ബോംബ് സ്ഫോടനത്തില്‍ മരിച്ചയാളുടെ വീട്ടില്‍ പോയത് മനുഷ്യത്വപരമായ സന്ദര്‍ശനമാണെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനെ രാഷ്ട്രീയപരമായി കാണേണ്ട. ബോംബ് നിര്‍മാണം അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. കുറ്റത്തോട് മൃദുസമീപനവുമില്ല. എന്നാല്‍ ബോംബ് നിര്‍മിക്കുമ്പോള്‍ അത് പൊട്ടി മരിച്ചയാളുടെ വീട്ടില്‍ പോയതില്‍ അസ്വാഭാവികതയില്ല.
നാട്ടിലുള്ള മരണ വീട്ടില്‍ പോകുന്നത് നിഷിദ്ധമല്ല. ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിലും തെറ്റില്ല.ബോംബുണ്ടാക്കുമ്പോള്‍ മരിച്ചയാള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നത് മനുഷ്യത്വപരമായ സന്ദര്‍ശനമാണ്. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന ഏരിയ സെക്രട്ടറിയുടെ അഭിപ്രായേത്താട് യോജിപ്പുമില്ല.
പ്രതികളുടെ രാഷ്ട്രീയം നോക്കേണ്ടെന്ന് കെ.കെ. ശൈലജ
പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ. പാര്ട്ടിയേതെന്ന് നോക്കാതെ അവരെ വെറും ക്രിമിനലുകളായി കണ്ടാല്‍ മതി. സ്ഫോടനത്തില്‍ മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
‘ബോംബ് സ്ഫോടനത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ മരിച്ച വ്യക്തിയെയും പരിക്കേറ്റ വ്യക്തിയെയും പാര്‍ട്ടി നേരത്തെ തള്ളിയിരുന്നു. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം എന്തെന്ന് നോക്കേണ്ട കാര്യമില്ല. സ്ഫോടനത്തില്‍ മരിച്ചെങ്കിലും അവിടെയുള്ള വ്യക്തികള്‍ മരണപ്പെട്ടവരുടെ വീട്ടില്‍ പോകും. ഷെറിന്റെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ പോയതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. സംഭവത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. സംഭവത്തെ വളച്ചൊടിക്കുകയാണ്.
ഡിവൈഎഫ്ഐക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്: വി.കെ. സനോജ്
പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പിടിയിലായവരില്‍ ഡിവൈഎഫ്ഐ ഭാരവാഹികളുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. അമല്‍ ബാബു, സായുജ്, അതുല്‍ എന്നിവരാണ് ഭാരവാഹികള്‍. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ സംഭവമുണ്ടായപ്പോള്‍ മറ്റുള്ളവരെ പോലെ ഇവരും ഓടിക്കൂടിയവരാകാം.
”സ്ഫോടനം നടന്നപ്പോള്‍ ധാരാളം ആളുകള്‍ ഓടിക്കൂടി. അവരുടെ കൂട്ടത്തില്‍ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതൃത്വത്തിലുള്ളവരുമെത്തി. ഈ സംഭവത്തെ മുന്‍നിര്‍ത്തി, ഡിവൈഎഫ്ഐ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് വ്യാപകമായ നിലയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തെറ്റായ പ്രവണതയാണ്.”- സനോജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: