കാട്ടാക്കട: ആറ്റിങ്ങലില്‍ നിന്നും ക്യാബിനറ്റ് മന്ത്രി ഉറപ്പെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കാട്ടാക്കട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങലില്‍ രാഷ്ട്രീയമാറ്റം ഉണ്ടാകുന്നതിന്റെ സൂചനയാണ് കാണുന്നതെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു.
മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ ആരാവും ഭരിക്കുക എന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണിയ ശേഷം മാത്രമേ അറിയാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും മോദി പ്രധാനമന്ത്രിയാകുമെന്നും മുഖ്യ എതിരാളികള്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്‍ഡിഎയ്ക്ക് 400ല്‍ അധികവും കോണ്‍ഗ്രസിന് 40 ഉം സീറ്റ് എന്നാണ് എതിരാളികള്‍ പറയുന്നത്. 400നൊപ്പം നില്ക്കണമോ 40 നൊപ്പം നില്ക്കണമോ എന്നാണ് ആറ്റിങ്ങലിലെ വോട്ടര്‍മാര്‍ ചിന്തിക്കേണ്ടതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂര്‍ സുധീഷ് അധ്യക്ഷനായി. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി വി. മുരളീധരന്, ബിജെപി സംസ്ഥാന സമിതി അംഗം മലയിന്‍കീഴ് രാധാകൃഷ്ണന്, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്, ബിജെപി ഏര്യ പ്രസിഡന്റ് ദീപക് വിളപ്പില്‍, മുക്കംപാലമൂട് രാജേഷ്, ചെറുകോട് അനില്‍, ചൊവ്വള്ളൂര്‍ മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: