പൂനെ : പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിക്ക് വിതരണം ചെയ്ത സമൂസയില്‍ നിന്ന് ഗര്‍ഭ നിരോധന ഉറ, പുകയിലയടങ്ങിയ ഗുഡ്ക, കല്ലുകള്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.റഹീം ഷെയ്ഖ്, അസ്ഹര്‍ ഷെയ്ഖ്, മസര്‍ ഷെയ്ഖ്, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നിവരാണ് കേസിലെ പ്രതികള്‍.
സമൂസ വിതരണം ചെയ്യാനുളള കരാര്‍ നഷ്ടപ്പെട്ട സ്ഥാപനത്തിന്റെ ഉടമകള്‍ പുതുതായി കരാര്‍ ലഭിച്ച സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്ത കുബുദ്ധിയാണ് സംഭവത്തിന് പിന്നില്‍.ഉപ കരാര്‍ ലഭിച്ച സ്ഥാപനത്തിലെ രണ്ട് തൊഴിലാളികള്‍, നേരത്തേ കരാര്‍ നഷ്ടപ്പെട്ട സ്ഥാപനത്തിലെ മൂന്ന് ഉടമകള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കാറ്റലിസ്റ്റ് സര്‍വീസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് പിംപാരി ചിഞ്ച്വാഡ് ആസ്ഥാനമായുള്ള ഓട്ടോമൊബൈല്‍ സ്ഥാപനത്തിന്റെ കാന്റീനില്‍ സമൂസ വിതരണം ചെയ്യാനുളള പുതിയ കരാര്‍ ലഭിച്ചത്. ഇവര്‍ മനോഹര്‍ എന്റര്‍പ്രൈസ് എന്ന മറ്റൊരു സ്ഥാപനത്തിന് സമൂസ വിതരണത്തിനുള്ള ഉപകരാര്‍ നല്‍കുകയായിരുന്നു.
മനോഹര്‍ എന്റര്‍പ്രൈസസിന്റെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നീ രണ്ട് തൊഴിലാളികളാണ് സമൂസയില്‍ ഗര്‍ഭനിരോധന ഉറ, ഗുട്ക, കല്ലുകള്‍ എന്നിവ വച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.മായം കലര്‍ത്തിയതിന് കരാര്‍ റദ്ദാക്കപ്പെട്ട എസ് ആര് എ എന്ന സ്ഥാപനം തങ്ങളുടെ തൊഴിലാളികളായിരുന്ന ഫിറോസ് ഷെയ്ഖിനെയും വിക്കി ഷെയ്ഖിനെയും പുതുതായി കരാര്‍ ലഭിച്ച സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനായി അവിടെ ജോലിക്കയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: