പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്രചട്ടപ്രകാരമാണ് സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുക പരിശോധനയിൽ പരിഷ്‌കരണം വരുത്തിയിരിക്കുന്നത്. മാർച്ച് 17 മുതൽ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് പുക പരിശോധനയിലൂടെ സർട്ടിഫിക്കറ്റ് നേടിയിരിക്കുന്നത്. 8.85 ശതമാനം വാഹനങ്ങളും പുക പരിശോധനയിൽ പരാജയപ്പെട്ടു. 1.6 ശതമാനം വാഹനങ്ങളായിരുന്നു മുമ്പ് പരാജയപ്പെട്ടിരുന്നത്.
മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന സംവിധാനത്തിൽ ആദ്യ രണ്ടാഴ്ച അഞ്ച് ലക്ഷം വാഹനങ്ങൾ പരിശോധിച്ചപ്പോൾ 8,128 എണ്ണം മാത്രമായിരുന്നു പരാജയപ്പെട്ടത്. മാർച്ച് 17-ന് ശേഷം പുതിയ രീതി പ്രാബല്യത്തിൽ വന്നതോടെ 4,11,862 വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ പരാജയനിരക്ക് 35,574 ആണ്.
അന്തരീക്ഷ മലിനീകരണ തോത് കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് ബിഎസ് 4 പെട്രോൾ ഇരുചക്ര-നാലുചക്ര വാഹനങ്ങളിൽ ബഹിർഗമന വാതകങ്ങളുടെ അലവ് വിശകലനം ചെയ്യുന്നത്. ഇന്ധനജ്വലത്തിന്റെ പോരായ്‌മയുണ്ടെങ്കിൽ വാഹനപുക പരിശോധനയിൽ പരാജയപ്പെടും. എയർഫിൽട്ടർ, സ്പാർക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളിൽ മാറാതിരിക്കുന്നതും കാർബറേറ്ററിൽ അടവുണ്ടാകുമ്പോഴും മലിനീകരണത്തിന് കാരണമായേക്കും.
ഇന്ധനക്ഷമത കുറയുന്നതുവഴി വാഹന ഉടമയ്‌ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാൻ ഇടയുണ്ട്. പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടും എത്തിച്ചാൽ പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷ നഷ്ടമാകും. പുകയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാൽ 1,500 രൂപ പിഴ നൽകേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: