കൊച്ചി: കാസര്‍കോട് ഗവണ്‍മെന്റ് കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. എം. രമക്കെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ വെളിവായത് എസ്എഫ്‌ഐയുടെ സമ്മര്‍ദ്ദത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഹീനമായ നീക്കങ്ങള്‍. കോടതിയില്‍ രമയ്‌ക്ക് അനുകൂലമായ തീരുമാനമുണ്ടാകുന്നു കണ്ട സര്‍ക്കാര്‍ 2022 ല്‍ കോളജില്‍ പ്രവേശനം നേടുവാന്‍ പരിശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവസാന പ്രവര്‍ത്തി ദിവസം കുറ്റപത്രം നല്‍കിയത്.
സ്ത്രീധന നിരോധന നിയമപ്രകാരവും, റാഗിങ് വിരുദ്ധ ചട്ടപ്രകാരവും രക്ഷിതാക്കള്‍ നല്‍കുന്ന സത്യവാങ്മൂലം കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് മാനദണ്ഡമാണ് എന്നത് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ ബോധിപ്പിച്ചപ്പോള്‍ രക്ഷിതാവിനെ കൊണ്ടുവന്ന് അഡ്മിഷന്‍ എടുത്തുകൊള്ളാം എന്ന് തീരുമാനമെടുത്ത് പോയ വിദ്യാര്‍ത്ഥിനി ബാഹ്യ സമ്മര്‍ദ്ദത്തിന്റെ ഫലമായി പ്രിന്‍സിപ്പാളിനെതിരെ പരാതി നല്‍കുകയായിരുന്നു.
യുജിസി ഉത്തരവിന്റെ ഭാഗമായാണ് റാഗിങ് വിരുദ്ധ സത്യവാങ്മൂലത്തില്‍ രക്ഷിതാവ് ഒപ്പിടേണ്ടത്. ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് പ്രകാരം രക്ഷിതാക്കള്‍ സ്ത്രീധനവിരുദ്ധ സത്യവാങ്മൂലത്തില്‍ ഒപ്പിടണം. ലഹരി ഗവണ്‍മെന്റ് കോളജില്‍ വ്യാപകമാണ് എന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ രക്ഷിതാക്കള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും കോളജില്‍ എത്തണമെന്ന് പിടിഎ തീരുമാനവും എടുത്തിരുന്നു.
പരാതി നല്‍കിയ വിദ്യാര്‍ത്ഥി കോളജില്‍ താത്ക്കാലികമായി പ്രവേശനം നേടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ ഉയര്‍ന്ന ഓപ്ഷന്‍ ഉണ്ടായിരുന്ന തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പിന്നീട് വിദ്യാര്‍ഥിനി പ്രവേശനം നേടുകയും ചെയ്തു. പ്രിന്‍സിപ്പാളിനെതിരെയുള്ള പരാതിയില്‍ തെളിവെന്നുമില്ലാത്ത സാഹചര്യത്തില്‍ കെട്ടിച്ചമച്ചതെന്ന് തോന്നിക്കുന്ന പരാതിയില്‍ വര്‍ഷങ്ങളോളം നടപടിയൊന്നും കൈകൊണ്ടിരുന്നില്ല.
എസ്എഫ്ഐയുടെ പരാതിയില്‍ നിലവിലുള്ള കേസ് പരാജയപ്പെടുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും എന്നുള്ള സാഹചര്യത്തില്‍ 2024 ഫെബ്രുവരി 15ന് കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ അതി വേഗത്തില്‍ രമ ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. മുന്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പ്രത്യേക ഇടപെടലിലൂടെ പ്രൊഫസറായി നിയമിച്ച വ്യക്തിയാണ് രമക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച രജിസ്ട്രാര്‍ ജോബി കെ. ജോസ് എന്ന് ആരോപണമുണ്ട്.
എസ്എഫ്ഐയുടെ നിരന്തരമായ സമ്മര്‍ദ്ദ ഫലമായി ഡോ. രമക്കെതിരെ വകുപ്പുതല നടപടി എടുക്കുവാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാവുകയായിരുന്നുവെന്നാണ് ഹര്‍ജി ഭാഗം വ്യക്തമാക്കിയത്. ഡോ. രമ, സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹിയറിങ്ങിന് മുന്നോടിയായി ഡിവിഷന്‍ ബെഞ്ചില്‍ നിന്നും സ്റ്റേ ലഭിച്ചു. പിന്നീട് ഉള്ള ഹൈക്കോടതി സിറ്റിങ്ങില്‍ രമ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഓപ്പണ്‍ കോടതിയില്‍ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: