കോട്ടയം: യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനായിരുന്ന സജി മഞ്ഞക്കടമ്പിലിന്റെ രാജി തിരിച്ചടിയാകുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ആരോപണങ്ങള്‍ ഉയര്‍ത്തി ജില്ലാ ചെയര്മാന് രാജിവച്ചത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജി യുഡിഎഫ് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. പറഞ്ഞു തീര്‍ക്കാമായിരുന്ന പ്രശ്നങ്ങള്‍ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
എന്നാല്‍ ഉച്ചയ്ക്ക് ശേഷം നടന്ന യുഡിഎഫ് യോഗത്തില്‍ രാജിവച്ച സജിക്ക് പകരം ഇ.ജെ. ആഗസ്തിയുടെ പേര് കേരള കോണ്‍ഗ്രസ് നേതൃത്വം പുതിയ ചെയര്മാന് സ്ഥാനത്തേക്ക് വച്ചു.
ഇപ്പോഴുണ്ടായ സംഭവങ്ങള്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണെന്നും അവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറഞ്ഞു തീര്‍ക്കട്ടെയെന്ന നിലപാടാണ് ചര്‍ച്ചക്ക് ശേഷം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് സജി മഞ്ഞക്കടമ്പില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ അസ്തമിച്ചു. സജി മടങ്ങിവന്നാല്‍ പിന്നീട് ആലോചിക്കാമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞത്. സജിക്ക് പകരം കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ. ആഗസ്തിയെ പുതിയ ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ സജി മഞ്ഞക്കടമ്പില്‍ കഴിഞ്ഞ ദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. മോന്‍സ് ജോസഫ് ഉള്ള പാര്‍ട്ടിയിലേക്കും മുന്നണിയിലേക്കും ഇനിയില്ലെന്നാണ് അദ്ദേഹം ഇന്നലെയും മാധ്യമങ്ങളോട് പറഞ്ഞത്.
യുഡിഎഫില്‍ നിന്ന് രാജിവെച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ. മാണി ഇന്നലെ രംഗത്തുവന്നു. സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകന്‍ ആണെന്നും പൊളിറ്റിക്കല്‍ ക്യാപ്റ്റന്‍ ആണ് പുറത്ത് വന്നതെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പരാമര്‍ശം. യുഡിഎഫിന്റെ പതനമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിയുടെ നീക്കം സജിയെ കേരള കോണ്‍ഗ്രസ് എമ്മില്‍ തിരികെ എത്തിക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: