തൃശൂര്‍: പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര് കൃഷ്ണതേജ. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച വോളന്റിയര്‍മാരെ നിയോഗിക്കും. കര്‍ശന നിരീക്ഷണത്തിന് ഓരോ ആനയുടെയും സമീപത്തായി ഒരു വോളന്റിയറുടെ സേവനമുണ്ടാകും. പൊതുജനങ്ങള്‍ ആനകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നടത്തരുത്.
ഘടകപൂരങ്ങള്‍ക്ക് അടക്കം പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്മാരുടെയും പട്ടിക തിരുവമ്പാടി, പാറമേക്കാവ് കമ്മിറ്റിക്കാര് പോലീസ് സൂപ്രണ്ടിന് ഉടനെ ലഭ്യമാക്കണം.
പൂരത്തിന് തലേദിവസം 25 വീതം 50 വെറ്ററിനറി ഡോക്ടര്‍മാരുടെ രണ്ടു സംഘങ്ങള്‍ ആനകളുടെ ആരോഗ്യ പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പാക്കും. മറ്റു രേഖകള്‍ ഫോറസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിലും പരിശോധിക്കും.
തൃശൂര്‍ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്ത പരിചയം, മദകാലം, അനുസരണ, പാപ്പാന്മാരുടെ ലൈസന്‍സ് വിവരങ്ങള്‍, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. എഴുന്നള്ളിപ്പ് ദിവസങ്ങളില്‍ മയക്കുവെടി വിദഗ്ധരുടെ മൂന്ന് സ്ക്വാഡുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.
കടുത്ത വേനലില്‍ ആനകളുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തണം. തണുപ്പ് നിലനിര്‍ത്തുന്നതിന് നിലത്ത് ചാക്കിട്ട് ഇടയ്ക്കിടെ വെള്ളം നനയ്ക്കണം. മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കണം. തണ്ണിമത്തന്, കരിമ്പ് തുടങ്ങിയവ ധാരാളം നല്‍കണം. പൂരത്തോടനുബന്ധിച്ച് ആനകള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ നല്‍കാനുള്ള സൗകര്യവും ഒരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ആന പാപ്പാന്മാര്, കമ്മിറ്റിക്കാര്, ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് കര്‍ശന പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന് വ്യക്തമാക്കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി.മുരളി, എസ്.പി.സി.എ അംഗം ഡോ. പി.ബി ഗിരിദാസ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജിതേന്ദ്രകുമാര്‍, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നോമിനി എം.എന്‍ ജയചന്ദ്രന്, ഫെഡേറേഷന്‍ ഓഫ് സ്റ്റേറ്റ് എലിഫെന്റ് ഓണേഴ്സ് ഓര്‍ഗനൈസിങ് സെക്രട്ടറി കെ. മഹേഷ്, സംസ്ഥാന ആന തൊഴിലാളി യൂണിയന് സെക്രട്ടറി പി.എം സുരേഷ്, സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി. സജീഷ്കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: