ആറു വര്‍ഷക്കാലം കണ്ണൂര്‍ ജില്ലയില്‍ പഴക്കം ആയപ്പോള്‍ എനിക്ക് ഭാസ്കര്‍ റാവുവിന്റെ കത്തുവന്നു. തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വരിക കോട്ടയം ജില്ലയില്‍ ആയിരിക്കുമെന്നും കണ്ണൂരില്‍ വരുന്ന പി. രാമചന്ദ്രനെ അവിടുത്തെ ശാഖകളില്‍ പരിചയപ്പെടുത്തിയ ശേഷം പുറപ്പെട്ടാല്‍ മതിയെന്നും ആയിരുന്നു നിര്‍ദ്ദേശം. ഇത്രയും നാള് ഒരുമിച്ചു പ്രവര്‍ത്തിച്ചവരെ വിട്ടുപോരേണ്ടി വരുമെന്ന് ഓര്‍ത്തപ്പോള്‍ മനസ്സില്‍ വിമ്മിഷ്ടം ഉണ്ടായെങ്കിലും എല്ലാ ശാഖകളിലേക്കും വിവരമറിയിച്ചു. അതോടെ രാഷ്ട്ര മന്ദിരം എന്ന കണ്ണൂര്‍ കാര്യാലയത്തിലേക്ക് സ്വയംസേവകരുടെ പ്രവാഹമായി.
അതിനിടെ രാമചന്ദ്രന് എത്തി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന കണ്ണൂര്‍ സ്വയംസേവകരുടെ ഒരു ദിവസത്തെ സഹല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഭാസ്കര്‍ റാവുവിനോടൊപ്പം രാമചന്ദ്രനും ഉണ്ടായിരുന്നു. അവിടെ വൈകാരികമായ വിധത്തില്‍ റാണാപ്രതാപന്റെ കഥ പറഞ്ഞ അദ്ദേഹത്തെ അവര്‍ പരിചയപ്പെട്ടിരുന്നു. അന്ന് ആഗസ്റ്റ് 15 ആയിരുന്നതിനാല്‍ ത്രിവര്‍ണ്ണപതാകയുമായി സൈക്കിളിലാണ് കണ്ണൂരില്‍ നിന്ന് സ്വയംസേവകര്‍ വന്നത്. അതുകഴിഞ്ഞ് ഭാസ്കര്‍ റാവും രാമചന്ദ്രനും ഞാനും ഒരുമിച്ച് വടകരയ്ക്ക് പോയി. വടകര പണ്ടൊക്കെ സംഘത്തെ സംബന്ധിച്ചിടത്തോളം ‘ഹാര്‍ഡ് നട്ട് ടു ക്രാക്ക്’ എന്നു പറയുന്നതുപോലെ ആണ് കരുതപ്പെട്ടിരുന്നത്. എങ്കിലും അവിടുത്തെ അടയ്ക്കാതെരുവില്‍ ഒരു സംഘം പേരെ സംഘത്തില്‍ കൊണ്ടുവരാനും അവരില്‍ ചിലരെ എറണാകുളത്ത് ഗേള്‍സ് സ്കൂളില്‍ നടത്തപ്പെട്ട പ്രാന്തിയ ശിബിരത്തില്‍ പങ്കെടുപ്പിക്കാനും സാധിച്ചിരുന്നു.
ആ ശിബിരത്തില്‍ മുഴുവന്‍ സമയവും ശ്രീ ഗുരുജിയും പങ്കെടുത്തു. ശിബിരത്തോട് അനുബന്ധിച്ചു നടന്ന പഥസഞ്ചലനത്തെ ചില കമ്മ്യൂണിസ്റ്റുകാര്‍ കൂക്കിവിളിക്കുകയും അവരില്‍ ഒരാള്‍ സഞ്ചലനത്തെ മുറിച്ചുകടക്കുകയും ഉണ്ടായി. അകമ്പടി നടന്ന സ്വയംസേവകര്‍ അയാളെ പിടികൂടി ശിബിരത്തിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് പുറത്ത് സഖാക്കള്‍ തടിച്ചുകൂടി അക്രമാസക്തരായി. പോലീസ് സൂപ്രണ്ടും മറ്റുമെത്തി സമാധാന ശ്രമം നടത്തി. അതിനിടെ ആ അക്രമിയുടെ അച്ഛനാരെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹത്തെ ശിബിരത്തില്‍ വരുത്തി മുതിര്‍ന്ന സംഘാധികാരികള്‍ സംസാരിച്ചു. തുടര്‍ന്ന് മകനെകൊണ്ട് സംഘചാലകനോട് ഖേദം പ്രകടിപ്പിക്കുകയും പ്രശ്നം അവസാനിപ്പിക്കുകയും ആയിരുന്നു.
ഏതായാലും ആ ശിബിരം കേരളത്തിലെ സംഘ വളര്‍ച്ചയുടെ ഒരു ചവിട്ടുപടിയായി തീര്‍ന്നു എന്ന പ്രതീതിയുണ്ടാക്കി. 1964 ആയപ്പോഴേക്കും പുതിയ ഉണര്‍വ് എല്ലായിടത്തും ഉണ്ടായി. എനിക്ക് കോട്ടയത്തേക്ക് പോകാനുള്ള ദിവസമായി. ഭാസ്കര്‍ജിയായിരുന്നു അവിടെ ജില്ല പ്രചാരകന്. വാഴൂര്‍ ആശ്രമം വക സ്കൂളിലും പൊന്‍കുന്നത്തെ മണപ്പള്ളി സ്കൂളിലും അധ്യാപകനായും ഭാസ്ക്കര്‍ജി പ്രവര്‍ത്തിച്ചു. സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് വേതനം വളരെ കുറവായിരുന്നു. ഫീസ് പിരിവിന്റെ 80 ശതമാനം ഖജനാവില്‍ അടച്ചാല്‍ മുഴുവന്‍ അധ്യാപകര്‍ക്കും സര്‍ക്കാര്‍ നിരക്കില്‍ വേതനം നല്കാന് മിക്ക സ്വകാര്യ വിദ്യാലയ മാനേജര്‍മാരും സന്നദ്ധരായി. പൊന്‍കുന്നം സ്കൂളിന്റെ ഉടമസ്ഥന് ആയിരുന്ന മണപ്പള്ളി രാമകൃഷ്ണപിള്ള അതിനു തയ്യാറായില്ല. അദ്ദേഹം സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുത്തു. പക്ഷേ കെട്ടിടം അദ്ദേഹം വിട്ടു കൊടുത്തില്ല. അധ്യാപകരെ സര്‍ക്കാര്‍ സര്‍വീസില്‍ എടുക്കുകയും വേറെ ഏര്‍പ്പാട് ഉണ്ടാക്കി സ്കൂള്‍ സര്‍ക്കാര്‍ നടത്തുകയും ചെയ്തു . 1964 ല്‍ ഞാന്‍ കോട്ടയത്ത് എത്തുന്നതുവരെ ഭാസ്കര്‍ജി പ്രചാരകനായി കോട്ടയത്ത് തുടര്‍ന്നു. ഞാന്‍ കോട്ടയത്ത് എത്തിയ ദിവസം വി പി ജനാര്‍ദ്ദനനും അവിടേക്ക് വിഭാഗ് പ്രചാരകനായി പോകുന്ന ഹരിയേട്ടനും എത്തി. പിന്നീട് ഹരിയേട്ടന് എറണാകുളം കേന്ദ്രമാക്കി ദക്ഷിണ കേരള വിഭാഗിലായി. തൃശൂര്കാരന് മാധവനുണ്ണി, ആലപ്പുഴക്കാരന് അപ്പുക്കുട്ടന്, തിരുവനന്തപുരത്തെ പത്മനാഭന് എന്നിവരായിരുന്നു ജില്ലയിലെ മറ്റു പ്രചാരകര്‍. അവരൊക്കെ ഒന്നും രണ്ടും വര്‍ഷങ്ങളായി കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിച്ചു വന്നവരാണ്. പത്മനാഭന് ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള ആളായിരുന്നു. കവിതാവാസനയും ഉണ്ടായിരുന്നു. ആത്മീയ കാര്യങ്ങളില്‍ മാധവജി ആയിരുന്നു വഴികാട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
വൈക്കത്ത് ഉദയനാപുരത്തിനടുത്ത് മുഴയക്കോടത്ത് മഠത്തിന്റെ ചാവടി പോലുള്ള മുറിയില്‍ ആയിരുന്നു കാര്യാലയം. വൈക്കം മഹാദേവക്ഷേത്രത്തിന് സമീപം സൗകര്യമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അന്ന് ഗോപകുമാര്‍ വൈക്കത്ത് വന്നിട്ടില്ല. അദ്ദേഹം അച്ഛനോടൊപ്പം ആലപ്പുഴയില്‍ ആയിരുന്നു താമസിച്ചതും പഠിച്ചതും എല്ലാം. അന്നത്തെ കോട്ടയം ജില്ല വടക്കന്‍ പറവൂര്‍ മുതല്‍ കുമളി വരെ വ്യാപിച്ചിരുന്നു. പഴയ തിരുവിതാംകൂറിന്റെ 60 ശതമാനമായിരുന്നു അത്. ഹൈറേഞ്ച് മേഖലയില്‍ ശാഖ പ്രവര്‍ത്തനം എത്തിയിട്ടില്ലായിരുന്നു.
ഹരിയേട്ടന് വിഭാഗ് പ്രചാരകനായി എത്തി എല്ലാ സ്ഥലങ്ങളും ശാഖകളും പരിചയപ്പെടാന്‍ ഒരുമിച്ചു പോയി. എനിക്കും അത് പരിചയ യാത്രതന്നെയായി. സ്വയംസേവകരുടെ വീടുകളില്‍ പോകുമ്പോള്‍ ഹൃദയംഗമമായ പെരുമാറ്റം ലഭിച്ചിരുന്നു. നമ്മുടെ പെരുമാറ്റം, പ്രത്യേകിച്ചും സ്ത്രീകളുടെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാകും. ഓരോരുത്തരുടെയും ജാതിയേതെന്ന് അവര്‍ ഊഹിച്ചെടുക്കും. അതിനെ അതിജീവിച്ചയാള്‍ ആയിരുന്നു അപ്പുക്കുട്ടന്. അദ്ദേഹത്തെ പലരും അപ്പുക്കുട്ടന് നായര്‍ എന്ന് വിളിച്ചു വന്നു. അദ്ദേഹത്തിന്റെ ഗാനാലാപനവും ഭജനകളും എല്ലാവരെയും ലയിച്ചുചേരത്തക്ക വിധം ഹൃദയംഗമമായിരുന്നു.
1964ന് ശേഷമുള്ള കാലം രാജ്യസ്നേഹത്തിന്റെ അലയടി എങ്ങും വ്യാപിച്ചിരുന്നു. പാക്കിസ്ഥാനുമായി ഉണ്ടായ യുദ്ധവും അതില്‍ അവരുടെ പരാജയവും റഷ്യന്‍ പ്രസിഡന്റ് അലക്സി കോസിജിന് ഇരു പ്രധാനമന്ത്രിമാരെയും ക്ഷണിച്ചുവരുത്തി താഷ്കന്റില്‍ ചര്‍ച്ച നടത്തിയതും, കരാര്‍ ഒപ്പിട്ട രാത്രിയില്‍ തന്നെ നമ്മുടെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്തരിച്ചതും ഒക്കെ ഭാരതീയരുടെ മനഃസാക്ഷിയെ പിടിച്ചു കുലുക്കുന്നതായിരുന്നു. അതിനുശേഷം ജനങ്ങള്‍ക്കിടയില്‍ സിവില്‍ ഡിഫന്‍സ് പരിശീലനം നടത്താന്‍ സര്‍ക്കാര്‍തലത്തില്‍ വലിയ ശ്രമങ്ങള്‍ ഉണ്ടായി. പ്രഥമ ശുശ്രൂഷ, അച്ചടക്ക പരിശീലനം മുതലായ കാര്യങ്ങള്‍ പരിശീലിപ്പിക്കാന്‍ കളക്ടര്‍മാര്‍ താല്‍പ്പര്യമെടുത്തു. കോട്ടയത്ത് പ്രചാരകനായിരുന്നു മാധവന് ഉണ്ണി കളക്ടറെ പോയി കാണുകയും, സംഘ സ്വയംസേവകരെ പരിശീലനത്തിന് സൗകര്യപ്പെടുത്താമോ എന്ന് ആരായുകയും ചെയ്തു. സംഘത്തിന്റെ പ്രവര്‍ത്തകര്‍ സ്വമേധയാ വന്നതില്‍ കളക്ടര്‍ സന്തുഷ്ടനായി. ഏതാനും ആഴ്ചകള്‍ അദ്ദേഹം ആ പരിപാടിയില്‍ പങ്കെടുത്തു.
ആയിടെ ആകാശവാണി ഏതാനും ദേശഭക്തിഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചെറു പുസ്തകം പുറത്തിറക്കി. ഇത്തരം സാഹിത്യം പിആര്‍ഡി ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ് പതിവ്. അതില്‍ പ്രൊഫ. ഒ.എന്‍.വി. കുറുപ്പ് എഴുതിയ ഗാനങ്ങളും ഉണ്ടായിരുന്നു. അവയില്‍ പലതും സംഘ ശാഖയില്‍ പാടാന്‍ പറ്റിയതാണെന്ന് മാധവനുണ്ണിക്ക് തോന്നി. ഹരിയേട്ടന് വരുമ്പോള്‍ കാര്യം അവതരിപ്പിക്കാമെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. പദങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ഉചിതമായി വിന്യസിക്കുന്നതിലും ഒഎന്‍വിയുടെ പ്രാഗല്ഭ്യം പ്രസിദ്ധമാണല്ലോ. അത് വായിച്ചു കഴിഞ്ഞ് ഹരിയേട്ടന് രണ്ടുമൂന്നു ഗാനങ്ങള്‍ പ്രത്യേകം തിരഞ്ഞെടുത്തു. സമാനമായ വരികള്‍ ഉള്ള ഹിന്ദി ഗണഗീതങ്ങളുടെ ഈണത്തില്‍ അവ പാടി ശരിയാക്കി. കൂരോപ്പട, ആനിക്കാട്, ഇളങ്ങുളം, തമ്പലക്കാട് എന്നീ സ്ഥലങ്ങളിലെ വീടുകളിലും സംഘസ്ഥാനുകളിലും ആണ് അവ പാടിത്തെളിച്ചത്. ഒഎന്‍വിയുടെ വരികളിലെ ചില വാക്കുകളില്‍ മാറ്റം വരുത്തി പുതിയ പദങ്ങള്‍ ഉപയോഗിച്ചു നോക്കി.
ഇത് ഗാനാഞ്ജലിയില്‍ ചേര്‍ക്കാനും അച്ചടിക്കാനും പ്രൊഫ. കുറുപ്പിന്റെ അനുവാദം വേണമെന്ന് ഹരിയേട്ടന് നിശ്ചയിച്ചു. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ ആയിരുന്ന സ്വയംസേവകരെ അതിന് ചുമതലപ്പെടുത്തി. സംഘത്തില്‍ തന്റെ പാട്ടുകള്‍ ആലപിക്കാനുള്ള നിര്‍ദ്ദേശം അദ്ദേഹം വളരെ അഭിമാനപൂര്‍വ്വം സ്വീകരിച്ചു. വാക്കുകളുടെ മാറ്റത്തെ ഏറ്റവും ഉചിതം എന്ന് സമ്മതിക്കുകയും ഉണ്ടായി.
അടുത്ത സംഘശിക്ഷ വര്‍ഗ്ഗ പാലക്കാട് നൂറണി സ്കൂളിലായിരുന്നു അവിടുത്തെ ആദ്യ ഗണഗീതം ‘നമ്മെ വിളിപ്പൂ നമ്മെ വിളിപ്പൂ നല്ല ഹൈമവത ഭൂമി’ എന്ന് ആരംഭിക്കുന്നതായിരുന്നു. അതു പാടിക്കൊടുത്തത് ആദ്യം രാധാകൃഷ്ണ ഭട്ട്ജി ആയിരുന്നെങ്കിലും തുടര്‍ന്ന് ആ സ്ഥാനം പ്രചാരകനായിരുന്ന ആലപ്പുഴയിലെ സനല്‍കുമാര്‍ ഏറ്റെടുത്തു. തമിഴ് സ്വയംസേവകരുടെ നാവിനു വഴങ്ങാത്ത പല വാക്കുകളും ഉണ്ടായിരുന്നെങ്കിലും സനലിന്റെ ഗീതസാമര്‍ത്ഥ്യം അവര്‍ക്ക് ഇഷ്ടമായി. അദ്ദേഹത്തെ അവര്‍ നമ്മെ വിളിപ്പൂജി എന്ന് വിളിച്ചുവന്നു. ഹരിയേട്ടന് കൈവച്ച് വിജയിക്കാത്ത മേഖലയില്ല എന്നതിന് ഒരു ഉദാഹരണം കൂടിയായി ഇതിനെ കണക്കാക്കാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: