ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് മുന്‍ ദേശീയ വക്താവ് ഗൗരവ് വല്ലഭ്. കോണ്‍ഗ്രസിന്റെ നടപടികളില്‍ മനം മടുത്ത് കഴിഞ്ഞദിവസം ഗൗരവ് വല്ലഭ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ ഗൗരവ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാര്‍ത്താഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വിമര്‍ശനങ്ങള്‍ അക്കമിട്ട് നിരത്തുന്നത്.
മുന്‍ കേന്ദ്രമന്ത്രിമാരായ ജയറാം രമേഷ്, പി. ചിദംബരം എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരു പറയാതെയായിരുന്നു വിമര്‍ശനം. മുന്‍ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ അസിസ്റ്റന്റുമാരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നതെന്ന് വല്ലഭ് തുറന്നടിച്ചു. ഒരിക്കല്‍ പോലും ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവരാണ് ഇവര്‍.
ഒരു ക്ലാസ് ലീഡര്‍ ആകാനുള്ള തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത ഒരാള്‍ അഞ്ചു തവണ രാജ്യസഭയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. തന്റെ രാജ്യസഭാ സീറ്റ് ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യം. പാര്‍ട്ടിയോട് അദ്ദേഹത്തിന് പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി ഒരേ വ്യക്തിയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് എന്തെങ്കിലും നേട്ടമോ പ്രായോഗിക പ്രാധാന്യമോ ഉണ്ടായിരുന്നെങ്കില്‍ ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ നിരന്തരം കുറയില്ലായിരുന്നു. പി. ചിദംബരത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു ഈ വിമര്‍ശനം. ചിദംബരമായിരുന്നു ഇത്തവണയും കോണ്‍ഗ്രസിന്റെ പ്രകടനപത്രിക രൂപീകരണസമിതി ചെയര്മാന്.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ ക്ലീന്‍ ചിറ്റ് ലഭിച്ചശേഷം അദാനിയെ വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് താന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളോട് ആവശ്യപ്പെട്ടു. പക്ഷേ അവര്‍ അതിന് തയാറായില്ല. അദാനിയും അംബാനിയും കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നും അനര്‍ഹമായ ആനു കൂല്യങ്ങള്‍ സ്വീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവരും അരോപിക്കുന്നു. അദാനിയെയും അംബാനിയെയും രാപ്പകല്‍ വിമര്‍ശിക്കുക എന്നത് കോണ്‍ഗ്രസിന്റെ ശീലമായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ പ്രശ്നങ്ങളോ വോട്ടര്‍മാരുടെ അഭിലാഷങ്ങളോ കോണ്‍ഗ്രസിന് മനസിലാകുന്നില്ല. ഉത്തര്പ്രദേശിനെകുറിച്ചും ബീഹാറിനെക്കുറിച്ചും അറിയാത്തവര്‍ക്കാണ് പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്ക്കുന്നതെന്നും ഗൗരവ് വല്ലഭ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: