് മെയ് 10-ന് നട തുറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുഖിമഠത്തിൽ നടക്കുന്ന കപടോദ്വൻ ചടങ്ങിന്റെ സമയത്തിലും ക്ഷേത്രകമ്മിറ്റി തീരുമാനമെടുത്തു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെയാകും ചടങ്ങുകൾ നടക്കുക. അതേസമയം മെയ് 12-ന് ശ്രീ ബദരീനാഥ് ധാമിന്റെ നട തുറക്കും. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാകും ഭക്തജനങ്ങൾക്കായി നട തുറക്കുക. മെയ് 10 മുതൽ ശ്രീ കേദാർനാഥിലേക്കുള്ള തീർത്ഥാടന യാത്ര ആരംഭിക്കും. രാവിലെ ഏഴ് മണിയോടെയാകും ഇവിടെ നട തുറക്കുക.
എന്നാൽ യമുനോത്രി ധാമിന്റെ ക്ഷേത്ര നട തുറക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. മുമ്പ് മെയ് 10-ന് നട തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ക്ഷേത്ര കമ്മിറ്റി ഇത് പിന്നീട് മാറ്റുകയായിരുന്നു. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് തീർത്ഥാടന കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്നതാണ് ചോട്ടാ ചാർ ധാം സർക്യൂട്ട്. ശിവ ഭഗവാന് സമർപ്പിച്ചിരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. ആറ് മാസം മാത്രമാണ് ക്ഷേത്രം തുറന്നിരിക്കുക. ഇക്കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ക്ഷേത്രത്തിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: