ആലപ്പുഴ: തനിക്കെതിരെ ഒരു സ്വകാര്യചാനല്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തതിന്റെ പക പോക്കാനാണെന്ന് ആലപ്പുഴ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുണ്ട് മുറുക്കി ഉടുത്താണ് ആലപ്പുഴയില്‍ ത്രികോണ മത്സരം എന്ന സാഹചര്യം ഉണ്ടാക്കിയത്, വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണം എന്ന് ഒരു ചാനല്‍ മുതലാളി വിളിച്ചുപറഞ്ഞു, വെള്ളാപ്പള്ളി നടേശനെ ഞാന്‍ പുകഴ്ത്തുന്നത് ചാനല്‍ മുതലാളിയെ അപമാനിക്കാന്‍ ആണെന്ന് പറഞ്ഞു, ഞാന്‍ മൂന്നാം സ്ഥാനത്തെത്തും എന്ന് പറയുന്ന ചാനല്‍ സര്‍വേ ആസൂത്രിതമായി ഉണ്ടാക്കിയതാണ്, ശോഭ സുരേന്ദ്രന് കുറ്റപ്പെടുത്തി.
ചാനല്‍ മുതലാളിയുടെ ആള് തന്നെ കാണാന്‍ വന്നിരുന്നു, വെള്ളാപ്പള്ളിയെ തള്ളിപ്പറയണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നല്‍കാമെന്ന് വാഗ്ദാനം നല്കി. വെള്ളാപ്പള്ളി നടേശനെ കൈവിട്ട് കളിച്ചില്ലെങ്കില്‍ പരാജയപ്പെടുത്തുമെന്ന് ഉപദേശ രൂപേണ ഭീഷണിപ്പെടുത്തി. മാധ്യമങ്ങളില്‍ എനിക്കെതിരെ വാര്‍ത്തകള്‍ വരുമെന്ന് മുന്നറിയിപ്പ് നല്കി. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച വ്യാജവാര്‍ത്ത നല്‍കിയത്. ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ ശോഭാസുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയെന്ന കള്ളവാര്‍ത്തയാണ് ആ ചാനല്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ തന്നെ കാണാന്‍ വന്നത് ആരാണെന്നും ഏത് വാഹനത്തിലാണെന്നതും ഉള്‍പ്പടെ വെളിപ്പെടുത്തും.
ഒമ്പത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു, ഒരു മുതലാളിയുടെ അടുത്തും പോയി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം ചോദിച്ചിട്ടില്ല. ആലപ്പുഴയില്‍ ഞാന്‍ വിജയിക്കുമെന്ന് ബോധ്യം വന്നപ്പോഴാണ് എനിക്കെതിരായ നീക്കം, ശോഭ സുരേന്ദ്രന് ആരോപിച്ചു. പത്ര സമ്മേളനത്തില്‍ വികാരഭരിതമായായിരുന്നു ശോഭയുടെ പ്രതികരണം. പിറന്നാള്‍ ദിനമാണെങ്കിലും ചാനലിന്റെ മുന്നില്‍ നിരാഹാരം ഇരിക്കാന്‍ മടിയില്ല. പതിമൂന്ന് വയസുമുതല്‍ ഞാന്‍ ഈ സമൂഹത്തിന് മുന്നിലുണ്ട്. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ആ ചാനലിന്റെ റിപ്പോര്‍ട്ടറിന് എന്നോട് ചോദിക്കാനുള്ള സമയമുണ്ടായിരുന്നു. അതു ചെയ്തില്ല, ശോഭ വിമര്‍ശിച്ചു.
വെള്ളാപ്പള്ളി നടേശന്, ജി. സുകുമാരന്‍ നായര്‍, വി. ദിനകരന് തുടങ്ങി എല്ലാ സമുദായ നേതാക്കളുടെയും, മതമേലദ്ധ്യക്ഷന്മാരുടെയും അനുഗ്രഹം വാങ്ങിയാണ് തെരഞ്ഞെടുപ്പിനെത്തിയത്. കരിമണല്‍ കര്‍ത്തയും കെ.സി. വേണുഗോപാലും പിണറായി വിജയനും ഉള്‍പ്പെടെയുള്ള മുന്നണി തോല്‍പ്പിക്കാനും തകര്‍ക്കാനും ശ്രമിക്കുന്നുണ്ട്. അതിനെയെല്ലാം അവഗണിച്ച് ബിജെപി വിജയം നേടുമെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്, അരുണ്‍ അനിരുദ്ധന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: